മോഹന്‍ലാല്‍ സിനിമയില്ലാതെ ഒരോണം! മലയാള സിനിമാ പ്രേക്ഷകര്‍ക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യമാണത്. എന്നാല്‍ ഇത്തവണ മോഹന്‍ലാല്‍ ചിത്രമില്ലാതെ മലയാളികള്‍ക്ക് ഓണം ആഘോഷിക്കേണ്ടിവരും. മോഹന്‍ലാല്‍ തന്നെയെടുത്ത ഒരു തീരുമാനമാണിത്.
ഓണച്ചിത്രമായി മോഹന്‍ലാല്‍ ആലോചിച്ചിരുന്നത് ജോണി ആന്‍റണി ചിത്രമാണ്. ‘ആറുമുതല്‍ അറുപതുവരെ’ എന്ന ആ പ്രൊജക്ടിന് അദ്ദേഹം പച്ചക്കൊടി കാണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആ സിനിമയ്ക്കായി ഉദയ്കൃഷ്ണ - സിബി കെ തോമസ് പൂര്‍ത്തിയാക്കിയ കഥ വായിച്ചതോടെ ആ പ്രൊജക്ട് തന്നെ മോഹന്‍ലാല്‍ ഉപേക്ഷിച്ചു.
ചിത്രത്തില്‍ ഒരു അമാനുഷ കഥാപാത്രത്തെയാണ് ജോണി ആന്‍റണിയും തിരക്കഥാകൃത്തുക്കളും ചേര്‍ന്ന് മോഹന്‍ലാലിനായി ഒരുക്കിയിരുന്നത്. മുമ്പ് മോഹന്‍ലാല്‍ തന്നെ പലതവണ ചെയ്ത കഥാപാത്രങ്ങളുടെ ഛായയില്‍ ഒന്ന്. എന്നാല്‍ ക്വാളിറ്റി സിനിമകള്‍ മാത്രമേ ഇനി ചെയ്യുകയുള്ളൂ എന്ന് തീരുമാനിച്ചിരിക്കുന്ന മോഹന്‍ലാല്‍ ‘ആറുമുതല്‍ അറുപതുവരെ’ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു.
തമിഴ് ചിത്രമായ ‘ജില്ല’ ഷെഡ്യൂളായതിന് പിന്നാലെ മോഹന്‍ലാല്‍ കുടുംബത്തോടൊപ്പം ബ്രസീലിലേക്ക് പറന്നു. ഓണച്ചിത്രത്തിനായി നല്‍കിയിരുന്ന ഡേറ്റുകള്‍ ബ്രസീലില്‍ ചുറ്റിക്കറങ്ങാന്‍ ഉപയോഗിക്കുകയാണ് അദ്ദേഹം. മടങ്ങിയെത്തിയാലുടന്‍ പ്രിയദര്‍ശന്‍റെ ‘ഗീതാഞ്ജലി’യില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്യും. അതിന് ശേഷം ജീത്തു ജോസഫിന്‍റെ ‘മൈ ഫാമിലി’യില്‍ അഭിനയിക്കും.