ചില ഫാന്‍സ് അസോസിയേഷനുകള്‍ക്ക് ഇതൊരു സന്തോഷവാര്‍ത്തയാണ്. അവര്‍ തുള്ളിച്ചാടുകയും കരഘോഷം മുഴക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്യുന്നതായാണ് കാണിക്ക് അറിയാന്‍ കഴിഞ്ഞത്. വാര്‍ത്ത ഇതാണ്, മോഹന്‍ലാല്‍ പുതിയ ചിത്രത്തില്‍ അച്ഛന്‍ വേഷത്തില്‍ അഭിനയിക്കുന്നു.
ഒടുവില്‍ ലാലേട്ടന്‍ തന്‍റെ പ്രായം തിരിച്ചറിഞ്ഞു തുടങ്ങിയെന്നൊക്കെയാണത്രേ മറ്റ് സൂപ്പര്‍താരങ്ങളുടെ ആരാധകരുടെ ആവേശം നിറഞ്ഞ അഭിപ്രായ പ്രകടനങ്ങള്‍. നായകവേഷങ്ങളില്‍ നിന്ന് പതിയെ ചുവടുമാറാനുള്ള നീക്കത്തിന്‍റെ തുടക്കമാണെന്നും ചിലര്‍ പറഞ്ഞു പരത്തുന്നു.
മാളൂട്ടി, അഞ്ജലി, ഹരികൃഷ്ണന്‍സ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയായ ബാലതാരം ശ്യാമിലിയുടെ അച്ഛനായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ശിക്കാര്‍ എന്ന ചിത്രത്തിലാണ് ലാലിന്‍റെ അച്ഛന്‍ വേഷം. ഹരികൃഷ്ണന്‍സില്‍ ശ്യാമിലിയുടെ മൂത്ത സഹോദരനായി വേഷമിട്ട ലാല്‍ ഈ സിനിമയില്‍ അച്ഛന്‍ കഥാപാത്രം ചെയ്യാന്‍ തയ്യാറായതാണ് കൌതുകമുണര്‍ത്തുന്നത്.
തന്‍മാത്രയ്ക്ക് ശേഷം മോഹന്‍ലാല്‍ ഒരു അച്ഛന്‍ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടില്ലെന്നു തന്നെ പറയാം. മമ്മൂട്ടി പലപ്പോഴും അച്ഛന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. പടയോട്ടത്തില്‍ മോഹന്‍ലാലിന്‍റെ അച്ഛനായിപ്പോലും മമ്മൂട്ടി നടിച്ചിരുന്നു. എന്നാല്‍ വളരെ അപൂര്‍വമായി മാത്രമേ മോഹന്‍ലാല്‍ അച്ഛന്‍ കഥാപാത്രങ്ങള്‍ ചെയ്യാറുള്ളൂ. സൂര്യഗായത്രി പോലെ വല്ലപ്പോഴും മാത്രം.
എന്തായാലും 15 വയസിനു മുകളില്‍ പ്രായമുള്ള ഒരു മകളുള്ള നായക കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ശിക്കാറില്‍ അവതരിപ്പിക്കുന്നത്. ഇത് മറ്റ് താരങ്ങളുടെ ആരാധകര്‍ ആഘോഷിക്കുമ്പോള്‍ മോഹന്‍ലാലിന്‍റെ ആരാധകര്‍ക്ക് തക്ക മറുപടി പറയാനുണ്ട്.
വളരെ മികച്ച ഒരു കഥാപാത്രത്തെയാണത്രേ ശിക്കാറില്‍ ലാലിന് ലഭിച്ചിരിക്കുന്നത്. ഇതൊരു കുടുംബകഥയാണ്. ഈ സിനിമയിലൂടെ ഒട്ടേറെ അംഗീകാരങ്ങള്‍ ലാലിനെ തേടിയെത്തുമെന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നു.