ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടെയും വിഷുക്കണി

Webdunia
ബുധന്‍, 13 ഏപ്രില്‍ 2016 (21:52 IST)
ഏപ്രില്‍ 14 - വിഷു. പ്രഭാതത്തില്‍ ഉറക്കമുണര്‍ന്ന് ആദ്യം കാണുന്ന കാഴ്ച അനുസരിച്ചായിരിക്കും അന്നത്തെ ഫലം എന്നു വിശ്വസിക്കുന്നവര്‍ ഈ ശാസ്ത്രയുഗത്തിലും ധാരാളമുണ്ട്. അതെ, ഇത് പ്രതീക്ഷകളുടെ ദിനം. വരാനിരിക്കുന്ന നല്ല നാളെയെ കുറിച്ചുളള സുവര്‍ണ്ണ പ്രതീക്ഷകളുടെ പൊന്‍കണി. പാവപ്പെട്ടവനു കണ്‍നിറയെ സ്വര്‍ണ്ണം കാണാന്‍ പൂത്തുലുഞ്ഞ കൊന്നമരങ്ങള്‍. മനസ്സില്‍ പൂത്ത സ്നേഹകൊന്നകള്‍ കണികണ്ടുണരുന്ന വിഷുപുലരി. 
 
മലയാളിയുടെ മനസ്സിലും, മണ്ണിലും വിളവെടുപ്പിന്‍റെ സമൃദ്ധിയും, കൃഷിയിറക്കിന്‍റെ പ്രതീക്ഷയും ഒരുപോലെ നിറുഞ്ഞ ഉത്സവമാണ് വിഷു. ഐശ്വര്യത്തിന്‍റെ-സമ്പല്‍സമൃദ്ധിയുടെ-പ്രതീക്ഷയുടെ കണിയൊരുക്കി സൂര്യന്‍-പുതിയ പ്രദക്ഷിണ വഴിയിലേക്ക് നടന്നു നീങ്ങുന്നു. വസന്തകാലത്തിന്‍റെ പ്രതിനിധിയായി എങ്ങുനിന്നോ സ്വാഗതഗാനവും പാടികൊണ്ട് വിദൂരതയില്‍നിന്നും പറന്നെത്തുന്ന വിഷുപ്പക്ഷികള്‍. നിറയെ പൂത്തുലഞ്ഞു നില്‍ക്കുന്ന കൊന്നമരം കണികാണുന്നത് ഐശ്വര്യദായകം മാത്രമല്ല, കണ്ണിനും, കരളിനും കുളിരുപകരുന്നതുമാണ്. കുലകുലയായി വിരിഞ്ഞ് തൂങ്ങി കിടക്കുന്ന സ്വര്‍ണ്ണപ്പൂക്കള്‍. 
 
ഉര്‍വ്വരതയുമായി ബന്ധപ്പെട്ട ഈ വിശേഷദിനം പ്രകൃതീശ്വരീ പൂജയ്ക്കുള്ള ദിവസം കൂടിയാണ്. കാര്‍ഷിക വിഭവങ്ങളും, കണിക്കൊന്നപ്പൂക്കളും ഈ വിശേഷദിനത്തിന്‍റെ അവിഭാജ്യ ഘടകങ്ങളാണ്. വിശ്വാസികള്‍ക്കു വിഷുഫലം സുഖദുഃഖങ്ങളുടെ സൂചനയാണ്. കര്‍ഷകര്‍ക്കാകട്ടെ, വരാനിരിക്കുന്ന സമൃദ്ധിയുടെ നാന്ദികുറിക്കുന്ന ദിനം. ജീവിതച്ചൂടില്‍ ഉരുകിയൊലിക്കുമ്പോഴും സ്വപ്നം വിതയ്ക്കാന്‍ വിഷു നമ്മെ പ്രേരിപ്പിക്കുന്നു. 

ഓണം കഴിഞ്ഞാല്‍ കേരളീയരുടെ പ്രധാന ആഘോഷമാണ് വിഷു. വിഷു വസന്തകാലമാണ്. ഋതുരാജനാണ് വസന്തം. വസന്തകാലാരംഭമാണ് ഈ ഉത്സവദിനത്തിന്‍റെ കവാടം. പ്രകൃതി പുഷ്പാഭരണങ്ങള്‍ ചാര്‍ത്തി വിഷു ദിനം കാത്തിരിക്കുന്നു. വിഷുവിന്‍റെ വരവിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ നാടെങ്ങും കണിക്കൊന്നകള്‍ പൂത്തുലഞ്ഞ് നില്‍ക്കും. കിളികളുടെ പാട്ട്, വൃക്ഷങ്ങള്‍ നിറയെ ഫലങ്ങള്‍, പ്രസന്നമായ പകല്‍ - എവിടെയും സമൃദ്ധിയും സന്തോഷവും. 
 
വിഷുവിന്‍റെ ചരിത്രം 
 
ഭാസ്ക്കര രവിവര്‍മ്മന്‍റെ തൃക്കൊടിത്താനത്തുള്ള പൂര്‍ണ്ണമല്ലാത്ത ഒരു ശാസനത്തില്‍ 'ചിത്തിര വിഷു'വിനെക്കുറിച്ച് പരാമര്‍ശമുണ്ട്. ഭാസ്ക്കര രവിവര്‍മ്മന്‍റെ കാലം എ ഡി 962 - 1021 ആണ്. അദ്ദേഹത്തിന്‍റെ ഭരണകാലത്ത് വിഷു അംഗീകൃതമായ ഒരാഘോഷമായിക്കഴിഞ്ഞിരിക്കണം. 
 
എ ഡി 844 - 855 കാലഘട്ടം കേരളം ഗണിതശാസ്ത്രത്തില്‍ വളരെ പുരോഗമിച്ചിരുന്നുവെന്നതിന്‍റെ തെളിവാണ് 'ശങ്കരനാരായണീയം' എന്ന ഗണിതഗ്രന്ഥം. ഈ ഗ്രന്ഥം സ്ഥാണു രവിയെന്ന രാജാവിന്‍റെ കാലത്താണുണ്ടായത്. ഈ കാലഘട്ടത്തിലാണ് വിഷുവാഘോഷം ആരംഭിച്ചത് എന്നും ഒരു വിശ്വാസമുണ്ട്. 
 
മലബാര്‍ മാന്വലില്‍ വില്യം ലോഗന്‍ വിഷുവിനെക്കുറിച്ച് ഇങ്ങിനെ പറയുന്നു - "ഗണിതശാസ്ത്രപരമായി വിഷു നവവര്‍ഷദിനമാണ്. അന്ന് സൂര്യന്‍ നേരെ കിഴക്കുദിക്കുന്ന ദിവസമാണെന്ന് പറയുന്നു.” 
 
ഐശ്വര്യത്തിന്‍റെ സന്ദേശമാണ് വിഷു. കേരളത്തില്‍ ഇത് നവവത്സരാരംഭമാണ്. ആണ്ടുപിറപ്പ് എന്നും വിഷു അറിയപ്പെടുന്നു. തമിഴ്നാട്ടിലും വിഷുദിനമാണ് നവവത്സരമായി കൊണ്ടാടുന്നത്. കലിവര്‍ഷവും ശകവര്‍ഷവും ആരംഭിക്കുന്നത് മേടവിഷു മുതലാണ്. വിഷു മേടവിഷുവെന്നും തുലാവിഷുവെന്നും രണ്ടുണ്ട്. മേടവിഷുവാണ് മലയാളികള്‍ക്ക് പ്രധാനം. 
 
വിഷുവും സൂര്യനും 
 
ഭൂമിശാസ്ത്രപരമായും ജ്യോതിശ്ശാസ്ത്രപരമായും വളരെയധികം പ്രാധാന്യമാണ് വിഷുവിനുള്ളത്. ‘വിഷു' എന്ന പദത്തിനര്‍ത്ഥം തുല്യാവസ്ഥയോടു കൂടിയത് എന്നാണ്. രാവും പകലും തുല്യമായി വരുന്ന ദിനങ്ങളാണ് വിഷുദിനങ്ങള്‍. ഓരോ വര്‍ഷവും ഇപ്രകാരം രണ്ട് ദിവസങ്ങളുണ്ട്. മേടം ഒന്നാം തീയതിയും തുലാം ഒന്നാം തീയതിയും. ഈ ദിവസങ്ങളില്‍ ഭൂമിയുടെ ഏതു ഭാഗത്തുള്ളവര്‍ക്കും ദിനവും രാത്രിയും തുല്യമായിരിക്കും. വിഷുവിന് സൂര്യന്‍ ഭൂമധ്യരേഖയ്ക്ക് നേരേ മുകളില്‍ വരുന്നു. 
 
വിഷു സംക്രാന്തി 
 
സൂര്യന്‍ മീനം രാശിയില്‍ നിന്ന് മേടം രാശിയിലേക്ക് സംക്രമിക്കുന്ന ദിവസമാണ് വിഷു സംക്രാന്തി. അതിന് പിറ്റേന്നാണ് വിഷു. കര്‍ഷകന് വയലിലേക്കിറങ്ങാം എന്ന അറിയിപ്പുമായാണ് വിഷു വരുന്നത്. വിഷു കഴിയുമ്പോഴേക്കും വയലുകളില്‍ കര്‍ഷകന്‍ നിലമൊരുക്കി വിത്തിടീല്‍ തുടങ്ങുന്നു.
 
വിഷു - ഐതീഹ്യത്തിലൂടെ
 
വിഷുവിനെ സംബന്ധിച്ച് രണ്ട് ഐതീഹ്യങ്ങളാണുള്ളത്. അഹങ്കാരിയും അത്യന്തം ശക്തനുമായ നരകാസുരന്‍റെ ഉപദ്രവം സഹിക്കവയ്യാതെ ശ്രീകൃഷ്ണന്‍, ഗരുഡനും, സത്യഭാമയുമൊത്ത് ഗരുഡാരൂഢനായി പ്രാഗ് ജോതിഷത്തിലേക്ക് പ്രവേശിച്ചു. നരകാസുരന്‍റെ നഗരമാണ് പ്രാഗ് ജ്യോതിഷം. അവിടെച്ചെന്ന് നഗരത്തിന്‍റെ ഉപരിതലത്തില്‍ കൂടി ചുറ്റിപ്പറന്ന് നഗരസംവിധാനങ്ങളെല്ലാം നേരില്‍ക്കണ്ട് മനസ്സിലാക്കി. അതിനുശേഷം യുദ്ധമാരംഭിച്ചു. 
 
ശ്രീകൃഷ്ണനും സത്യഭാമയും ഗരുഡനും അസുരന്മാരോട് യുദ്ധം ചെയ്തു. മുരന്‍, താമ്രന്‍, അന്തരീക്ഷന്‍, ശ്രവണന്‍, വസു വിഭാസു, നഭസ്വാന്‍, അരുണന്‍ ആദിയായ അസുര പ്രമുഖരെയെല്ലാം അവര്‍ നിഗ്രഹിച്ചു. ഒടുവില്‍ നരകാസുരന്‍ തന്നെ പടക്കളത്തിലേക്ക് പുറപ്പെട്ടു. തുടര്‍ന്നു നടന്ന അത്യുഗ്രമായ യുദ്ധത്തില്‍ നരകാസുരന്‍ വധിക്കപ്പെട്ടു. ശ്രീകൃഷ്ണന്‍ അസുര ശക്തിക്കു മേല്‍ വിജയം നേടിയത് വസന്തകാലാരംഭത്തോടെയാണ്. ഈ ദിനമാണ് വിഷുവെന്ന് അറിയപ്പെടുന്നത്. 
 
മറ്റൊരു ഐതീഹ്യം രാവണനുമായി ബന്ധപ്പെട്ടതാണ്. രാക്ഷസ രാജാവായ രാവണന്‍ ലങ്ക ഭരിക്കുന്ന കാലത്ത് അദ്ദേഹം സൂര്യനെ നേരേ ഉദിക്കാന്‍ അനുവദിച്ചിരുന്നില്ല. വെയില്‍ കൊട്ടാരത്തിനകത്ത് കടന്നു ചെന്നത് ഒരിക്കല്‍ രാവണന് ഇഷ്ടമായില്ല എന്നതാണിതിന് കാരണം. 
 
കാലങ്ങള്‍ക്ക് ശേഷം, ശ്രീരാമന്‍ രാവണനെ നിഗ്രഹിച്ചതിനുശേഷമേ സൂര്യന്‍ നേരേ ഉദിച്ചുള്ളൂ. ഈ സംഭവത്തില്‍ ജനങ്ങള്‍ക്കുള്ള ആഹ്ളാദം പ്രകടിപ്പിക്കുന്നതിനാണ് വിഷു ആഘോഷിക്കുന്നത്. 
 
വിഷുവിന്‍റെ തലേന്ന് ഗൃഹപരിസരങ്ങളിലെ ചപ്പും ചവറുമെല്ലാം അടിച്ച് വാരി കത്തിക്കുന്നത് രാവണവധം കഴിഞ്ഞ് ലങ്കാനഗരം ദഹിപ്പിക്കുന്നതിന്‍റെ പ്രതീകമായിട്ടാണെന്ന് വിശ്വസിക്കുന്നു.