ചിത്രങ്ങള്‍ കൂടുന്നു, ആഷിനു സമയമില്ല

Webdunia
IFMIFM
പ്രൊഫഷണലായും വ്യക്തിപരമായും കാലം അനുകൂലമായിരിക്കുന്ന ഐശ്വര്യാ റായിക്ക് ഒന്നിനും സമയം തികയുന്നില്ല. ആഷിന്‍റെ ഈ സമയക്കുറവ് മൂലം അവര്‍ക്ക് കിട്ടിയിരിക്കുന്ന മികച്ച രണ്ട് അവസരങ്ങളില്‍ ഒന്ന് നഷ്ടപ്പെടുത്തണം എന്ന സ്ഥിതിയിലാണ്. തമിഴ് സംവിധായകരായ ശങ്കറിന്‍റെയും മണിരത്‌നത്തിന്‍റെയും പ്രൊജക്‍ടുകളാണ് ആഷിന്‍റെ മുന്നില്‍.

ഇന്ത്യന്‍ സിനിമയിലെ തന്നെ അതികായന്‍‌മാര്‍ രണ്ട് പേരും ആഷിനെ നായികയാക്കിയാണ് ചിത്രം പദ്ധതി ഇട്ടിരിക്കുന്നത്. രണ്ടു പേരും സുഹൃത്തുക്കളായതിനാല്‍ രണ്ട് പേരെയും ആഷിനു പിണക്കാനും വയ്യ. മോഹന്‍ലാല്‍ നായകനായ ഇരുവറിലൂടെ ആഷിനെ അഭിനയമാണ് തട്ടകമെന്ന തിരിച്ചറിവ് നല്‍കിയത് മണിരത്‌നം ആയിരുന്നു.

അതേ സമയം തന്നെ ലോകത്തിലെ എട്ടാമത്തെ അത്ഭുതമാക്കി ആഷിനെ ജീന്‍സിലൂടെ അവതരിപ്പിച്ചത് ശങ്കര്‍ അല്ലാതെ മറ്റാരും അല്ലായിരുന്നു. രജനികാന്ത് നായകനാകുന്ന റോബോട്ട് എന്ന ചിത്രത്തില്‍ ആഷിനെ നായികയാക്കിയാല്‍ എന്തെന്ന തോന്നലാണ് ശങ്കറിന്. മണിരത്നം തമിഴില്‍ വിക്രമിനെ നായകനാക്കുന്ന ചിത്രത്തിലേക്കാണ് ക്ഷണിച്ചിരിക്കുന്നത്.

ഹിന്ദിയിലും നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ നായകന്‍ അഭിഷേക് ബച്ചനാണ്. രണ്ട് ചിത്രങ്ങളും ഷൂട്ടിംഗിന് മുമ്പുള്ള ജോലികളില്‍ വ്യാപൃതമായിരിക്കുക ആണ്. സെപ്തംബറില്‍ ഷൂട്ടിംഗ് തുടങ്ങാനാണ് പദ്ധതി. ഭര്‍ത്താവിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനുള്ള തത്രപ്പാടില്‍ ആഷ് മണിയുടെ ചിത്രത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കിയേക്കാം.

റോബോട്ടിനായി രണ്ട് വര്‍ഷത്തെ സമയമാണ് ശങ്കര്‍ ചോദിക്കുന്നത്. മാത്രമല്ല, ആഷിന്‍റെ തടി കുറച്ച് ലുക്കില്‍ അടിമുടി മാറ്റം വരുത്താനും നിര്‍ദേശിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ ഈ ചിത്രം ആഷ് ഒഴിവാക്കിയേക്കാം. അതേസമയം രജനികാന്തുമായി ഒന്നിച്ച് ഒരു ചിത്രം ചെയ്യാനുള്ള അവസരം ആഷിനു നഷ്ടമാകുമെന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍.

അതേ സമയം ആഷിനെ നഷ്ടമാകുന്ന സ്ഥിതിയില്‍ പകരം ദീപികാ പദുക്കോണിനെ പരിഗണിച്ചേക്കാമെന്നാണ് മണിയുടെ പാളയത്തില്‍ നിന്നും കേള്‍ക്കുന്ന വാര്‍ത്തകള്‍. ഇതേ പ്രശ്‌നം തന്നെ ഝാന്‍സി കി റാണി എന്ന സിനിമയുമായി ബന്ധപ്പെട്ടും ആഷ് അഭിമുഖീകരിക്കുന്നുണ്ട്. ഇവിടെയും പകരക്കാരിയുടെ ഓഫര്‍ ദീപികയ്ക്കാണ് ചെന്നിരിക്കുന്നത്.