അര്‍ച്ചന കവി വെറും ജൂനിയര്‍ ആര്‍ട്ടിസ്റ്റ്!

Webdunia
ശനി, 30 ജൂണ്‍ 2012 (14:44 IST)
PRO
ടൈറ്റില്‍ കണ്ട് രക്തം തിളയ്ക്കേണ്ട. അര്‍ച്ചന കവിയെക്കുറിച്ച് ആരെങ്കിലും പറഞ്ഞ കമന്‍റല്ല അത്. ഒരു സിനിമയിലെ കഥാപാത്രമാണ് - അര്‍ച്ചന കവി ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിക്കുന്നു.

ഡോ. സുവിദ് വില്‍‌സണ്‍ സംവിധാനം ചെയ്യുന്ന ‘ബാങ്കിള്‍സ്’ എന്ന ചിത്രത്തിലാണ് അര്‍ച്ചനയുടെ ഈ കഥാപാത്രം. “ഇതൊരു ട്രയാംഗിള്‍ ലവ് സ്റ്റോറിയാണ്. ഞാന്‍ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് ചിത്രത്തില്‍ വേഷമിടുന്നത്” - അര്‍ച്ചന കവി വ്യക്തമാക്കി.

കോക്ടെയിലിന് കഥയെഴുതിയ ശ്യാം മേനോന്‍ തിരക്കഥ രചിക്കുന്ന ചിത്രമാണ് ബാങ്കിള്‍സ്. ഒരു സീരിയല്‍ കില്ലര്‍ നടത്തുന്ന കൊലപാതകങ്ങളും അതേക്കുറിച്ചുള്ള അന്വേഷണവുമാണ് ചിത്രത്തിന്‍റെ കഥാപരിസരം. കൊലപാതകങ്ങള്‍ക്ക് ശേഷം കില്ലര്‍ മൃതദേഹങ്ങള്‍ക്കരുകില്‍ വളപ്പൊട്ടുകള്‍ വിതറുന്നു. ഇത് അന്വേഷണത്തെ എങ്ങനെ സങ്കീര്‍ണമാക്കുന്നു എന്നാണ് ചിത്രം അന്വേഷിക്കുന്നത്.

ജൂലൈയില്‍ ഊട്ടിയിലാണ് ചിത്രീകരണം ആരംഭിക്കുന്നത്. അജ്‌മല്‍, പൂനം കൌര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.