പ്രഭുദേവ സംവിധാനം ചെയ്ത 'ആക്ഷന്‍ ജാക്സണ്‍' തകര്‍ന്ന് തവിടുപൊടി ആയതോടെ നായകന്‍ അജയ് ദേവ്‌ഗണിന്‍റെ നില പരുങ്ങലിലായി. എത്രയും പെട്ടെന്ന് ഒരു ഹിറ്റ് ആവശ്യമായി വന്നിരികുകയാണ് ബോളിവുഡിന്‍റെ ഈ നല്ല നടന്.
ഏറെ തയ്യാറെടുപ്പുകളും കഷ്ടപ്പാടുകളും വേണ്ടിവന്നിരുന്നു അജയ്ക്ക് ആക്ഷന്‍ ജാക്സണ്‍ പൂര്‍ത്തിയാക്കുവാന്‍. എന്നാല്‍ അതിന്‍റെ ഫലമൊന്നും പടം റിലീസായപ്പോല്‍ ലഭിച്ചില്ല. മാത്രമല്ല, സമീപകാലത്ത് സോഷ്യല്‍ മീഡിയയില്‍ ഏറ്റവും ആക്രമിക്കപ്പെട്ട ചിത്രമായി ആക്ഷന്‍ ജാക്സണ്‍ മാറി.
അജയുടെ കഴിഞ്ഞ ചിത്രങ്ങളായ ഹിമ്മത്‌വാല, സത്യഗ്രഹ തുടങ്ങിയവ തിയേറ്ററുകളില്‍ തണുത്ത പ്രതികരണമാണ് സൃഷ്ടിച്ചിരുന്നത്. ആക്ഷന്‍ ജാക്സന്‍റെ വീഴ്ചകൂടിയായതോടെ അജയ് ക്യാമ്പ് പരിഭ്രാന്തിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇടയ്ക്കിടെ രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന അജയ് ദേവ്‌ഗണ്‍ സിനിമകള്‍ മാത്രം വമ്പന്‍ ഹിറ്റുകളാകുകയും മറ്റ് അജയ് ചിത്രങ്ങള്‍ പരാജയപ്പെടുകയും ചെയ്യുന്നതിന്‍റെ രഹസ്യം കണ്ടെത്താന്‍ ശ്രമിക്കുകയാണ് ബോളിവുഡ്. അജയ്ക്ക് ഹിറ്റുണ്ടാക്കണമെങ്കില്‍ രോഹിത് ഷെട്ടി ഒരവശ്യഘടകമായി മാറിയിരിക്കുകയാണോ?
അജയ് - രോഹിത് ഷെട്ടി ടീമിന്‍റെ കഴിഞ്ഞ രണ്ട് സിനിമകള്‍ - സിങ്കം റിട്ടേണ്‍സ്, ബോല്‍ ബഛന്‍ - എന്നിവ വമ്പന്‍ ഹിറ്റുകളായിരുന്നു. എന്തായാലും ഇപ്പോള്‍ തന്‍റെ ടിവി ഷോയുടെ തിരക്കിലാണ് രോഹിത് ഷെട്ടി. അതിന് ശേഷം ഷാരുഖ് ഖാന്‍ സിനിമയാണ് രോഹിത് ചെയ്യുന്നത്. എന്നാല്‍ അജയ് ദേവ്‌ഗണിന് വേണ്ടി ഉടന്‍ ഒരു സിനിമ ചെയ്യേണ്ട ആവശ്യം വന്നാല്‍ എല്ലാം മറന്ന് രോഹിത് ഷെട്ടി അതിനിറങ്ങിപ്പുറപ്പെടും. അതാണ് അവര്‍ തമ്മിലുള്ള ഫ്രണ്ട്‌ഷിപ്പ്!