ഐശ്വര്യപ്പെരുമയുമായി പത്താമുദയം

Webdunia
വെള്ളി, 28 ഒക്‌ടോബര്‍ 2011 (12:38 IST)
PRO
PRO
വടക്കന്‍ കേരളത്തിന്റെ ആയിരത്താണ്ട്‌ പഴക്കമുള്ള അനുഷ്‌ഠാന ദിനാചാരമാണ്‌ പത്താമുദയം. ഈശ്വരാരാധനയുടേയും കാര്‍ഷിക സംസ്‌കൃതിയുടേയും അര്‍ത്ഥനിര്‍ഭരമായ അനേകം ദര്‍ശനങ്ങള്‍ തുലാമാസത്തിലെ പത്താമുദയത്തിന്റെ ചടങ്ങുകളില്‍ കാണാം.

കാരാകര്‍ക്കിടത്തില്‍ ഉപ്പുചിരട്ട പോലും കമിഴ്‌ത്തിവച്ച്‌ വറുതി ചുട്ടുതിന്ന പ്രാചീനന്‌ തെല്ലൊരാശ്വാസം ചൊരിഞ്ഞ്‌ കടന്നുവന്ന ചിങ്ങത്തിനു പിറകെ ഭാവികാലശുഭസൂചനയുമായി ഉദിച്ചുയരുകയാണ്‌ തുലാപ്പത്ത്‌. അന്ന്‌ സൂര്യോദയത്തിനു മുമ്പേ കുളിച്ച്‌ കുറിയഞ്ചും വരച്ച്‌ തറവാട്ട്‌ കാരണവരും തറവാട്ടമ്മയും മുറ്റത്ത്‌ നിലവിളക്കും നിറനാഴിയുമായി കാത്തുനില്‍ക്കും. ചരാചര ജീവകാരനായ പകല്‍വാഴുന്ന പൊന്നുതമ്പുരാന്‍ കിഴക്കു ദിക്കില്‍ ഉദിച്ചു പൊങ്ങുമ്പോള്‍ മന്ത്രമുഖരിതമായ അന്തരീക്ഷത്തില്‍ വാല്‍ക്കിണ്ടിയില്‍ നിന്ന്‌ വെള്ളം ജപിച്ചെറിഞ്ഞും ഇരുകയ്യിലും ഉണക്കലരി വാരിയെടുത്തെറിഞ്ഞ്‌ അരിയിട്ടെതിരേറ്റും പത്താമുദയത്തെ തറവാട്ടിനകത്തേക്ക്‌ നിലവിളക്കിലൂടെ പൂജാമുറിയിലേക്ക്‌ ആനയിക്കും. അന്നുതൊട്ട്‌ തറവാട്ടില്‍ നവോത്സാഹമാണ്‌ കളിയാടുക. കാറുമൂടാത്ത പത്താമുദയം നാടിനും വീടിനും സമ്പല്‍സമൃദ്ധിയാണ്‌ സമ്മാനിക്കുന്നതത്രേ.

കാര്‍ഷിക സംസ്‌ക്കാരം സമ്മാനിച്ച അമൂല്യമായ സന്ദേശവും പത്താമുദയത്തില്‍ കാണാം. അന്ന്‌ കന്നുകാലികളെ കൂട്ടിയ ആലയില്‍, കന്നിമൂലയില്‍ അടുപ്പ്‌ കൂട്ടി, കാലിച്ചാനൂട്ട്‌ എന്ന നിവേദ്യാര്‍പ്പണം നടത്തും. ഉണക്കലരിപ്പായസമാണ്‌ നിവേദ്യം.അത്‌ ഉണ്ടാക്കുന്നത്‌ തറവാട്ടിലെ പത്തോ പന്ത്രണ്ടോ വയസ്സുള്ള ആണ്‍കുട്ടികളായിരിക്കും.കാലിച്ചേകോന്‍ എന്നും കാലിച്ചാന്‍ എന്നും പേരിട്ടു വിളിക്കുന്ന സാക്ഷാല്‍ അമ്പാടിക്കണ്ണനെ സംപ്രീതനാക്കാനാണ്‌ പ്ലാവിലകളില്‍ ഈ നിവേദ്യം വിളമ്പി വെക്കുന്നത്‌. പ്രാര്‍ത്ഥന കഴിഞ്ഞാല്‍ വന്നുകൂടിയ കുട്ടികള്‍ക്കെല്ലാം പായസം വിളമ്പും.

PRO
PRO
പത്താമുദയനാളിലാണ്‌ പുലയസമുദായം കാലിച്ചാന്‍ തെയ്യത്തെയും കോണ്ട്‌ ഗ്രാമീണഗൃഹങ്ങള്‍ തോറും അനുഗ്രഹം ചൊരിയാനെത്തുന്നത്‌. മുഖത്തെഴുത്തും ആടയാഭരണങ്ങളും അണിഞ്ഞ തെയ്യം തുടിവാദ്യത്തിന്റെ അകമ്പടിയോടെ ഓരോ വീട്ടിന്റേയും 'കോണിക്കല്‍' വന്നു നിന്ന്‌ ഈണത്തില്‍ പാടുകയും കയ്യിലെ തിരിയോലത്തലപ്പു കൊണ്ട്‌ അനുഗ്രഹവര്‍ഷം ചൊരിയുകയും ചെയ്യും.വീട്ടുകാര്‍ ദൈവത്തിന്‌ നെല്ലോ, അരിയോ പണമോ കാണിക്കയായി നല്‍കും.പുല (കൃഷിനിലം)ത്തിന്റെ നേരവകാശികളായ പുലയരുടെ തെയ്യത്തോടു കൂടിയാണ്‌ വടക്കന്‍ കേരളത്തിലെ മിക്കത്തെയ്യക്കാവുകളും ഉണരുന്നത്‌.

ഇടവപ്പാതിയോടെ നടയടച്ച കാവുകള്‍ പുണ്യാഹകലശത്തോടെ തുറന്ന്‌ വിളക്ക്‌ വെക്കുന്ന സുദിനംകൂടിയാണ്‌ പത്താമുദയം. അന്ന്‌ മുതലാണ്‌ കാവുകളില്‍ തെയ്യാട്ടം തുടങ്ങുന്നത്‌. തുലാപ്പത്ത്‌ മുതല്‍ ഇടവപ്പാതി വരെയാണ്‌ വടക്കന്‍ കേരളത്തിലെ തെയ്യാട്ടക്കാലം.

പത്താമുദയത്തെ പഴയ തലമുറ ദീര്‍ഘകാലത്തെ പ്രവൃത്തികള്‍ക്ക്‌ തുടക്കമിടുന്ന ശുഭദിനമായിട്ടാണ്‌ കണ്ടിരുന്നത്‌. അന്ന്‌ നായാട്ട്‌ തുടങ്ങാനും വിവിധകലാപ്രകടനങ്ങള്‍ക്ക്‌ അരങ്ങൊരുക്കാനും അവര്‍ ശ്രദ്ധിച്ചിരുന്നു.അന്നു തന്നെയാണ്‌ പുതിയവിളവിറക്കാനുള്ള നെല്‍വിത്ത്‌ കാവിന്റെ തിരുനടയില്‍ കാണിക്കവയ്‌ക്കുന്നതും മന്ത്രമുദ്രിതമായ ചുണ്ടുകളോടെ വയലുകളിലേയ്‌ക്കു പോകുന്നതും.

എന്നാല്‍ കാര്‍ഷിക സംസ്‌കൃതി അന്യമാവുകയും പുതിയകാലത്തിന്റെ പരിഷ്‌ക്കാരങ്ങള്‍ വാരിച്ചൂടുകയും ചെയ്യുന്ന പുതു തലമുറയ്‌ക്ക്‌ പത്താമുദയം ഒരുഉദയമേയല്ല.അഗ്നേരാപ: എന്ന ഉപനിഷദ്‌ വാക്യം ഉരുവിട്ടു പഠിക്കുന്ന ജര്‍മ്മന്‍ കുട്ടികള്‍ അദ്‌ഭുതം വിടര്‍ന്ന കണ്ണുകളോടെയാണ്‌ ഭാരതത്തെ നോക്കിക്കാണുന്നത്‌. കാരണം മൈക്രോസ്‌ക്കോപ്പോ ടെലസ്‌ക്കോപ്പോ ഇല്ലായിരുന്ന അക്കാലത്ത്‌ H2O എന്ന സത്യം പണ്ടേ കണ്ടെത്തിയവരായിരുന്നു, ഭാരതീയ മുനീശ്വരന്‍മാര്‍.നമ്മുടെ പൂര്‍വ്വികന്‍മാര്‍ പറഞ്ഞുവച്ചതിലൊക്കെ പ്രപഞ്ചത്തിന്റെ ഉണ്‍മയുണ്ടെന്നും ശാസ്‌ത്രസത്യങ്ങളുണ്ടെന്നും തെളിയിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്‌. ചരാചര പരിപാലകനായ സൂര്യദേവനെ ആരാധിക്കാന്‍ ഒരുദിനം കണ്ടുവച്ച ആ പൂര്‍വപുണ്യത്തെ നന്ദിയോടെ ഓര്‍ക്കാനെങ്കിലും ഈ പത്താമുദയത്തെ നമുക്കും അരിയിട്ടെതിരേല്‍ക്കാം.