ഐശ്വര്യയ്ക്ക് തിരക്കോടു തിരക്ക്

Webdunia
തിങ്കള്‍, 23 മാര്‍ച്ച് 2009 (18:30 IST)
IFMIFM
വിവാഹിതയായിക്കഴിഞ്ഞാല്‍ പിന്നെ നടികള്‍ക്ക് തിരക്കു കുറയുമെന്നാണ് ആരാണ് പറഞ്ഞത്? നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി ഈ വാദത്തെ സാധൂകരിക്കാന്‍ ഏവരും ശ്രമിച്ചേക്കാം. എന്നാല്‍, ഇത് തെറ്റാണെന്ന് തെളിയിക്കുകയാണ് താരസുന്ദരി ഐശ്വര്യാ റായി. ഐശ്വര്യയ്ക്ക് ഇപ്പോള്‍ തിരക്കോടു തിരക്കാണ്. ഒരുപക്ഷേ, വിവാഹിതയാകുന്നതിന് മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ സിനിമകളാണ് ഐശ്വര്യയെ തേടി ഇപ്പോള്‍ വരുന്നത്. ഇതിന്‍റെ രഹസ്യമറിയാതെ അസൂയപ്പെടുകയാണത്രേ വിവാഹിതരായ ശേഷം രംഗം വിടേണ്ടി വന്ന മറ്റ് നായികമാര്‍.

ഇപ്പോള്‍ മണിരത്നത്തിന്‍റെ രാവണയില്‍ നായികയായി അഭിനയിക്കുകയാണ് ഐശ്വര്യ. വിശാല്‍ ഭരദ്വാജ്, റിതുപര്‍ണഘോഷ്, അഭിനവ് ഡിയോ, വിപുല്‍ ഷാ എന്നിവരുടെ സിനിമകളില്‍ ഐശ്വര്യ കരാറായിട്ടുണ്ട്. ഈ സിനിമകളോരോന്നും തനിക്ക് വെല്ലുവിളിയുയര്‍ത്തുന്നതാണെന്ന് ആഷ് പറയുന്നു.

“റിതുപര്‍ണഘോഷുമായി ഇത് മൂന്നാം തവണയാണ് ഞാന്‍ ഒത്തുചേരുന്നത്. ചോക്കര്‍ബാലി, റെയിന്‍‌കോട്ട് എന്നീ മുന്‍‌ചിത്രങ്ങള്‍ ഹിന്ദിയിലും ബംഗാളിയിലും ചിത്രീകരിച്ചിരുന്നു. ഞങ്ങളുടെ അടുത്ത ചിത്രവും രണ്ടുഭാഷകളില്‍ ചിത്രീകരിക്കും. ഈ സിനിമയും ഒരു വെല്ലുവിളിയായിരിക്കും. അഭിനയ് ഡിയോയുടെ ചിത്രത്തില്‍ അഭിഷേകും അഭിനയിക്കുന്നുണ്ട്. എന്നാല്‍ ഞാനും അഭിയും ഒരുമിച്ച ഗുരു, ധൂം 2, സര്‍ക്കാര്‍ രാജ് എന്നിവയില്‍ നിന്നൊക്കെ വ്യത്യസ്തമായിരിക്കും ഈ ചിത്രം. മണിരത്നയുടെ രാവണയില്‍ നിന്നും ഈ ചിത്രം വേറിട്ടു നില്‍ക്കും. ഞാനും അഭിയും ഒരുമിക്കുമ്പോള്‍ ഞങ്ങള്‍ സ്വയം നവീകരിക്കേണ്ടത് ഓരോ പ്രൊജക്ടിലും ആവശ്യമാണ്” - ഐശ്വര്യ തന്‍റെ വെല്ലുവിളികളെക്കുറിച്ച് വ്യക്തമാക്കുന്നു.

വിപുല്‍ ഷായുടെ അടുത്ത ചിത്രത്തില്‍ അക്ഷയ് കുമാറിന്‍റെ നായികയാണ് ഐശ്വര്യ അഭിനയിക്കുന്നത്. കാക്കിയ്ക്ക് ശേഷം അക്ഷയും ആഷും ഒന്നിക്കുകയാണ് ഈ സിനിമയിലൂടെ. ബോളിവുഡിന് എന്നും വ്യത്യസ്തതകള്‍ മാത്രം സമ്മാനിക്കുന്ന വിശാല്‍ ഭരദ്വാജിന്‍റെ സിനിമയാണ് ഐശ്വര്യയുടേതായി പ്രേക്ഷകരെ തേടിയെത്തുന്ന മറ്റൊരു സിനിമ.

“വിശാല്‍ സംഗീത സംവിധായകനായിരിക്കുമ്പോള്‍ തന്നെ ഒരു സിനിമ ചെയ്യണമെന്ന് ഞങ്ങള്‍ മനസില്‍ ഉറപ്പിച്ചിരുന്നു. എന്തുകൊണ്ടോ ആ പ്രൊജക്ട് നടന്നില്ല. അന്ന് ഞാന്‍ വിശാലിന് വാക്കു നല്‍കിയതാണ്, അദ്ദേഹം സംവിധായകനാകുമ്പോള്‍ ഒരു ചിത്രത്തില്‍ നായികയായി ഞാന്‍ വരുമെന്ന്. ഇപ്പോള്‍ ഞങ്ങള്‍ക്കിരുവര്‍ക്കും ഏറെ താല്‍‌പര്യമുള്ള ഒരു പ്രൊജക്ട് നടക്കാന്‍ പോകുന്നു.” - ഐശ്വര്യ പറയുന്നു.