വാളയാര്‍ അട്ടപ്പളളത്ത് പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇതുവരെയും ദുരൂഹത അവസാനിക്കുന്നില്ല. വെറും 52 ദിവസങ്ങളുടെ ഇടവേളയിലായിരുന്നു രണ്ടുപേരും ഒരേ രീതിയില്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശെല്‍വപുരം ഷാജി - ഭാഗ്യം ദമ്പതികളുടെ ഇളയമകളായ ശരണ്യയെ കഴിഞ്ഞ ആഴ്ചയിലാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജനുവരി 13നായിരുന്നു ശരണ്യയുടെ മൂത്ത സഹോദരി ഹൃത്വികയെ സമാനമായ രീതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുട്ടികള്‍ രണ്ടു പേരും ഒരേ രീതിയിലാണ് തൂങ്ങി മരിച്ചതെന്നതാണ് ഇക്കാര്യത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്. കട്ടിലില്‍ കയറി നിന്നാല്‍ പോലും രണ്ട് കുട്ടികള്‍ക്കും എത്താത്ത ഉയരത്തിലാണ് ഇവരുടെ വീടിന്റെ ഉത്തരമെന്നത് സംഭവത്തിന്റെ ദുരൂഹതവര്ദ്ധിപ്പിക്കുന്നു. ഇവര്‍ക്ക് ഒറ്റക്ക് ഉത്തരത്തില്‍ എത്തിപ്പിടിക്കാന്‍ സാധിക്കില്ല. രണ്ടു സംഭവം നടക്കുമ്പോഴും മുത്തശ്ശിയും ഇളയ ആണ്‍കുട്ടിയും പുറത്ത് പോയിരുന്നതായി പറയുന്നുണ്ട്. കൂലി പണിക്കാരായ മാതാപിതാക്കള്‍ ജോലി കഴിഞ്ഞ് വന്നപ്പോഴാണ് ഇരു കുട്ടികളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരിച്ച സഹോദരിമാരിലെ മൂത്തകുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നും അടുത്ത ബന്ധുവാണ് കുട്ടിയെ പീഡിപ്പിച്ചതെന്നും കിട്ടിയുടെ മാതാവ് പൊലീസിന് മൊഴി നല്‍കിയിരുന്നു. കുട്ടിയെ ഇയാള്‍ പിഡിപ്പിച്ചെന്ന കാര്യം തനിക്ക് ബോധ്യപ്പെട്ടപ്പോള്‍ അയാളെ താക്കീത് ചെയ്തതായും മാതാവ് പറയുന്നു. മൂത്തകുട്ടി മരിച്ച ദിവസം വീട്ടില്‍ രണ്ടു പേര്‍ വന്നിരുന്നുവെന്ന് ഇളയകുട്ടി തന്നോട് പറഞ്ഞിരുന്നതായും അമ്മ മൊഴി നല്‍കി. സംഭവത്തില്‍ ഇവരുടെ ബന്ധുവിനെയും നാട്ടുകാരനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.
സഹോദരിമാരായ രണ്ടു പെൺകുട്ടികൾ ഒരേ രീതിയിൽ തൂങ്ങി മരിക്കണമെങ്കില്‍ തക്കതായ കാരണമുണ്ടാകുമെന്ന് പൊലീസ് ഉറച്ചു വിശ്വസിക്കുന്നു. അതേസമയം, ഈ കുട്ടികള്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും പറയുന്നത്. എന്നാല്‍ കൊലപാതകത്തിനുള്ള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്ന ഒരു തെളിവും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ നിന്ന് ലഭിച്ചിട്ടില്ല. ഹൃത്വികയുമായി അടുപ്പമുണ്ടായിരുന്ന യുവാവിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. മൊബൈല്‍ ഫോണുകളും പരിശോധിച്ചുവരുന്നു.