തിരുവനന്തപുരം ജില്ല: വോട്ടര്‍മാര്‍ കൂടുതല്‍ അറയൂരില്‍, കുറവ് പൊന്മുടിയില്‍

Webdunia
ബുധന്‍, 9 ഏപ്രില്‍ 2014 (19:28 IST)
PRO
ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുളളത് നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തിലെ എണ്‍പത്തിമൂന്നാം നമ്പര്‍ പോളിങ്ബൂത്തിലാണ് - 1674 പേര്‍. (ലക്ഷ്മിവിലാസം ഹൈസ്‌ക്കൂള്‍, അറയൂര്‍, പടിഞ്ഞാറേ ബില്‍ഡിങ്). വാമനപുരം നിയോജകമണ്ഡലത്തിലെ തൊണ്ണൂറ്റിഒന്‍പതാം നമ്പര്‍ ബൂത്തിലാണ് ഏറ്റവും കുറവ് വോട്ടര്‍മാരുളളത് - 212 പേര്‍. (പൊന്മുടി യു.പി.എസ്., കിഴക്കേഭാഗം).

ജില്ലയിലെ കാല്‍കോടിയിലേറെ വരുന്ന വോട്ടര്‍മാര്‍ വ്യാഴാഴ്ച പോളിങ്ബൂത്തുകളിലെത്തി സമ്മതിദാനാവകാശം വിനിയോഗിക്കും. ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലെ 1246554 പേരും തിരുവനന്തപുരത്തെ 1267456 പേരും ഉള്‍പ്പെടെ ആകെ 2514010 പേരാണ് ജില്ലയില്‍ വോട്ടര്‍മാരായുളളത്.

പോളിങ്ബൂത്തില്‍ എത്തുന്നതിനുമുന്‍പ് വോട്ടറുടെ പേര് വോട്ടര്‍ പട്ടികയിലുണ്ടോ എന്ന കാര്യം ഉറപ്പുവരുത്തേണ്ടതുണ്ട്. ബൂത്തൂതല ഉദ്യോഗസ്ഥര്‍ ഫോട്ടോ വോട്ടേഴ്‌സ് സ്‌ളിപ്പുകള്‍ ഇതിനോടകം തന്നെ വീടുകളില്‍ എത്തിച്ചിട്ടുണ്ടാകും. ബൂത്തുതല ഉദ്യോഗസ്ഥര്‍ മുഖേന വോട്ടര്‍സ്ലിപ്പ് ലഭിക്കാത്തവര്‍ക്ക് പോളിങ്ബൂത്തുകളിലെ ഹെല്‍പ്പ്‌ഡെസ്‌കിന്റെ സഹായം തേടാം.

രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് മണിവരെ വോട്ടുചെയ്യുന്നതിനായി ബൂത്തുകള്‍ പ്രവര്‍ത്തിക്കും. വൈകീട്ട് ആറിന് ക്യൂവില്‍ നില്‍ക്കുന്ന അവസാനത്തെ വ്യക്തിക്ക് വരെ വോട്ടുചെയ്യാനുളള അവസരം ഒരുക്കിയതിനുശേഷം മാത്രമേ പോളിങ്ബൂത്ത് അടയ്ക്കുകയുളളൂ. വോട്ടര്‍മാര്‍ക്ക് വിപുലമായ സൗകര്യങ്ങളാണ് പോളിങ്ബൂത്തില്‍ ഇത്തവണ ഒരുക്കിയിരിക്കുന്നത്. ക്യൂവില്‍ നിന്ന് വേണം വോട്ട് ചെയ്യാന്‍. ഗര്‍ഭിണികള്‍, കുട്ടികളെ എടുത്തുകൊണ്ടുവരുന്ന സ്ത്രീകള്‍, അംഗപരിമിതര്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്ക് ക്യൂ നില്‍ക്കാതെ വോട്ട് രേഖപ്പെടുത്താനുളള സൗകര്യം ഏര്‍പ്പെടുത്തും.

അടിയന്തിര ചികിത്സാസൗകര്യവും വെയിലേല്‍ക്കാതെ ക്യൂനില്‍ക്കാനുളള സൗകര്യവും പോളിങ് ബൂത്തുകളിലുണ്ടാവും. വോട്ടുചെയ്യാന്‍ വരുന്നവര്‍ക്ക് കുടിവെളളം, ശൗചാലയം, അംഗപരിമിതര്‍ക്ക് റാംപ് എന്നിവ പോളിങ്ബൂത്തുകളിലുണ്ടായിരിക്കും.