ദുല്‍ക്കര്‍ സല്‍മാന്‍ മലയാളത്തിലെ യംഗ് സൂപ്പര്‍സ്റ്റാറാണ്. എന്നാല്‍ തമിഴില്‍ ഇതുവരെ ഒരു വലിയ സിനിമയുടെ ഭാഗമായിട്ടില്ല. അതിന്‍റെ കുറവ് തീര്‍ക്കാന്‍ ഈ പതിനേഴാം തീയതി ഒരു വരവ് വരികയാണ് ഡിക്യു. മണിരത്നത്തിന്‍റെ ‘ഓ! കാതല്‍ കണ്‍മണി’ പ്രദര്‍ശനത്തിന് തയ്യാറായിക്കഴിഞ്ഞു.
മണിരത്നത്തിന്‍റെ ‘ദളപതി’യില്‍ മമ്മൂട്ടി ഒരു നായകനായിരുന്നു. എന്നാല്‍ ദുല്‍ക്കറിന്‍റെ അഭിനയം മമ്മൂട്ടിയുമായി താരതമ്യപ്പെടുത്താന്‍ കഴിയില്ലെന്ന് മണിരത്നം പറയുന്നു. മമ്മൂട്ടിയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ അഭിനയശൈലിയാണ് ദുല്‍ക്കറിനുള്ളത്. മമ്മൂട്ടിയുടെ സ്വാധീനം ദുല്‍ക്കറിന്‍റെ പ്രകടനത്തില്‍ അല്‍പ്പം പോലും കണ്ടെടുക്കാന്‍ കഴിയില്ലെന്നും മണിരത്നം വെളിപ്പെടുത്തുന്നു.
പി സി ശ്രീറാം ക്യാമറ ചലിപ്പിക്കുന്ന ഒകെ കണ്മണിയില്‍ നായിക നിത്യ മേനോനാണ്. എ ആര്‍ റഹ്മാനാണ് സംഗീതം.
ആദി, താര എന്നീ കഥാപാത്രങ്ങളെയാണ് ഈ സിനിമയില്‍ ദുല്‍ക്കറും നിത്യയും അവതരിപ്പിക്കുന്നത്. ‘അലൈപായുതേ’യുടെ പുതിയ വേര്‍ഷനാണ് OKK എന്നൊരു അണിയറസംസാരമുണ്ട്.