ആര്‍ക്കും ഡാന്‍സ് ചെയ്യാം, നിങ്ങള്‍ക്കും!

Webdunia
വ്യാഴം, 8 മാര്‍ച്ച് 2012 (14:12 IST)
PRO
നിങ്ങള്‍ ഡാന്‍സ് പ്രേമിയാണോ? മൈക്കല്‍ ജാക്സന്‍റെയും പ്രഭുദേവയുടെയും എന്തിന് നമ്മുടെ റിമി ടോമിയുടെയുമൊക്കെ ഡാന്‍സ് കണ്ട് അവരെയൊക്കെ അസൂയയോടെ നോക്കിക്കാണുന്നവരാണോ? എന്നാല്‍ അത്രയ്ക്ക് അസൂയപ്പെടേണ്ട. നിങ്ങള്‍ക്കും അവരെപ്പോലെയൊക്കെയാവാം. നിങ്ങള്‍ക്കും ഡാന്‍സ് ചെയ്യാം. ആര്‍ക്കും ഡാന്‍സ് ചെയ്യാം.

അതേ, എനിബഡി കാന്‍ ഡാന്‍സ്. ഇതാണ് പ്രഭുദേവ നായകനാകുന്ന പുതിയ ചിത്രത്തിന് വിഷയമായി തെരഞ്ഞെടുത്തിരിക്കുന്നത്. ചിത്രത്തിന് പേര് ‘AnyBody Can Dance (ABCD)'. റെമോ സംവിധാനം ചെയ്യുന്ന ഈ സിനിമ ഇന്ത്യയിലെ ആദ്യത്തെ 3ഡി ഡാന്‍സ് മ്യൂസിക്കല്‍ എന്‍റര്‍ടെയ്‌നറാണ്.

സിനിമ കാണുന്നവര്‍ക്കും ഡാന്‍സ് കളിക്കാനുള്ള ആത്മവിശ്വാസമുണ്ടാക്കുന്ന ഈ സിനിമയില്‍ പ്രഭുദേവ നായകനാണ് എന്നു കേള്‍ക്കുമ്പൊഴേ അറിയാമല്ലോ, ചിത്രത്തില്‍ ഡാന്‍സിന്‍റെ പൂരമായിരിക്കും. കരീന കപൂറിന്‍റെ പേഴ്സണല്‍ സ്റ്റൈലിസ്റ്റായ പോമ്പിയാണ് എ ബി സി ഡിക്ക് വേണ്ടി പ്രഭുദേവയെ ഒരുക്കുന്നത്. ചിത്രത്തിന് വേണ്ടി ആറുകിലോ ഭാരം കുറച്ചുകഴിഞ്ഞു താരം.

യു ടി വി മോഷന്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഗണേശ് ആചാര്യയും അഭിനയിക്കുന്നു.

“എ ബി സി ഡിയുടെ സെറ്റിലെത്തുമ്പോള്‍ വല്ലാത്ത ഒരു ഊര്‍ജ്ജം കിട്ടുന്നു. ഒന്നാന്തരം യുവ ഡാന്‍സര്‍മാര്‍ ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. അവര്‍ക്കൊപ്പം ചുവടുവയ്ക്കുക എന്നത് ഒരേ സമയം രസകരവും വെല്ലുവിളിയുമാണ്. അവര്‍ക്കൊപ്പം കൂടുമ്പോള്‍ ഞാനും ഒരു ടീനേജറായി മാറുന്നു” - പ്രഭുദേവ പറയുന്നു.

അതേസമയം, പ്രഭുദേവ സംവിധാനം ചെയ്ത ഹിന്ദിച്ചിത്രം റൌഡി റാത്തോഡിന്‍റെ വിതരണാവകാശം 35 കോടി രൂപയ്ക്ക് വിറ്റുപോയി എന്നതാണ് മറ്റൊരു സുപ്രധാന വാര്‍ത്ത.

English Summary: Prabhu Deva started work as hero in AnyBody Can Dance (ABCD) India’s first dance musical in 3D.