വയനാട്ടില്‍ കൊടിനാട്ടാന്‍ മുരളി

Webdunia
വ്യാഴം, 9 ഏപ്രില്‍ 2009 (15:15 IST)
എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍ കെ മുരളീധരന്‍ വയനാട്ടില്‍ നിന്ന് ലോക്സഭയിലേക്ക് ജനവിധി തേടുമെന്ന് ഉറപ്പായി. ഇതുള്‍പ്പടെ നാലു സീറ്റില്‍ മത്സരിക്കാനാണ് എന്‍ സി പി തീരുമാനിച്ചിരിക്കുന്നത്.

എല്ലാ മണ്ഡലങ്ങളിലും പ്രാദേശികതലത്തിലുള്ള കൂട്ടുകെട്ടാണ് മുരളീധരന്‍ ലക്‍ഷ്യമിടുന്നത്. വയനാട്ടില്‍ ജനതാദളിന്‍റെയും സി പി എം പ്രവര്‍ത്തകരുടെയും വോട്ട് തനിക്ക് ലഭിക്കുമെന്ന് മുരളി കണക്കുകൂട്ടുന്നു. സി പി ഐ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തുക എന്ന ലക്‍ഷ്യത്തിന് ഇത്തവണ സി പി എമ്മിന്‍റെ പിന്തുണയുണ്ടാകുമെന്നാണ് എന്‍ സി പിയുടെ വിലയിരുത്തല്‍.

എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമുള്ള ജനതാദളും ശ്രമിക്കും. ഇതോടെ, വിജയിക്കാനായില്ലെങ്കിലും ഫലം നിര്‍ണയിക്കുന്ന നിര്‍ണായക ശക്തിയായി വയനാട്ടില്‍ എന്‍ സി പിക്ക് മാറാന്‍ കഴിയുമെന്നാണ് മുരളീധരന്‍റെ വിശ്വാസം.

എന്‍ സി പി മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സഹാ‍യിക്കുന്നവരെ മറ്റ് മണ്ഡലങ്ങളില്‍ തിരിച്ച് സഹായിക്കുമെന്ന് മുരളീധരന്‍ പറഞ്ഞു. എല്‍ഡിഎഫും കോണ്‍ഗ്രസും ശത്രുക്കളോ മിത്രങ്ങളോ അല്ല. പരസ്യമായി ആര് പിന്തുണ ആവശ്യപ്പെട്ടാലും സഹായം നല്‍കാന്‍ തയ്യാറാണ്. വയനാട്‌, കോഴിക്കോട്‌ മണ്ഡലങ്ങള്‍ എന്‍ സി പിയ്ക്ക് പ്രിയപ്പെട്ടവയാണെന്നും മുരളീധരന്‍ പറഞ്ഞു.

ഇടതു പിന്തുണയോടെ യു പി എ കേന്ദ്രത്തില്‍ അധികാരത്തില്‍ വരും. മൂന്നാം മുന്നണിയെന്ന സങ്കല്‍പം നിലനില്‍ക്കുന്നതല്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.