പൈങ്കുനി ഉത്രം: ശബരിമല നട എട്ടാം തീയതി തുറക്കും

എ കെ ജെ അയ്യര്‍
വെള്ളി, 4 മാര്‍ച്ച് 2022 (10:05 IST)
തിരുവനന്തപുരം: പൈങ്കുനി ഉത്രം ഉത്സവം, മീനമാസ പൂജ എന്നിവയുമായി ബന്ധപ്പെട്ടു ശബരിമല ക്ഷേത്രം ഈ മാസം എട്ടാം തീയതി വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് തുറക്കും. ആനി ദിവസം രാത്രി ഏഴു മുതൽ പ്രാസാദ ശുദ്ധിക്രിയകൾ നടക്കും.

ഒമ്പതാം തീയതി മുതൽ ഭക്തർക്ക് ദർശനം നടത്താം. ദിവസവും വെർച്വൽ ക്യൂ സംവിധാനത്തിലൂടെ പതിനയ്യായിരം ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കാനാണ് തീരുമാനം. ഇതിനൊപ്പം നിലയ്ക്കലിൽ സ്പോട്ട് ബുക്കിംഗ് സംവിധാനവും ഉണ്ടാവും.

ഒമ്പതാം തീയതി പുലർച്ചെ നട തുറന്ന ശേഷം പതിവായുള്ള അഭിഷേകവും മറ്റു ചടങ്ങുകളും അതിനെ തുടർന്നുള്ള ബിംബ ശുദ്ധി ക്രിയകളും കൊടിയേറ്റ് പൂജയും നടക്കും. രാവിലെ 10.30 നും 11.30 നും ഇടയ്ക്കുള്ള ശുഭമുഹൂർത്തത്തിലാണ് കൊടിയേറ്റ് നടക്കുന്നത്. പതിനേഴിനാണ്‌ പള്ളിവേട്ട ഉത്സവം.

പതിനെട്ടാം തീയതി ഉച്ചയ്ക്ക് പമ്പയിൽ ആറാട്ട് നടക്കും. ആറാട്ട് ഘോഷയാത്ര തിരിച്ചു സന്നിധാനത്ത് എത്തുമ്പോൾ കൊടിയിറക്ക് ചടങ്ങ് നടക്കും. പത്തൊമ്പതാം തീയതി രാത്രി പത്ത് മണിക്ക്‌  ഹരിവരാസനം പാടി നടയടയ്ക്കും.  

അനുബന്ധ വാര്‍ത്തകള്‍

Next Article