ട്രാന്‍സ്‌ജെന്‍ഡേഴ്സിന്‍റെ പ്രശ്നങ്ങള്‍ രഞ്ജിത് സിനിമയാക്കുമോ?

Webdunia
ശനി, 17 മാര്‍ച്ച് 2012 (14:02 IST)
PRO
മലയാളത്തില്‍ പുതു പരീക്ഷണങ്ങളുമായി സംവിധായകന്‍ രഞ്ജിത് മുന്നേറുകയാണ്. ഒടുവില്‍ സംവിധാനം ചെയ്ത ‘ഇന്ത്യന്‍ റുപ്പി’ എന്ന ചിത്രം മലയാളത്തിലെ ഏറ്റവും മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം നേടി. ഇനി മോഹന്‍ലാലിന്‍റെ സ്പിരിറ്റ്, വിവാദവിഷയം കൈകാര്യം ചെയ്യുന്ന ‘ലീല’ എന്നിവയാണ് രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രങ്ങള്‍. അതിന് ശേഷം മമ്മൂട്ടി ഡ്രൈവറായി അഭിനയിക്കുന്ന സിനിമ തുടങ്ങും.

എന്നാല്‍ പുതിയൊരു വിശേഷം, തമിഴകത്തെ ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റും എഴുത്തുകാരിയും സിനിമാക്കാരിയുമായ കല്‍ക്കി സുബ്രഹ്മണ്യത്തിന്‍റെ മലയാള പ്രവേശനത്തെക്കുറിച്ചാണ്. ട്രാന്‍സ്ജെന്‍ഡേഴ്സിന്‍റെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്ന ഒരു സിനിമ കല്‍ക്കി മലയാളത്തില്‍ എടുക്കാന്‍ ഉദ്ദേശിക്കുന്നു. തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞു.

രാംകന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ എം എസ് ഹാലിനാണ് ചിത്രം നിര്‍മിക്കുന്നത്. ഈ സിനിമ മലയാളത്തില്‍ രഞ്ജിത് സംവിധാനം ചെയ്യണമെന്നാണ് നിര്‍മ്മാതാവ് ആഗ്രഹിക്കുന്നത്. വ്യത്യസ്തമായ സിനിമകളെടുക്കാന്‍ താല്‍പ്പര്യം കാട്ടുന്ന രഞ്ജിത് ഈ സിനിമ ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കാം.

ട്രാന്‍സ്‌ജെന്‍ഡേഴ്സിന്‍റെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത തമിഴ് ചിത്രം ‘നര്‍ത്തകി’യില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത് കല്‍ക്കിയായിരുന്നു.