ആമീറും മസില്‍മാനായി !

Webdunia
PROPRO
മസില്‍ വളര്‍ത്തുക എന്നതാണ്‌ ബോളിവുഡിലെ പുതിയ ഫാഷന്‍. ഹിന്ദി സിനിമയില്‍ ഭിക്ഷക്കാരനായി അഭിനയിക്കണമെങ്കിലും മസില്‍ വേണമെന്നാണ്‌ ഇപ്പോഴത്തെ അവസ്ഥ!

സല്‍മാന്‍ ഖാന്‍ ആണ്‌ ബോളിവുഡിനെ ശരീര സൗന്ദര്യം കൊണ്ട്‌ കീഴ്‌പ്പെടുത്തിയ ആദ്യതാരം. ആക്ഷന്‍ താരമായിരുന്നില്ലെങ്കിലും ബോളിവുഡ്‌ ബാദുഷ ഷാരൂഖാനും മസിലിന്‍റെ കാര്യത്തില്‍ താന്‍ പുറകിലല്ല എന്ന്‌ തെളിയിച്ചു.

‘ഓം ശാന്തി ഓമി’ലെ നൃത്ത രംഗത്തിന്‌ വേണ്ടി മാസങ്ങളോളമാണ്‌ ഷാരൂഖ്‌ സ്വന്തം ശരീരത്തില്‍ പരീക്ഷണം നടത്തി മസില്‍ പെരുപ്പിച്ചത്‌. ബോളിവുഡില്‍ ഭാഗ്യം പരീക്ഷിക്കാനിറങ്ങുന്ന യുവതാരങ്ങള്‍ക്ക്‌ എല്ലാം അടിസ്ഥാന യോഗ്യത മസില്‍ ആണ്‌.

ബോളിവുഡിലെ ‘മിസ്‌റ്റര്‍ പെര്‍ഫക്ഷനിസ്റ്റ്‌’ എന്ന്‌ വിളിപ്പേരുള്ള ആമിര്‍ ഖാന്‍ അപ്പോള്‍ എങ്ങനെ മസില്‍ തരംഗം കണ്ടില്ലെന്ന്‌ നടിക്കാനാകും. തെന്നിന്ത്യന്‍ സൂപ്പര്‍ ഹിറ്റ്‌ ‘ഗജിനി’യുടെ ഹിന്ദി റീമേക്കില്‍ ആമീറും മസില്‍ പ്രദര്‍ശനം നടത്തുന്നുണ്ട്‌ എന്നാണ്‌ ഒടുവില്‍ കിട്ടിയ ചൂടുള്ള വാര്‍ത്ത.

വീട്ടിനുള്ളില്‍ കഠിന പരിശ്രമം നടത്തി ആമീര്‍ രഹസ്യമായി മസില്‍ വളര്‍ത്തിയെന്നാണ്‌ റിപ്പോര്‍ട്ട്‌. സിനിമയില്‍ അതിഗംഭീരമായ സ്‌റ്റണ്ട്‌ രംഗങ്ങളാണ്‌ ആമീറിന്‌ ഉള്ളതത്രേ.

സിനിമക്ക്‌ വേണ്ടി തല മൊട്ടയടിച്ച്‌ പുതിയ ഗറ്റപ്പില്‍ ആമീര്‍ പ്രത്യക്ഷപ്പെട്ടതും വാര്‍ത്തയായിരുന്നു. ‘താരേ സമീന്‍ പറി’ലൂടെ സംവിധാന മികവ്‌ തെളിയിച്ച ആമിര്‍ ‘ഗജിനി’യുടെ ഹിന്ദി പതിപ്പില്‍ ഈ മേഖലയിലും കൈവയ്‌ക്കുന്നുണ്ട്‌ എന്നാണ്‌ അണിയറ വര്‍ത്തമാനം.