അന്ന് ജയന്‍, ഇന്ന് മോഹന്‍ലാല്‍

ശനി, 9 ജനുവരി 2016 (12:40 IST)
മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രത്തിന് ‘ബെന്‍സ് വാസു’ എന്നാണ് പേര്‍. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ജയന്‍ നായകനായ ഒരു ഹിറ്റ് ചിത്രത്തിന് ‘ബെന്‍സ് വാസു’ എന്നായിരുന്നു പേര്. ആ സിനിമയുടെ പേര് പുതിയ മോഹന്‍ലാല്‍ ചിത്രത്തിന് വരുമ്പോള്‍ പ്രേക്ഷക പ്രതീക്ഷ ഇരട്ടിയാകുകയാണ്.
 
1980 ഏപ്രില്‍ 11നാണ് ജയന്‍ നായകനായ ബെന്‍സ് വാസു റിലീസാകുന്നത്. ഹസന്‍ സംവിധാനം ചെയ്ത ചിത്രം മികച്ച വിജയം നേടി. സീമ, ശ്രീലത നമ്പൂതിരി, ശങ്കരാടി, പട്ടം സദന്‍, കുതിരവട്ടം പപ്പു, കൊച്ചിന്‍ ഹനീഫ, പ്രതാപചന്ദ്രന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ താരങ്ങള്‍. 
 
‘ഒരു വടക്കന്‍ സെല്‍ഫി’ എന്ന മെഗാഹിറ്റ് ചിത്രം സംവിധാനം ചെയ്ത ജി പ്രജിത്ത് ആണ് മോഹന്‍ലാലിന്‍റെ ബെന്‍സ് വാസു സംവിധാനം ചെയ്യുന്നത്. രജപുത്ര രഞ്ജിത് ആണ് സംവിധാനം.
 
ചിത്രം ഒരു സമ്പൂര്‍ണ കോമഡി എന്‍റര്‍ടെയ്നറായിരിക്കും. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘ഒപ്പം’ എന്ന ത്രില്ലറിന് ശേഷം ഈ പ്രൊജക്ട് ആരംഭിക്കും.
 
അവിചാരിതമായാണ് പ്രജിത്ത് ഈ പ്രൊജക്ടിലേക്ക് വരുന്നത്. ‘ഉട്ടോപ്യയിലെ രാജാവ്’ എന്ന സിനിമയ്ക്ക് ശേഷം കമല്‍ സംവിധാനം ചെയ്യാനിരുന്ന പ്രൊജക്ടാണിത്. എന്നാല്‍ ചില കാരണങ്ങളാല്‍ ഈ പ്രൊജക്ട് പ്രജിത്തിലേക്ക് വരികയായിരുന്നു. 
 
‘2 കണ്‍‌ട്രീസ്’ എന്ന മെഗാഹിറ്റിന് ശേഷം രജപുത്ര രഞ്ജിത് നിര്‍മ്മിക്കുന്ന ചിത്രമാണ് ബെന്‍സ് വാസു.

വെബ്ദുനിയ വായിക്കുക