സ്ത്രീ കുറ്റവാളികള്‍ രചിച്ച രക്തചരിത്രം!

Webdunia
വ്യാഴം, 11 ഓഗസ്റ്റ് 2016 (22:13 IST)
സ്ത്രീകള്‍ പുരുഷന്‍‌മാര്‍ക്ക് തുല്യര്‍ തന്നെയാണെന്ന കാര്യത്തില്‍ സംശയമൊന്നും വേണ്ട. എന്നാല്‍ കുറ്റവാസനയുടെ കാര്യത്തിലും അത് അങ്ങനെതന്നെയാണെന്ന് സ്ത്രീ കുറ്റവാളികളുടെ കണക്ക് പരിശോധിച്ചാല്‍ മനസിലാകും. ഇന്ത്യയില്‍ തന്നെ മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ പൊലീസ് ഉള്‍പ്പെടുത്തിയിട്ടുള്ള വനിതാ കുറ്റവാളികളുടെ കേസ് ഹിസ്റ്ററി പരിശോധിച്ചാല്‍ ഞെട്ടിത്തരിച്ചുപോകും.
 
അതില്‍ ഒന്നാം സ്ഥാനത്തുള്ള കുറ്റവാളി രേഷ്മ മേമനാണ്. സാക്ഷാല്‍ ടൈഗര്‍ മേമന്‍റെ ഭാര്യ. ഷബാന മേമന്‍ എന്നും ഇവര്‍ അറിയപ്പെടുന്നുണ്ട്. ഇപ്പോള്‍ പാകിസ്ഥാനിലെ കറാച്ചിയില്‍ താമസിക്കുന്നു എന്നാണ് വിവരം.
 
അധോലോക റാണിയെന്നൊക്കെ വിശേഷിപ്പിക്കാവുന്ന ശോഭ അയ്യര്‍ ഇന്ത്യന്‍ പൊലീസിന്‍റെ ഏറെക്കാലമായുള്ള തലവേദനയാണ്. അവര്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ശോഭ അയ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
 
ബബ്‌ലു ശ്രീവാസ്തവ ഗ്യാംഗിലെ പ്രധാനിയായിരുന്ന അര്‍ച്ചന ബാല്‍‌മുകുന്ദ് ശര്‍മ്മ സ്ത്രീ കുറ്റവാളികളില്‍ കുപ്രസിദ്ധയാണ്. കിഡ്നാപ്പിംഗ് ആണ് ഇവരുടെ ഏറ്റവും വലിയ ഹോബി. ഒട്ടേറെ തട്ടിക്കൊണ്ടുപോകല്‍ കേസുകള്‍ ഇവരുടെ പേരിലുണ്ട്. ഇപ്പോള്‍ ഏതോ ഒരു വിദേശരാജ്യത്ത് അധോലോക പ്രവര്‍ത്തനങ്ങളുമായി കഴിയുന്നു എന്നാണ് വിവരം.
 
അധോലോകനായകന്‍ അബു സലീമിന്‍റെ മുന്‍ ഭാര്യ സമൈറ ജുമാനി ഇപ്പോള്‍ അമേരിക്കയിലെവിടെയോ ഉണ്ടെന്നാണ് വിവരം. ഒരുപാട് തട്ടിപ്പുകേസുകളിലും ബോംബ് സ്ഫോടന കേസുകളിലും ഇവരുടെ പങ്കാളിത്തം പൊലീസിന് വ്യക്തമായിട്ടുണ്ട്.
 
കോടികളുടെ സാമ്പത്തിക തട്ടിപ്പുകേസുകളിലെ പ്രതി അഞ്ജലി മാക്കനെക്കുറിച്ചും ഇപ്പോള്‍ വിവരമൊന്നുമില്ല. വ്യാജരേഖകള്‍ ചമച്ച് തട്ടിപ്പ് നടത്താന്‍ വിദഗ്ധയാണ് അഞ്ജലി എന്നാണ് കേസ് ഡയറിയില്‍ തെളിയുന്നത്.
 
വ്യാജച്ചാരായം നിര്‍മ്മാണവും കടത്തലും കരിഞ്ചന്തയുമൊക്കെ നടത്തി കുപ്രസിദ്ധയായ ബേല ആന്‍റിക്കും നമ്മുടെ കുറ്റചരിത്രത്തില്‍ പ്രധാന ഇടമുണ്ട്. അധോലോകരാജാവായിരുന്ന വരദരാജ മുതലിയാര്‍ക്ക് പോലും തന്‍റെ ഹൃദയഭൂമിയായ ധാരാവിലെ ബേല ആന്‍റിയുടെ ചാരായ ബിസിനസിന് തടയിടാന്‍ കഴിഞ്ഞില്ലത്രേ.
 
ജേന ബി, ശില്‍പ്പ സാവേരി, റുബീന സിറാജ് സൈയിദ്, സീമ പരിഹാര്‍, ഫൂലന്‍ ദേവി തുടങ്ങിയ സ്ത്രീ കുറ്റവാളികളെയും ഓര്‍ക്കാതെ ഇന്ത്യയുടെ രക്തചരിത്രം പൂര്‍ത്തിയാകില്ല.
Next Article