ബാങ്കിനു മുന്നില്‍ ഇപ്പോഴും ‘ക്യൂ’ നില്‍ക്കുവാണോ?; എന്നാല്‍, ഇക്കാര്യങ്ങള്‍ മറക്കണ്ട
വെള്ളി, 18 നവംബര്‍ 2016 (19:02 IST)
രാജ്യം കണ്ട ഏറ്റവും വലിയ ‘ക്യൂ’കളാണ് ഈ ദിവസങ്ങളില്‍ ഇന്ത്യയില്‍ ഉണ്ടായത്, ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ബിവറേജസിനു മുന്നില്‍ മാത്രം വളരെ അച്ചടക്കത്തോടെ കണ്ടു കൊണ്ടിരുന്ന ‘ക്യൂ’കള്‍ ഇപ്പോള്‍ ബാങ്കുകള്‍ക്കു മുന്നിലും എ ടി എമ്മുകള്‍ക്ക് മുന്നിലുമാണ്. കാരണം, നോട്ട് അസാധുവാക്കപ്പെട്ട ആ അര്‍ദ്ധരാത്രി തന്നെ. കൈവശമുള്ള അസാധുവായ നോട്ടുകള്‍ മാറ്റി വാങ്ങാനും കാലിയായ എ ടി എമ്മുകളില്‍ പണം നിറയുമ്പോള്‍ എടുക്കുന്നതിനു വേണ്ടിയാണ് ജനം ക്യൂ നിന്നത്. പണമില്ലാതെ ജീവിക്കാന്‍ കഴിയില്ല എന്നതിനാല്‍ അച്ചടക്കത്തോടെ നിരനിരയായി മണിക്കൂറുകള്‍, ദിവസങ്ങള്‍ ഒക്കെയാണ് പൊതുജനം കാത്തുനിന്നത്.
‘ക്യൂ’ എന്നതിന്റെ ഗുണം ഇന്ത്യയിലെ ജനം ഏറ്റവും കൂടുതല്‍ അനുഭവിച്ചതും ഈ നാളുകളില്‍ ആയിരിക്കും. ‘ക്യൂ’ അഥവാ ക്രമമായി ഒരു വരിയില്‍ നില്‍ക്കുന്നത് മര്യാദയുടെ ഭാഗം കൂടിയാണ്. ഉദാഹരണത്തിന്, എ ടി എമ്മില്‍ നിന്ന് പണം എടുക്കണം. ‘കൈയൂക്കുള്ളവര്‍ കാര്യക്കാരന്‍’ നിലപാട് ആണ് പണം എടുക്കാന്‍ വരുന്നവര്‍ ഫോളോ ചെയ്യുന്നതെങ്കില്‍ ഉന്തും തള്ളും കൂടാന്‍ അറിയാത്തവര്‍ക്ക് കാഴ്ചക്കാരായി നില്‍ക്കാനേ കഴിയൂ. എന്നാല്‍, ‘ക്യൂ’നില്‍ക്കുന്നതോടെ എല്ലാവര്‍ക്കും ആദ്യം എത്തിയവര്‍ക്ക് അനുസരിച്ച് അവസരം ക്രമമായി ലഭിക്കും.
ഒരു കാര്യത്തിനയി ‘ക്യൂ’ നില്‍ക്കുമ്പോള്‍ ശ്രദ്ധിക്കാനുമുണ്ട് കാര്യങ്ങള്‍
1. ഒരിക്കല്‍ ‘ക്യൂ’വില്‍ നിന്നു കഴിഞ്ഞാല്‍ അവിടെ തന്നെ തുടരുക.
2. ‘ക്യൂ’ നില്‍ക്കുന്നതിനു മുമ്പ് തന്നെ എത്ര സമയം നില്‍ക്കേണ്ടി വരുമെന്ന് അന്വേഷിക്കാം.
3. ‘ക്യൂ’വില്‍ നിങ്ങള്‍ക്ക് പകരം ആരെയെങ്കിലും നിര്‍ത്തുന്നുണ്ടെങ്കില്‍ അറിയാവുന്നവരെ നിര്‍ത്തുക.
4. ഒരിക്കലും ആരുടെയെങ്കിലും പിന്നില്‍ താന്‍ ഉണ്ടെന്ന് പറഞ്ഞിട്ട് ‘ക്യൂ’ വില്‍ നിന്ന് പോകാതിരിക്കുക. നിങ്ങളുടെ പിന്നില്‍ ആരെങ്കിലും എത്തുന്നതിനായി കാത്തുനില്‍ക്കുക. നിങ്ങളുടെ പിന്നില്‍ നില്‍ക്കാന്‍ ആള്‍ എത്തിയതിനു ശേഷം അയാളോട് പറഞ്ഞിട്ട് എന്തെങ്കിലും അത്യാവശ്യകാര്യത്തിനായി പോകുക.
5. നിങ്ങള്‍ ‘ക്യൂ’ നില്‍ക്കുകയാണെങ്കില്‍ മറ്റുള്ളവരെയും ബഹുമാനിക്കുക. കൂടാതെ, ഫോണില്‍ സംസാരിക്കുമ്പോള്‍ ശബ്‌ദം കുറച്ച് സംസാരിക്കാന്‍ ശ്രദ്ധിക്കുക.
6. നിങ്ങള്‍ കൊണ്ടുപോകുന്ന സാധനങ്ങള്‍ ഒപ്പം സൂക്ഷിക്കുക.
7. നിങ്ങള്‍ ‘ക്യൂ’വില്‍ നിന്ന് പുറത്തു പോയാല്‍ നിങ്ങളുടെ അവസരം നഷ്‌ടപ്പെടാനുള്ള സാഹചര്യം ഉണ്ട്. ഇക്കാര്യം എപ്പോഴും ഓര്‍മ്മിക്കുക.
8. ചിലപ്പോള്‍ അവസാനമില്ലാത്ത ഒരു ക്യൂവിന്റെ ഭാഗമായിരിക്കും നിങ്ങള്‍. പക്ഷേ, ക്ഷമയോടെ കാത്തിരിക്കുക.
9. ‘ക്യൂ’വില്‍ നിങ്ങള്‍ ആര്‍ക്കെങ്കിലും വേണ്ടി സ്ഥലം പിടിക്കുന്നുണ്ടെങ്കില്‍ പിന്നില്‍ നില്‍ക്കുന്നയാളെ ഇക്കാര്യം അറിയിക്കുക. പിന്നീടുള്ള സംഘര്‍ഷം ഒഴിവാക്കാന്‍ ഇത് സഹായിക്കും.
10. ആരെങ്കിലും ‘ക്യൂ’ തെറ്റിക്കുന്നു എന്ന് നിങ്ങള്‍ക്ക് തോന്നിയാല്‍ വളരെ മാന്യമായി അവരോട് സംസാരിച്ച് കാര്യങ്ങള്‍ മനസ്സിലാക്കുക.
11. ‘ക്യൂ’വില്‍ നില്‍ക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ അവസരത്തിനു വേണ്ടി കാത്തിരിക്കുക.