ഉറുമിയില്‍ ഞാന്‍ അഭിനയിക്കില്ല: ആര്യ

Webdunia
ചൊവ്വ, 8 ഫെബ്രുവരി 2011 (19:04 IST)
PRO
ബിഗ്സ്റ്റാര്‍ പൃഥ്വിരാജിന്‍റെ സ്വപ്നചിത്രമാണ് ‘ഉറുമി’. 20 കോടിയിലധികം രൂപ മുതല്‍ മുടക്കി പൃഥ്വി നിര്‍മ്മിക്കുന്ന സിനിമ സന്തോഷ് ശിവനാണ് സംവിധാനം ചെയ്യുന്നത്. മാര്‍ച്ച് 30ന് ചിത്രം പ്രദര്‍ശനത്തിനെത്തും. ഈ സിനിമയില്‍ തമിഴിലെ യുവ സൂപ്പര്‍താരം ആര്യ അഭിനയിക്കുന്നു എന്നായിരുന്നു കഴിഞ്ഞ വാരം ലഭിച്ച വാര്‍ത്ത. എന്നാല്‍ ആര്യ ഉറുമിയില്‍ നിന്ന് പിന്‍‌മാറിയിരിക്കുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

“സന്തോഷ് ശിവന്‍റെ സിനിമയില്‍ അഭിനയിക്കുക എന്നത് വലിയ അംഗീകാരമാണ്. ലോകമെങ്ങും ആ സിനിമ എത്തുമെന്നും അറിയാം. എന്നാല്‍ ഉറുമിയില്‍ ഞാന്‍ അഭിനയിക്കുന്നില്ല” - ആര്യ വ്യക്തമാക്കി.

ഡേറ്റില്ലാത്തതിനാലാണ് ആര്യ ഉറുമിയില്‍ അഭിനയിക്കാത്തതെന്നാണ് സൂചന. എന്നാല്‍ മറ്റൊരു റിപ്പോര്‍ട്ടും ലഭിക്കുന്നുണ്ട്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘മുംബൈ പൊലീസ്’ എന്ന ചിത്രത്തില്‍ പൃഥ്വിയും ആര്യയുമാണ് നായകന്‍‌മാര്‍. ആ സിനിമ തന്‍റെ ആദ്യ മലയാള ചിത്രമായിരിക്കണമെന്നാണ് ആര്യ ആഗ്രഹിക്കുന്നത്. ഉറുമിയിലെ അതിഥിവേഷത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ ആര്യ ആഗ്രഹിക്കുന്നില്ലെന്നറിയുന്നു.

ബാല സംവിധാനം ചെയ്യുന്ന ‘അവന്‍ ഇവന്‍’ എന്ന സിനിമയുടെ ഡബ്ബിംഗിന് ശേഷം ആര്യ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് പോകും. മാര്‍ച്ച് രണ്ടിന് തിരിച്ചെത്തുന്ന ആര്യ ‘വേട്ടൈ’ എന്ന ലിംഗുസാമിച്ചിത്രത്തില്‍ ജോയിന്‍ ചെയ്യും.

ഉറുമിയിലെ അതിഥി വേഷത്തില്‍ ആദ്യം വിക്രം അഭിനയിക്കുമെന്നായിരുന്നു സൂചന. വിക്രം പിന്‍‌മാറിയതിനെ തുടര്‍ന്നാണ് ആര്യയെ സമീപിച്ചത്. ആര്യയും കൈയൊഴിഞ്ഞതോടെ തമിഴകത്തെ വേറെ ഏതെങ്കിലും സൂപ്പര്‍താരത്തെ കൊണ്ടുവരാമെന്ന ചിന്തയിലാണ് പൃഥ്വിരാജും സന്തോഷ് ശിവനും. എന്നാല്‍ ‘മാര്‍ച്ച് 30’ എന്ന് ഉറുമിയുടെ റിലീസ് ഡേറ്റ് നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളതാണ്. അതിഥി വേഷത്തില്‍ ആളെക്കിട്ടിയില്ലെങ്കില്‍ ഉറുമിയുടെ റിലീസ് കുഴപ്പത്തിലാകുമെന്ന കാര്യത്തില്‍ സംശയമില്ല. ധനുഷ്, മാധവന്‍, കാര്‍ത്തി, ജയം രവി തുടങ്ങിയവരെയൊക്കെ അതിഥിവേഷത്തിലേക്ക് പരിഗണിച്ചുവരികയാണ് ഉറുമിയുടെ അണിയറക്കാര്‍.