ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

Webdunia
വാദപ്രതിവാദങ്ങള്‍ക്കും കോലാഹലങ്ങള്‍ക്കുമൊടുവില്‍ ഇടതുമുന്നണി കേരളത്തിലെ ഇരുപത് ലോക്സഭാ മണ്ഡലങ്ങളിലെ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പൊന്നാനിയില്‍ ഇടതു സ്വതന്ത്രനായി ഡോ. ഹുസൈന്‍ രണ്ടത്താണി മത്സരിക്കും. ജനതാദളില്‍ നിന്നും പിടിച്ചെടുത്ത കോഴിക്കോട് സീറ്റില്‍ സി പി എമ്മിലെ മുഹമ്മദ്‌ റിയാസ് സ്ഥാനാര്‍ത്ഥിയാകും. വയനാട്ടില്‍ സി പി ഐയുടെ എം റഹ്‌മത്തുള്ളയാണ് സ്ഥാനാര്‍ത്ഥി.

ഇടതുമുന്നണി കണ്‍‌വീനര്‍ വൈക്കം വിശ്വനാണ് സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

സി പി എം സ്ഥാനാര്‍ത്ഥികള്‍: യു പി ജോസഫ്(ചാലക്കുടി), എം ബി രാജേഷ്(പാലക്കാട്), പി കെ ബിജു(ആലത്തൂര്‍), പി കരുണാകരന്‍(കാസര്‍കോഡ്), കെ സുരേഷ് കുറുപ്പ്( കോട്ടയം), സിന്ധു ജോയി(എറണാകുളം), കെ അനന്തഗോപന്‍(പത്തനംതിട്ട)‍, എ സമ്പത്ത്(ആറ്റിങ്ങല്‍), പി രാജേന്ദ്രന്‍(കൊല്ലം), കെ എസ് മനോജ്(ആലപ്പുഴ), പി സതീദേവി(വടകര), കെ കെ രാഗേഷ്(കണ്ണൂര്‍).

സി പി ഐ സ്ഥാനാര്‍ത്ഥികള്‍: പി രാമചന്ദ്രന്‍ നായര്‍(തിരുവനന്തപുരം)‍, ആര്‍ എസ് അനില്‍(മാവേലിക്കര), എം റഹ്‌മത്തുള്ള(വയനാട്), സി എന്‍ ജയദേവന്‍(തൃശൂര്‍).

കേരള കോണ്‍ഗ്രസ്(ജെ) സ്ഥാനാര്‍ത്ഥി: ഫ്രാന്‍സിസ് ജോര്‍ജ്ജ്(ഇടുക്കി).

കോഴിക്കോട് ലോക്സഭാ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ജനതാദള്‍ മുന്നണി വിടില്ലെന്ന് പ്രതീക്ഷിക്കുന്നതായി ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. കോഴിക്കോട് സീറ്റ് വിട്ടു കൊടുക്കില്ല എന്ന തീരുമാനത്തില്‍ മുന്നണി യോഗത്തില്‍ ജനതാദള്‍ ഉറച്ചുനിന്നതായി വിശ്വന്‍ പറഞ്ഞു. കോഴിക്കോടിന് പകരം വയനാട് സീറ്റ് നല്‍കാമെന്ന വാഗ്ദാനം ദള്‍ സ്വീകരിച്ചില്ല. 22ന് ചേരുന്ന ജനതാദള്‍ സംസ്ഥാന കൌണ്‍സില്‍ യോഗത്തില്‍ കടുത്ത നടപടികളൊന്നും ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ. ജനതാദള്‍ ഇടതു മുന്നണിയിലെ ഘടകകക്ഷിയായി തന്നെ പ്രവര്‍ത്തിക്കുമെന്ന് കരുതുന്നു. മന്ത്രിയുടെ രാജി ജനതാദള്‍ പിന്‍വലിക്കുമെന്നാണ് പ്രതീക്ഷയെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

പി ഡി പി ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മദനി നിര്‍ദ്ദേശിച്ചവരാരും തെരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ത്ഥികളായി വന്നിട്ടില്ല. മതേതര താല്പര്യം സംരക്ഷിക്കാന്‍ മുന്നോട്ടു വരുന്നവരോട് വരേണ്ട എന്ന് പാര്‍ട്ടി പറയില്ല. പി ഡി പി ഇടതു മുന്നണിയിലെ ഘടക കക്ഷിയല്ല. എന്ത് അന്വേഷണം വന്നാലും നേരിടാന്‍ തയ്യാറാണെന്ന് മദനി വ്യക്തമാക്കിയിട്ടുണ്ട്. മദനിക്കെതിരെ വന്ന ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ‘അന്വേഷിക്കും‘ എന്നു പറഞ്ഞിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി എന്ന നിലയില്‍ ഇത്തരം ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയതെന്ന് വിശ്വന്‍ പറഞ്ഞു.