തുള്ളല്‍

Webdunia
കൂത്തിന് മിഴാവു കൊട്ടിക്കൊണ്ടു നിന്ന നമ്പ്യാര്‍ ഉറക്കം തൂങ്ങിയതു കണ്ട് ചാക്യാര്‍ അദ്ദേഹത്തെ വളരെ ആക്ഷേപിച്ചുവെന്നും, ആ പക പോക്കുന്നതിനായി അന്നു രാത്രി തന്നെ ഒരു തുള്ളല്‍ക്കഥ നിര്‍മ്മിച്ച് പിറ്റേദിവസം കൂത്തിന്‍റെ സമയത്ത് കളിത്തട്ടില്‍കയറി നമ്പ്യാര്‍ തുള്ളിത്തുടങ്ങിയെന്നുമാണ് ഈ പ്രസ്ഥാനത്തിന്‍റെ ഉത്പത്തിയെപ്പറ്റിയുള്ള ഐതീഹ്യം.

കഥ കേള്‍ക്കാന്‍ രസമുള്ളാണെങ്കിലും, സത്യത്തിന്‍റെ അംശം അതില്‍ എത്രത്തോളമുണ്ടെന്നു നിശ്ഛയിക്കാന്‍ നിവൃത്തിയില്ല. "ദക്ഷന്‍ ആക്ഷേപിച്ചതുകൊണ്ട് കോപിഷ്ഠനായ ശിവന്‍ ജട നിലത്തടിച്ചപ്പോള്‍ വീരഭദ്രന്‍ ചാടിവീണതുപോലെ, ചാക്യാരാല്‍ അധിക്ഷിപ്തനായ നമ്പ്യാര്‍ പിറ്റേദിവസം അമ്പലപ്പുഴ കളിത്തട്ടില്‍ക്കയറിനിന്നപ്പോള്‍ തുള്ളലിനു വേണ്ട സകലസാമഗ്രികളും വന്നുകൂടി എന്ന് വാദിക്കുന്നത് ഭാഷയുടെ പൂര്‍വ്വചരിത്രത്തെക്കുറിച്ചുള്ള ദയനീയമായ അജ്ഞതയെ പ്രദര്‍ശിപ്പിക്കയാകുന്നു.' എന്ന് പി.കെ നാരായണപിളള പറയുന്നു.

തുള്ളള്‍ രീതികള്‍

നമ്പ്യാര്‍ക്കു മുന്‍പുതന്നെ ഓട്ടന്‍തുള്ളലുണ്ടായിരുന്നു. കണിയാന്മാരും വേലന്മാരുമാണ് അതു നടത്തിപ്പോന്നിരുന്നത്... കണിയാന്മാരുടെ കോലം തുളളലില്‍ ഇന്നും ഓട്ടന്‍തുള്ളലിന്‍റെ ജനകരൂപം കാണാം.

സന്ധ്യാവേളയില്‍ മുഖത്തു പച്ചതേച്ചു മുടിയണിഞ്ഞു പുറപ്പെടുന്ന ഐശ്വര്യ ഗന്ധര്‍വന്‍റെ വേഷം ഓട്ടന്‍തുള്ളല്‍വേഷത്തിന്‍റെ പൂര്‍വ്വരൂപം തന്നെയാണ്.

ഇതില്‍ നിന്നെല്ലാം ഊഹിക്കേണ്ടത്, ഓട്ടന്‍തുള്ളല്‍ കോലം തുള്ളലില്‍ നിന്ന് നമ്പ്യാര്‍ അനുകരിച്ചുവെന്നാണ്. പേരിന്‍റെ ഔചിത്യം മാത്രമേ ചിന്തനീയമായിട്ടുള്ളൂ...

" ഓട്ടന്‍' എന്ന വാക്കിന് ഓടിക്കുന്നവന്‍ എന്ന അര്‍ത്ഥമാണ് . കോലം തുള്ളല്‍ ബാധയൊഴിക്കാന്‍ വേണ്ടിയുളളതാണെന്നു പ്രസിദ്ധം.

ഓട്ടന്‍,പറയന്‍, ശീതങ്കന്‍ എന്ന് 3 രീതികള്‍.

ശീതങ്കന്‍ തുള്ളല്‍

ഉച്ച കഴിഞ്ഞാണ് ശീതങ്കന്‍ തുളളല്‍ നടത്തുന്നത്. മുഖത്തു തേപ്പും മിനുക്കും പാടില്ല. കണ്ണെഴുതും, വെളുത്ത പൊട്ടുതൊടും, തലയില്‍ കറുത്ത ഉറുമാലാണ് കെട്ടുന്നത്.

അതിനു മുമ്പായി വെളുത്ത വസ്ത്രംകൊണ്ടു തലയില്‍ "കൊണ്ട'കെട്ടും. തലമുടി വെച്ചു കെട്ടുന്നതുപോലെ തലയ്ക്കു മുകളിലായി ഒരു വശത്തേയ്ക്കു ചരിച്ചു തുണികൊണ്ട് ഏതാണ്ട് അരയടി ഉയരത്തില്‍ കെട്ടുന്നതാണ് കൊണ്ട എന്നു പറയുന്നത്. (കഥകളിയില്‍ സ്ത്രീവേഷക്കാരും ഇങ്ങനെ കൊണ്ട കെട്ടാറുണ്ട്).

കൊണ്ടയ്ക്കുമേല്‍ കറുത്ത ഉറുമാലും അതിനുപരി കുരുത്തോലമാലയും ആണ് അണിയുന്നത്. മാറിലും കുരുത്തോലകൊണ്ടുള്ള മാല ചാര്‍ത്തുന്നു. പാമ്പിന്‍റെ ആകൃതിയിലാണ് ഈ മാല കൊരുക്കുന്നത്. ചിലമ്പും കെച്ചയും രണ്ടു കാലിലും കെട്ടുന്നു. കടകം കുരുത്തോലകൊണ്ടാണുണ്ടാക്കുന്നത്.

പറയന്‍തുള്ളല്‍

ഇതിന് സര്‍പ്പത്തിമുടി പ്രത്യേകമുണ്ട്. ചെമന്ന പട്ടും തൊങ്ങലും ചാര്‍ത്തുന്നു. ചിലമ്പ് ഒറ്റക്കാലില്‍ മാത്രമേ പാടുള്ളൂ. അതു വലത്തെക്കാലിലായിരിക്കും. കെച്ചമണിയും അതേ കാലില്‍ മാത്രമാണ് കെട്ടുന്നത്.

കഴുത്തില്‍ മാല ചാര്‍ത്തും, ചന്ദനം പൂശും, മുഖത്തു തേപ്പും മിനുക്കുമില്ല, കണ്ണെഴുതുക മാത്രമേ ചെയ്യൂ. കാലത്താണ് പറയന്‍തുള്ളല്‍ നടത്തുന്നത്. ഒറ്റക്കാലിലേ നൃത്തമുളളൂ. അതു മിക്കവാറും മുറിയടന്തതാളത്തിലായിരിക്കും.

ഓട്ടന്‍തുള്ളല്‍

വളരെ വിസ്തരിച്ചുള്ള വേഷവിധാനമാണിതിന്. മനോഹരമായ വട്ടമുടിയാണ് ശിരസ്സില്‍. അതിനു മുന്‍പ് കറുത്ത ഉറുമാല്‍ കൊണ്ടു കൊണ്ട കെട്ടും. മുഖത്തു പച്ച തേയ്ക്കും. കണ്ണും പുരികവും വാലുനീട്ടി എഴുതും.

കണ്ണു ചുമക്കുന്നതിന് ചൂണ്ടപ്പൂവിടും. കടകകങ്കണങ്ങളും നെഞ്ചുപലകയും പ്യ്രത്യേകമുണ്ട്. കച്ചയും കെച്ചയും രണ്ടു കാലിലുമണിയും. "അമ്പലപ്പുഴക്കോണകം' കൊണ്ടുള്ള ഉടയാടയാണ് ധരിക്കുന്നത്.

ചടങ്ങുകള്‍ മൂന്നു ജാതി തുള്ളിലും ഏതാണ്ടൊരുപോലെയാണ്. ഒരു ചെറിയ മദ്ദളവും കൈമണിയുമാണ് മേളം. തുള്ളലിന് ,മറ്റു കേരളീയ നടനകലകള്‍ക്കെന്നപോലെ, പ്രത്യേക അരങ്ങു വേണമെന്നില്ല.

പായോ, പനമ്പോ താഴെ വിരിച്ച് അതിന്മേലാണ് സാധാരണ തുള്ളുക പതിവ്. മേളക്കാര്‍ നടന്‍റെ പിന്നില്‍ നില്‍ക്കുന്നു. നടന്‍ പാടിക്കൊടുക്കുന്നത് ഏറ്റു പാടേണ്ടത് പിന്നില്‍ നില്‍ക്കുന്ന മേളക്കാരാണ്. നടന്‍ പാടുകയും ആടുകയും ചെയ്യണം.

കഥകളിയിലെപ്പോലെ വിസ്തരിച്ചു കൈമുദ്ര കാണിക്കുന്ന പതിവ് തുള്ളലില്ല. പാട്ടിലെ പ്രധാനപ്പെട്ട ചില പദങ്ങള്‍ മാത്രമേ ആംഗ്യം കൊണ്ട് അഭിനയിക്കേണ്ടതുള്ളൂ. മേളക്കാര്‍ ഏറ്റുപാടുമ്പോള്‍ ഏതെങ്കിലും മുദ്ര പിടിച്ചുകൊണ്ട് നടന്‍ താളത്തിനൊപ്പിച്ചു നൃത്തം ചെയ്യണം.