അനന്യ വീട്ടുതടങ്കലില്‍?

Webdunia
ബുധന്‍, 15 ഫെബ്രുവരി 2012 (20:03 IST)
PRO
അനന്യയുടെ വിവാഹനിശ്ചയവും അനുബന്ധ വാര്‍ത്തകളും സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് സൈറ്റുകളില്‍ ചൂടന്‍ ചര്‍ച്ചയ്ക്ക് വിഷയമാകുന്നു. അനന്യയുടെ പ്രതിശ്രുതവരന്‍ ആഞ്ജനേയന്‍ മുമ്പ് വിവാഹിതനാണെന്നാണ് വാര്‍ത്ത പരക്കുന്നത്. ആഞ്ജനേയനുമായി വിവാഹം നടത്തണമെന്ന ഉറച്ച നിലപാടില്‍ നില്‍ക്കുന്ന അനന്യയെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആഞ്ജനേയനുമായുള്ള ബന്ധം തുടരേണ്ടതില്ലെന്ന തീരുമാനത്തിലാണത്രെ അനന്യയുടെ വീട്ടുകാര്‍. എന്നാല്‍ വിവാഹം കഴിക്കുന്നെങ്കില്‍ അത് ആഞ്ജനേയനുമായി മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്ന കര്‍ശനമായ നിലപാടില്‍ അനന്യ തുടരുന്നു. കഴിഞ്ഞ ദിവസം ആഞ്ജനേയന്‍റെ സന്നിധ്യത്തില്‍ അനന്യയെ സഹോദരന്‍ തല്ലിയതായും വാര്‍ത്തയുണ്ട്.

അനന്യയെ ഷോപ്പിംഗിന് കൂട്ടിക്കൊണ്ടുപോകാന്‍ ആഞ്ജനേയന്‍ അനന്യയുടെ വീട്ടിലെത്തിയപ്പോഴായിരുന്നുവത്രെ സംഭവം. അനന്യ പോകാനിറങ്ങിയപ്പോള്‍ വീട്ടുകാര്‍ തടഞ്ഞു. അതു കൂട്ടാക്കാതെ ആഞ്ജനേയനൊപ്പം പോകാനൊരുങ്ങിയ അനന്യയെ സഹോദരന്‍ തല്ലുകയായിരുന്നുവത്രെ.

ആഞ്ജനേയനെതിരെ അനന്യയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയെന്ന വാര്‍ത്തയും പരക്കുന്നുണ്ട്. ആഞ്ജനേയന് മറ്റൊരു ഭാര്യയുണ്ടെന്നും വിവാഹമോചനം നേടിയിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.