തിലകനിലെ നടന്‍ ആത്മഹത്യ ചെയ്തുവോ?

Webdunia
തിങ്കള്‍, 8 ഫെബ്രുവരി 2010 (17:08 IST)
PRO
മലയാള സിനിമയിലെ പെരുന്തച്ചനാണ് തിലകന്‍. പകരം വയ്ക്കാനില്ലാത്ത അഭിനയ പാടവത്താല്‍ പതിറ്റാണ്ടുകളായി ഏവരെയും അത്ഭുതപ്പെടുത്തികൊണ്ടിരിക്കുന്ന നടന്‍. ഒരു നടന്‍ എന്നാല്‍ ജീവിതം സ്ക്രീനിലേക്ക് പരാവര്‍ത്തനം ചെയ്യുന്നയാളാണെന്ന് ഉറക്കെ വിളിച്ചു പറയുന്ന പ്രതിഭ. എന്നാല്‍ ഇപ്പോള്‍ തിലകന്‍ ഒരു വിവാദച്ചുഴിയിലാണ്. മലയാള സിനിമയിലെ ശക്തിസ്തംഭമായ മമ്മൂട്ടിയെയും സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്കയെയും ആരോപണശരങ്ങളില്‍ തറച്ച് വിവാദനായകനായി തിലകന്‍ മാറിയിരിക്കുന്നു.

‘ക്രിസ്ത്യന്‍ ബ്രദേഴ്സ്’ എന്ന സിനിമയില്‍ നിന്ന് ഫെഫ്കയും മമ്മൂട്ടിയും ചേര്‍ന്നാണ് തന്നെ ഒഴിവാക്കിയതെന്നാണ് തിലകന്‍റെ ആരോപണം. ഇത്തരം ഉപരോധങ്ങളും ഒഴിവാക്കലും തുടര്‍ന്നാല്‍ സമീപഭാവിയില്‍ തന്നെ തന്നിലെ നടന്‍ ആത്മഹത്യ ചെയ്യും എന്നാണ് തിലകന്‍ പറയുന്നത്. എന്നാല്‍ തിലകനിലെ നടന്‍ ആത്മഹത്യ ചെയ്തു കഴിഞ്ഞതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറയുന്നു.

“ശാരീരിക പ്രശ്നങ്ങള്‍ ബുദ്ധിമുട്ടിച്ചിരുന്ന കാലത്ത് തനിക്ക് ചെയ്യാന്‍ കഴിയില്ലെന്ന കാരണത്താല്‍ പല സിനിമകളും ഭരത് ഗോപി ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇപ്പോഴും ഏതു കഥാപാത്രത്തെയും ചെയ്യാനാകുമെന്നാണ് തിലകന്‍ പറയുന്നത്. അതായത്, തന്‍റെ ശാരീരികാവസ്ഥകള്‍ കണക്കിലെടുക്കാതെ ലഭിക്കുന്ന കഥാപാത്രങ്ങളെയെല്ലാം അദ്ദേഹം സ്വീകരിക്കുന്നു. ഇതിലൂടെ തന്‍റെ കഥാപാത്രങ്ങളോടും സിനിമയോടും തിലകന്‍ ഉത്തരവാദിത്തരാഹിത്യം കാണിക്കുകയാണ്. തന്നെ ഒഴിവാക്കി മറ്റൊരാളെ ഒരു സിനിമയില്‍ ഉള്‍പ്പെടുത്തി എന്നറിയുന്ന തിലകന്‍ സമരങ്ങളിലൂടെ തന്‍റെ കഥാപാത്രത്തെ തിരിച്ചുവാങ്ങാന്‍ ശ്രമിക്കുകയാണ്. തിലകനിലെ നടന്‍ എപ്പൊഴേ ആത്മഹത്യ ചെയ്തു കഴിഞ്ഞു എന്നാണ് ഇതെല്ലാം തെളിയിക്കുന്നത്” - ഉണ്ണികൃഷ്ണന്‍ പറയുന്നു.

അടുത്ത കാലത്തായി തിലകന് മികച്ച കഥാപാത്രങ്ങള്‍ ലഭിക്കുന്നില്ല എന്നത് സത്യമാണ്. എന്നാല്‍ അപൂര്‍വമായി മികച്ച കഥാപാത്രങ്ങളെ ലഭിക്കുമ്പോള്‍ അദ്ദേഹം അവ അവിസ്മരണീയമാക്കാറുണ്ട്. ‘ഏകാന്തം’ എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് ദേശീയപുരസ്കാരം ലഭിച്ചിട്ട് കാലം അധികമായിട്ടില്ല. അന്നും തിലകന് ശാരീരിക വൈഷമ്യങ്ങള്‍ ഉണ്ടായിരുന്നു എന്നത് മറന്നുകൂടാ.

പെരുന്തച്ചന്‍, മൂന്നാം പക്കം, കിരീടം, സ്ഫടികം, കുടുംബപുരാണം, കുടുംബവിശേഷം, യവനിക, സന്‍‌മനസുള്ളവര്‍ക്ക് സമാധാനം, നാടോടിക്കാറ്റ്, തനിയാവര്‍ത്തനം, അഥര്‍വ്വം, രാധാമാധവം, കാട്ടുകുതിര, കുട്ടേട്ടന്‍, മൂക്കില്ലാരാജ്യത്ത്, കിലുക്കം, സദയം, കൌരവര്‍, ഗമനം, അനിയത്തിപ്രാവ്, മീനത്തില്‍ താലികെട്ട്, ചിന്താവിഷ്ടയായ ശ്യാമള, ദി ട്രൂത്ത്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ തുടങ്ങി ‘തിലകന്‍’ എന്ന നടനെക്കുറിച്ച് ഓര്‍ക്കുമ്പോഴൊക്കെ എത്രയെത്ര സിനിമകളും കഥാപാത്രങ്ങളുമാണ് മനസിലേക്ക് ഇരച്ചുവരുന്നത്. ഈ കഥാപാത്രങ്ങളുടെ വ്യത്യസ്തതയും ഡെപ്തും മനസിലാക്കിയവര്‍ തിലകന്‍ എന്ന മഹാനടനെ തള്ളിപ്പറയുകയില്ല, ഒഴിവാക്കുകയുമില്ല.

മലയാള സിനിമയുടെ കാരണവന്‍‌മാരുടെ നിരയില്‍ ആദരിച്ചിരുത്തേണ്ടതിന് പകരം അവഹേളിക്കുകയും ആട്ടിപ്പായിക്കുകയുമാണ് ഇന്ന് ചിലര്‍ തിലകനോടു ചെയ്യുന്നത് എന്ന് പറയാതെ വയ്യ. മലയാളത്തിലെ ഏതു സൂപ്പര്‍താരവും ഗുരുതുല്യനായി കാണേണ്ട വ്യക്തിയാണ് തിലകന്‍. അദ്ദേഹത്തിന്‍റെ ചില പരാമര്‍ശങ്ങളെയും തുറന്നടിച്ചുള്ള അഭിപ്രായപ്രകടനത്തെയും സമീപിക്കേണ്ട രീതിയും വ്യത്യസ്തമാകേണ്ടതുണ്ട്. അദ്ദേഹത്തെ പടിയടച്ചു പുറത്താക്കാനുള്ള ശ്രമം അപലപനീയമാണെന്ന് പറയാതെ വയ്യ.

തിലകന്‍ എന്ന ജീനിയസിനെ ഫലപ്രദമായി ഉപയോഗിച്ച് മലയാള സിനിമയെ സമ്പന്നമാക്കാന്‍ നോക്കുന്നതിന് പകരം അദ്ദേഹത്തെ ഒഴിവാക്കാനുള്ള പ്രവണത സിനിമയെ സ്നേഹിക്കുന്നവര്‍ അംഗീകരിക്കും എന്ന് കരുതാനാവില്ല. തിലകനിലെ നടന്‍ ആത്മഹത്യ ചെയ്തു എന്ന് പ്രഖ്യാപിക്കുന്നവര്‍ മലയാള സിനിമയ്ക്ക് എന്ത് സംഭാവനയാണ് നല്‍കിയിട്ടുള്ളത് എന്നത് വിശകലന വിധേയമാക്കേണ്ടതാണ്. തിലകന്‍ മലയാള സിനിമയ്ക്ക് ആരാണ് എന്നത് അപ്പോള്‍ ബോധ്യമാകും.