എല്ലാരും പറയും പോലെ ശ്രുതി ഹാസനും!

Webdunia
ഞായര്‍, 22 ജൂലൈ 2012 (17:38 IST)
PRO
PRO
കേരളത്തില്‍ തുണിക്കടയുടെയും സ്വര്‍ണക്കടയുടെയും ഉദ്ഘാടന ചടങ്ങില്‍ അന്യാഭാഷ താരങ്ങളെ കൊണ്ടുവരുന്നത് ഒരു ഫാഷനായിരിക്കുകയാണ്. കോട്ടയത്തെ ഒരു തുണിക്കട ഉദ്ഘാടനം ചെയ്യാന്‍ വന്ന് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരുഖ് ഖാന്‍ പുലിവാല് പിടിച്ചത് വലിയ വാര്‍ത്തയായിരുന്നു. അര്‍ദ്ധനഗ്നരായ സുന്ദരികളോടൊപ്പം നൃത്തം ചെയ്തതാണ് കേരളത്തില്‍ വന്ന കിംഗ്ഖാന് വിനയായാത്.

മലയാളത്തില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ നല്ല കഥാപാത്രങ്ങള്‍ കിട്ടിയാല്‍ അഭിനയിക്കുമെന്നായിരുന്നു അന്ന് കിംഗ്ഖാന്‍ പറഞ്ഞത്. മലയാള മണ്ണില്‍ വന്ന് നില്‍ക്കുമ്പോള്‍ മലയാളത്തില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമില്ലെന്ന് പറയാനാകില്ലല്ലോ. കേരളത്തില്‍ ഉദ്ഘാടനത്തിന് എത്തുന്ന എല്ലാ താരങ്ങളും ഇക്കാര്യം പറഞ്ഞിട്ട് പോകാറുണ്ട്.

കമലഹാസന്റെ മകള്‍ ശ്രുതി ഹാസനാണ് ഏറ്റവും ഒടുവില്‍ ഇങ്ങനെ ഒരു ഡയലോഗ് പറഞ്ഞ് പോയത്. നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ മലയാളസിനിമയില്‍ അഭിനയിക്കാന്‍ തയ്യാറാണെന്ന് ശ്രുതിയും പറഞ്ഞു. മലയാളത്തില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും ശ്രുതി പറഞ്ഞു.

മലയാളം നന്നായി പറയാന്‍ ആഗ്രഹമുണ്ട്. താന്‍ വളര്‍ന്നത് മലയാളം കേട്ടാണ്. അഭിനയവും പാട്ടുമായി മുന്നോട്ടുപോകാനാണ് ആഗ്രഹം. അതിനാല്‍ ഇപ്പോള്‍ സംവിധാന രംഗത്തേക്കില്ല. അച്ഛന്‍ കമലഹാസനോടൊപ്പം അഭിനയിക്കാന്‍ തയ്യാറാണെന്നും തിരുവനന്തപുരത്ത് ഒരു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ശ്രുതി പറഞ്ഞു. ഇതില്‍ കൂടുതല്‍ വേറെന്ത് പറയാന്‍?