അത്രമേല്‍ കൊതിപ്പിക്കുന്നതെന്താണ് ജെല്ലിക്കെട്ട് ഒളിപ്പിക്കുന്നത് ?

ചൊവ്വ, 10 ജനുവരി 2017 (15:58 IST)
ജെല്ലിക്കെട്ട് എന്ന് കേള്‍ക്കുമ്പോള്‍ ആവേശം കൊള്ളാന്‍ മാത്രം കൊതിപ്പിക്കുന്ന എന്താണ് അതിലുള്ളത്, ആവേശം വാനോളം ഉയര്‍ത്തുന്ന, കാഴ്ചക്കാരെ ആവേശത്തിന്റെ കൊടുമുടിയിലേക്ക് എത്തിക്കുന്ന ജെല്ലിക്കെട്ട്, അവിശ്വസനീയമായ കാഴ്ചകള്‍ നമുക്ക് മുന്നില്‍ തുറന്നിടുന്ന ജെല്ലിക്കെട്ട്, മനുഷ്യര്‍ കാളകളെ മെരുക്കുന്ന ഈ പരമ്പരാഗതവിനോദം ഇപ്പോള്‍ വിവാദ കുരുക്കിലാണ്. എന്നാല്‍, പൊങ്കലിന്റെ ആശയും ആവേശവുമായ ജെല്ലിക്കെട്ടിനെ തള്ളിപ്പറയാന്‍ സാധാരണക്കാര്‍ തയ്യാറല്ല എന്നതിന്റെ തെളിവാണ് ജെല്ലിക്കെട്ടിനെ അനുകൂലിച്ചു വന്നുകൊണ്ടിരിക്കുന്ന പ്രസ്താവനകള്‍. 
 
ഉലകനായകന്‍ കമല്‍ഹാസന്‍ ആണ് ജെല്ലിക്കെട്ടിനെ അനുകൂലിച്ച് രംഗത്തെത്തിയ പ്രമുഖരില്‍ ഒരാള്‍. താന്‍ ജെല്ലിക്കെട്ടിന്റെ കടുത്ത ആരാധകനാണ് എന്ന് വ്യക്തമാക്കിയ കമല്‍ഹാസന്‍ ജെല്ലിക്കെട്ടിനു നിരോധനം ഏര്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ ബിരിയാണിക്കും നിരോധനം ഏര്‍പ്പെടുത്തണം എന്നാണ് പറഞ്ഞത്. കാളകളെ ശാരീരികമായി ആക്രമിക്കലല്ല ജെല്ലിക്കെട്ട്, അവയെ പിടിച്ചു നിര്‍ത്തുകയെന്നതാണ്. സ്പെയിനില്‍ നടത്തിവരുന്ന കാളപ്പോരില്‍ നിന്ന് ജെല്ലിക്കെട്ടിനെ വ്യത്യസ്തമാക്കുന്നതും അതേസമയം, വിവാദമാക്കുന്നതും ഇക്കാരണം തന്നെയാണ്. മനുഷ്യരുടെ പതിന്മടങ്ങ് ശക്തിയുള്ള കാളകളെയാണ് മനുഷ്യര്‍ക്ക് ജെല്ലിക്കെട്ടില്‍ കീഴ്പ്പെടുത്തേണ്ടി വരിക. പൊങ്കലിനോട് അനുബന്ധിച്ച് നടന്നുവരുന്ന ജെല്ലിക്കെട്ട് തമിഴ്മക്കള്‍ക്ക് ജീവിതത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമാണ്.
 
പൊങ്കല്‍ ആഘോഷങ്ങളോട് അനുബന്ധിച്ച് പാരമ്പര്യ ആചാരത്തിന്റെ ഭാഗമായും ദേവപ്രീതിക്കുമായാണ് ജെല്ലിക്കെട്ട് നടത്തുന്നത്. ഏതായാലും, ഇത്തവണ ജെല്ലിക്കെട്ട് നടക്കണമെങ്കില്‍ കേന്ദ്രം പ്രത്യേക ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണം. ഇക്കാര്യം മുഖ്യമന്ത്രി പനീര്‍സെല്‍വം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ജെല്ലിക്കെട്ട് ഇത്തവണ പ്രതിസന്ധിയിലാകും.
 
കേന്ദ്രസര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാത്തതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ജെല്ലിക്കെട്ട് നടത്താന്‍ കഴിയാത്ത സാഹചര്യം ഉണ്ടായിരുന്നു. ജെല്ലിക്കെട്ട് നിരോധിക്കുന്ന 2014ലെ ഉത്തരവ് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. കഴിഞ്ഞവര്‍ഷം ജെല്ലിക്കെട്ട് നടത്തുന്നതിനു കേന്ദ്രസര്‍ക്കാര്‍ തിരക്കിട്ട് വിജ്ഞാപനം കൊണ്ടുവന്നെങ്കിലും സുപ്രീംകോടതിയില്‍ ഇത് ചോദ്യം ചെയ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് വിജ്ഞാപനം കേന്ദ്രസര്‍ക്കാരിന് റദ്ദാക്കേണ്ടി വന്നു.
 
കാളകളെ ക്രൂരതയ്ക്ക് വിധേയമാക്കുന്നു എന്ന വാദമുഖവുമായി മൃഗസംരക്ഷണ വകുപ്പ് സുപ്രീംകോടതിയെ സമീപിച്ചതാണ് വിവാദത്തിന് കാരണമായത്. എന്നാല്‍, പാരമ്പര്യം നെഞ്ചില്‍ പേറുന്ന തമിഴ്മക്കള്‍ക്ക് ജെല്ലിക്കെട്ടിനെ അത്ര പെട്ടെന്നൊന്നും മനസ്സില്‍ നിന്നും മാറ്റാന്‍ പറ്റില്ല. കാരണം, ഇതൊരു തമിഴ് പരമ്പരാഗത കായികവിനോദമാണ് എന്നതു തന്നെ. ഒരു കാലത്ത്, ജെല്ലിക്കെട്ടില്‍ കാളയെ മെരുക്കുന്നവരെ ആയിരുന്നു തമിഴ് യുവതികള്‍ വിവാഹം ചെയ്തിരുന്നുള്ളൂ എന്ന് തമിഴ് സാഹിത്യത്തില്‍ പറയുന്നു. വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന പരിശീലനം സിദ്ധിച്ചാണ് ജെല്ലിക്കെട്ടിനായി ഓരോ കാളയും എത്തുന്നത്. ഇപ്പോള്‍ നടത്തിവരുന്ന രീതിയില്‍ തന്നെയാണ് കഴിഞ്ഞ 400 വര്‍ഷക്കാലമായി ജെല്ലിക്കെട്ട് നടക്കുന്നത്.
 
മനുഷ്യരേക്കാളും പത്തിരട്ടി ശക്തിയുള്ള കാളകളെയാണ് ജെല്ലിക്കെട്ടിനായി എത്തിക്കുന്നത്. ഇവരെ കീഴടക്കുന്ന മനുഷ്യരെ അസാമാന്യ നെഞ്ചുറുപ്പുള്ളവരും ധൈര്യവാന്മാരുമെന്ന് തമിഴ് സമൂഹം കണക്കാക്കുന്നു. തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയില്‍ ഇത്തവണ ജെല്ലിക്കെട്ട് തമിഴ്നാട്ടില്‍ നടക്കുമോ ഇല്ലയോ എന്നാണ് ജെല്ലിക്കെട്ട് ആ‍രാധകര്‍ ഉറ്റു നോക്കുന്നത്.

വെബ്ദുനിയ വായിക്കുക