അനൂപ് മേനോന് പ്രതിഫലം 75 ലക്ഷം

Webdunia
ശനി, 8 ജൂണ്‍ 2013 (13:29 IST)
PRO
ടി വിയില്‍ അവതാരകനായി തുടരുമ്പോള്‍ നടനാകുമെന്ന് വിചാരിച്ചില്ല. സീരിയലുകളില്‍ നായകനായി തിളങ്ങിയപ്പോള്‍ സിനിമയിലെത്തുമെന്ന് പ്രതീക്ഷിച്ചില്ല. സിനിമയില്‍ നായകനായപ്പോള്‍ താന്‍ തിരക്കഥയെഴുതുമെന്നും അതില്‍ മോഹന്‍ലാല്‍ നായകനാകുമെന്നും കരുതിയില്ല. രതീഷ് വേഗയുമൊത്ത് ഒരു കാറിനുള്ളിലിരുന്ന് വെറുതെയെഴുതിയ ‘മഴനീര്‍ത്തുള്ളികള്‍...’ എന്ന ഗാനം തന്നെ തിരക്കുള്ള ഗാനരചയിതാവാക്കുമെന്നും വിചാരിച്ചതല്ല. അതേ, യാദൃശ്ചികതകള്‍ നിറഞ്ഞതാണ് അനൂപ് മേനോന്‍ എന്ന ചലച്ചിത്രപ്രതിഭയുടെ ജീവിതം.

അനൂപിനിപ്പോള്‍ തിരക്കോട് തിരക്കാണ്. അഭിനയിക്കുന്ന ചിത്രങ്ങള്‍, തിരക്കഥയെഴുതുന്ന ചിത്രങ്ങള്‍. അതിനിടെ പാട്ടെഴുത്തിന്‍റെ തിരക്ക്. ഇടയ്ക്ക് മാഗസിനുകളില്‍ നോവലെറ്റുകളും കഥകളും. അനൂപ് മേനോന്‍ - ജയസൂര്യ ടീം ഏറ്റവും വലിയ ഹിറ്റ് കൂട്ടുകെട്ടായി മാറിക്കഴിഞ്ഞു. അനൂപ് മേനോന്‍ തിരക്കഥയെഴുതിയ കോക്ടെയില്‍, ബ്യൂട്ടിഫുള്‍, ട്രിവാന്‍‌ഡ്രം ലോഡ്ജ്, ഡേവിഡ് ആന്‍റ് ഗോലിയാത്ത്, ഹോട്ടല്‍ കാലിഫോര്‍ണിയ എന്നീ സിനിമകള്‍ തുടര്‍ച്ചയായി ഹിറ്റുകളായി.

ഏറ്റവും പുതിയ വാര്‍ത്ത അനൂപിന് ഇപ്പോള്‍ 75 ലക്ഷം രൂപയാണ് പ്രതിഫലം എന്നതാണ്. തിരക്കഥ, ഗാനരചന, അഭിനയം ഇവ മൂന്നും നിര്‍വഹിക്കുന്ന സിനിമകള്‍ക്കാണ് അനൂപ് 75 ലക്ഷം രൂപ പ്രതിഫലം കൈപ്പറ്റുന്നത്.

നിലവില്‍ അഞ്ചോളം സിനിമകളുടെ തിരക്കഥകള്‍ക്ക് അനൂപ് മേനോന്‍ കരാറായിട്ടുണ്ട്. പല ചിത്രങ്ങളിലും കൂട്ടിന് ജയസൂര്യയുമുണ്ട്. അജി ജോണ്‍ സംവിധാനം ചെയ്യുന്ന ‘കിംഗ്ഫിഷര്‍’ ആണ് അതില്‍ പ്രധാനപ്പെട്ട ഒരു പ്രൊജക്ട്.