അച്ഛനെ വേട്ടയാടിയവര്‍ ശ്രീവിദ്യയെയും അപമാനിക്കുന്നു: ഗണേഷ്

Webdunia
തിങ്കള്‍, 28 ഫെബ്രുവരി 2011 (20:13 IST)
PRO
തന്‍റെ അച്ഛനെ വേട്ടയാടിയവര്‍ അന്തരിച്ച പ്രശസ്ത നടി ശ്രീവിദ്യയെയും അപമാനിക്കുകയാണെന്ന് നടനും എം എല്‍ എയുമായ കെ ബി ഗണേഷ്കുമാര്‍. ശ്രീവിദ്യയുടെ സഹോദരന്‍ ശങ്കരരാമനെ മുന്‍നിര്‍ത്തി നടത്തുന്ന കളികള്‍ക്കു പിന്നില്‍ തന്‍റെ അച്ഛനെ വേട്ടയാടിയവര്‍ തന്നെയാണെന്നാണ് ഗണേഷ് ആരോപിക്കുന്നത്.

“ശ്രീവിദ്യയുടെ പേരുപയോഗിച്ച് എന്നെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. ആ കലാകാരിയുടെ മരണസമയത്തുപോലും സ്വത്ത് നേടിയെടുക്കാന്‍ ശ്രമിച്ചയാളാണ് ശങ്കരരാമന്‍. അയാളെ മുന്‍‌നിര്‍ത്തി എനിക്കെതിരെ നടത്തുന്ന അക്രമണത്തിന് പിന്നില്‍ എന്‍റെ അച്ഛനെ വേട്ടയാടിയവര്‍ തന്നെയാണ്. ഇത്തരം പ്രവര്‍ത്തികള്‍ ശ്രീവിദ്യയെ ആക്ഷേപിക്കുന്നതിന് തുല്യമാണ്” - ഗണേഷ് പറയുന്നു.

ശ്രീവിദ്യയുടെ സ്വത്ത് തട്ടിയെടുക്കാന്‍ ഗണേഷ് ശ്രമിക്കുന്നു എന്നായിരുന്നു അവരുടെ സഹോദരന്‍ ശങ്കരരാമന്‍ ആരോപിച്ചത്. എന്നാല്‍, ശ്രീവിദ്യയുടെ സ്വത്തുവകകള്‍ ഗണേഷ് സര്‍ക്കാരിന് കൈമാറി. സ്വത്ത് ഏറ്റെടുക്കണമെന്ന് സാംസ്കാരികവകുപ്പിന് ഗണേഷ് കത്തെഴുതിയിരിക്കുകയാണ്.

തിരുവനന്തപുരം പി ടി പി നഗറിലുള്ള എട്ടു സെന്‍റ് സ്ഥലവും വീടും, ചെന്നൈയിലുള്ള ഫ്‌ളാറ്റ്‌, 15.5 ലക്ഷം രൂപയും അതിന്‍റെ പലിശയും, 580 ഗ്രാം സ്വര്‍ണാഭരണങ്ങള്‍, 1.5 കിലോഗ്രാം തൂക്കം വരുന്ന പാത്രങ്ങള്‍, മറ്റ് വെള്ളി സാധനങ്ങള്‍ എന്നിവയാണ് സര്‍ക്കാരിന് കൈമാറുന്നത്. സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുവരെ ഇതിന്‍റെ കാവല്‍ക്കാരനായി താന്‍ തുടരുമെന്നും ഗണേഷ് അറിയിച്ചിട്ടുണ്ട്.

മരിക്കുന്നതിന്‌ രണ്ടുമാസം മുമ്പ്‌ ശാസ്തമംഗലം സബ്‌രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത വില്‍പ്പത്രം അനുസരിച്ച്‌ ശ്രീവിദ്യയുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യാന്‍ ഗണേഷിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍ സ്വത്തെല്ലാം ഗണേഷ് അടിച്ചുമാറ്റിയെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം.