കരീനയ്ക്ക് പിറന്നാളിന് രണ്ട് ആഘോഷം

Webdunia
തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2009 (13:01 IST)
IFM
ബോളിവുഡിന്റെ സ്വന്തം കരീന കപൂറിന് ഇന്ന് പിറന്നാള്‍. ബേബോയ്ക്ക് സെപ്തംബര്‍ 21ന് 29 വയസ് തികയുന്നു.

ഇത്തവണ കരീന പിറന്നാളോഘോഷവും ഈദ് ആഘോഷവും ഒരുമിച്ചാണ് നടത്തുന്നത്. ആഘോഷങ്ങള്‍ക്കായി കരീനയും സുഹൃത്ത് സെയ്ഫ് അലി ഖാനും ശനിയാഴ്ച ഉച്ചയ്ക്ക് തന്നെ ഉദയ്പൂരിലെത്തി.

ഉദയ്‌വിലാസ് ഹോട്ടലിലിലാണ് ബോളിവുഡ് ജോഡികള്‍ താമസിക്കുന്നത്. ആഘോഷങ്ങള്‍ക്ക് ഒപ്പം ഇവര്‍ കിംഗ്ഫിഷര്‍ മാഗസിനു വേണ്ടിയുള്ള ഫോട്ടോ ഷൂട്ടിലും പങ്കെടുക്കുമെന്നാണ് സൂചന. പിറന്നാള്‍ ആഘോഷ പരിപാടികളെ കുറിച്ച് വ്യക്തമായ വിവരങ്ങളില്ല.

ഇത്തവണ കരീന പിറന്നാള്‍ ആഘോഷങ്ങള്‍ക്കായി സമയം നീക്കിവയ്ക്കില്ല എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ‘3 ഇഡിയറ്റ്സ്’ എന്ന സിനിമയുടെ തിരക്കുപിടിച്ച ഷൂട്ടിനിടയിലും ബേബോ പിറന്നാള്‍ ആഘോഷിക്കാന്‍ സമയം കണ്ടെത്തിയിരിക്കുകയാണ്.