അമ്പലത്തിനുള്ളില്‍ വാസമാകാന്‍ ഇനി മോഡിയും ജയലളിതയും; രാജ്‌കോട്ടില്‍ മോഡിക്കും വെല്ലൂരില്‍ അമ്മയ്ക്കും അമ്പലങ്ങള്‍

Webdunia
ബുധന്‍, 2 മാര്‍ച്ച് 2016 (15:43 IST)
ആരാധന മൂത്ത് അമ്പലം പണിയുന്നത് തമിഴ്‌നാട്ടില്‍ പതിവാണ്. നടനും സംവിധായകനും തമിഴ്നാട് മുഖ്യമന്ത്രിയുമായിരുന്ന എം ജി ആര്‍, ഖുശ്‌ബു, രജനികാന്ത്, നമിത, പൂജ ഉമാശങ്കര്‍ മുതലായ കോളിവുഡ് താരങ്ങള്‍ക്ക് തമിഴ്നാട്ടില്‍ അമ്പലം പണി കഴിപ്പിച്ചിട്ടുണ്ട്. ബോളിവുഡ് താരമായ അമിതാഭ് ബച്ചനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആയിരുന്ന മായാവതി രാഷ്‌ട്രപിതാവായ മഹാത്മ ഗാന്ധി എന്നിവര്‍ക്കായും അമ്പലം പണി കഴിപ്പിച്ചിട്ടുണ്ട്. നയൻതാരയ്ക്ക് വേണ്ടി ആരാധകര്‍ അമ്പലം പണിയുന്നതിന് ഒരുങ്ങിയെങ്കിലും തനിക്ക് വേണ്ടി അമ്പലം പണിയരുത് എന്നാണ് നയൻസ് ആരാധകരോട് പറഞ്ഞത്.
 
എന്നാല്‍, ഇപ്പോള്‍ തമിഴ്നാട്ടില്‍ മുഖ്യമന്ത്രി ജയലളിതയ്ക്കും രാജ്‌കോട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും അമ്പലം പണിയുകയാണ്. തമിഴ്നാട്ടിലെ വെല്ലൂരില്‍ അമ്മ ഭക്തനാണ് ‘അമ്മ ആലയം’ പണിയുന്നത്. 37 വയസ്സുള്ള എ പി ശ്രീനിവാസന്‍ ആണ് അമ്മയ്ക്കുള്ള ആലയവുമായി മുന്നോട്ടു പോകുന്നത്. എ ഐ എ ഡി എം കെയുടെ സജീവപ്രവര്‍ത്തകനാണ് ഇയാള്‍. വിരുഗമ്പാക്കം മണ്ഡലത്തിലെ യുവജനവിഭാഗം ജോയിന്റ് സെക്രട്ടറിയാണ് ഇദ്ദേഹം. വെല്ലൂരില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ ഐപ്പേട് ഗ്രാമത്തില്‍ 1, 200 ചതുരശ്ര അടി വിസ്തൃതിയിലാണ് അമ്പലം പണിയുന്നത്. അമ്പലം പണിയുന്നതിന് അമ്പതു ലക്ഷത്തോളം രൂപ ചെലവു വരുമെന്നാണ് കരുതുന്നത്. അമ്മ ആലയത്തില്‍ ആറടി പൊക്കമുള്ള ജയലളിതയുടെ വെങ്കലപ്രതിമകള്‍ ഉണ്ടാകും. കൂടാതെ, ജയലളിതയുടെ നേട്ടങ്ങളും ജീവിതവും വിവരിക്കും. 
 
ജയലളിതയ്ക്ക് അമ്പലം പണിയുന്ന വാര്‍ത്തകള്‍ വരുന്നതിനു മുമ്പേ എത്തിയതാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അനുയായികള്‍ രാജ്‌കോട്ടില്‍ അദ്ദേഹത്തിനു വേണ്ടി അമ്പലം ഒരുക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍. ഗുജറാത്തില്‍ ആദ്യമായിട്ടായിരുന്നു ജീവിച്ചിരിക്കുന്ന ഒരാള്‍ക്ക് വേണ്ടി അമ്പലം പണിതത്. ഏകദേശം 350 അംഗങ്ങളുള്ള ഒരു സംഘമാണ് മോഡിക്ക് അമ്പലം പണിയുന്നതിന് മുന്‍കൈ എടുത്തത്. ആളുകളുടെ അടുത്തു നിന്ന് സംഭാവന സ്വീകരിച്ചു കൊണ്ടാണ് അമ്പലം പണിയുന്നത്. രാജ്‌കോട്ടില്‍ നിന്ന് അസംബ്ലി തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിച്ച് മുഖ്യമന്ത്രിയായ കാലം മുതല്‍ തങ്ങള്‍ മോഡിയെ ദൈവമായി ആരാധിക്കുന്നുന്നെന്നും ഓം യുവ ഗ്രൂപ്പ് നേതാവ് ജയേഷ് പട്ടേല്‍ പറഞ്ഞു.
 
മോഡിയുടെ മുഖ്യമന്ത്രിയായുള്ള പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ തൃപ്‌തരായിരുന്നു. ഇപ്പോള്‍, പ്രധാനമന്ത്രിയായുള്ള പ്രവര്‍ത്തനങ്ങളിലും തൃപ്‌തരാണ്. അതിനാലാണ് അദ്ദേഹത്തിന് അമ്പലം പണിയുന്നത്. 1.7 ലക്ഷം രൂപയാണ് മോഡിക്കുള്ള അമ്പലം പണിയുന്നതിനായി നീക്കി വെച്ചിരിക്കുന്നത്. അമ്പലം പണിതുവരുമ്പോള്‍ ഏകദേശം ഏഴു ലക്ഷം രൂപയാകുമെന്നാണ് ഇവര്‍ കണക്കാക്കുന്നത്. അമ്പലം പണിയുന്നതിനായി ഒരു മാസം അയ്യായിരം മുതല്‍ പതിനയ്യായിരം രൂപ വരെയാണ് ഓരോ അംഗങ്ങളും സമ്പാദിക്കുന്നത്.
 
ഏതായാലും, തമിഴ്‌നാട്ടിലെ അമ്മ ഭക്തര്‍ ‘അമ്മ ആലയ’ത്തിനായും ഗുജറാത്തിലെ മോഡി ഭക്തര്‍ ‘മോഡി അമ്പല’ത്തിനായും കാത്തിരിക്കുകയാണ്.