ആന്‍ഡ്രിയ മനസ് കീഴടക്കി, ഫഹദ് ഫാസില്‍ പ്രണയത്തില്‍

Webdunia
വ്യാഴം, 14 മാര്‍ച്ച് 2013 (14:16 IST)
PRO
നടി ആന്‍ഡ്രിയ ജെര്‍മിയയയോട് തനിക്ക് കടുത്ത പ്രണയമാണെന്ന് മലയാളത്തിന്‍റെ സെന്‍സിബിള്‍ ഹീറോ ഫഹദ് ഫാസില്‍ തുറന്നുപറഞ്ഞു. ‘വനിത’യ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘അന്നയും റസൂലും’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ആന്‍ഡ്രിയ തന്‍റെ ഹൃദയം കീഴടക്കുകയായിരുന്നു എന്നാണ് ഫഹദ് അറിയിച്ചിരിക്കുന്നത്.

രാജീവ് രവി സംവിധാനം ചെയ്ത ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രങ്ങളായ അന്നയെയും റസൂലിനെയുമാണ് ആന്‍ഡ്രിയയും ഫഹദും അവതരിപ്പിച്ചത്. തൂവാനത്തുമ്പികള്‍ക്ക് ശേഷം പ്രേക്ഷകമനസിനെ ഏറ്റവും സ്വാധീനിച്ച പ്രണയചിത്രമായിരുന്നു അന്നയും റസൂലും. എന്തായാലും സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞതോടെ ആന്‍ഡ്രിയ പതിയെ ഫഹദിന്‍റെ മനസിലേക്ക് കുടിയേറുകയായിരുന്നു.

ആന്‍ഡ്രിയയുടെ പെരുമാറ്റവും നര്‍മ്മബോധവും നടനവൈഭവവും നല്ല വിദ്യാഭ്യാസവുമാണ് തന്നെ ആകര്‍ഷിച്ചതെന്ന് ഫഹദ് ഫാസില്‍ പറയുന്നു. ‘അന്നയും റസൂലും’ ഡബ്ബിംഗിനായി ചെന്നൈയില്‍ എത്തിയപ്പോള്‍ തന്‍റെ മനസിലെ പ്രണയം ഫഹദ് ആന്‍ഡ്രിയയോട് തുറന്നുപറഞ്ഞു. എന്നാല്‍ കടുത്ത എതിര്‍പ്പാണ് അപ്പോള്‍ ആന്‍ഡ്രിയ അറിയിച്ചത്. ഫഹദിന്‍റെ വെറും തോന്നലാണിതൊക്കെയെന്ന് ആന്‍ഡ്രിയ പറഞ്ഞു.

അതിന് ശേഷം പക്ഷേ ആന്‍ഡ്രിയയും ആ നിഷ്കളങ്ക പ്രണയം തിരിച്ചറിയുകയായിരുന്നു. കമലഹാസന്റെ മകളുടെ ഫോണില്‍ നിന്ന് ആന്‍ഡ്രിയ ഫഹദിനെ വിളിച്ചു. തനിക്കും ഇഷ്ടമാണെന്ന് അറിയിച്ചു.

എന്തായാലും ഫഹദ് ഫാസിലിന്‍റെ പ്രണയം സിനിമാലോകമാകെ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ഇതുവരെ ഗോസിപ്പ് കോളങ്ങളിലൊന്നും ഫഹദ് ഫാസിലിന്‍റെ പേര് വന്നിട്ടില്ല. എന്നാല്‍ ‘കൊലവെറി’ സംഗീത സംവിധായകന്‍ അനിരുദ്ധിന്‍റെ പേര് ചേര്‍ത്ത് ഇടക്കാലത്ത് വലിയ ഗോസിപ്പുകളില്‍ നായികയായിരുന്നു ആന്‍ഡ്രിയ.