ഉറക്കം കളയുന്ന ചന്ദ്രന്‍

Webdunia
തിങ്കള്‍, 14 ജൂലൈ 2014 (11:40 IST)
രാത്രിയില്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കേണ്ടിവരിക അസ്സഹനീയമാണ്. പലപ്പോഴും കാരണമൊന്നുമില്ലാതെ രാത്രിയില്‍ ഉറക്കം പാതിവഴിയില്‍ മുറിഞ്ഞ് പുലരുവോളം ഉണര്‍ന്ന് കിടക്കേണ്ടി വരാറുമുണ്ട്. എന്താണ് ഇതിനു കാ‍രണം എന്ന് ഗവേഷകര്‍ പലഓഓഇഴും ഉറക്കം കളഞ്ഞ് ആലോചിച്ചിട്ടുമുണ്ട്.
 
എന്നാല്‍ കാരണം ഇപ്പോള്‍ കണ്ടുപിടിച്ചിരിക്കുന്നു. ഉറക്കം കളയുന്ന വില്ലന്‍ മറ്റാരുമല്ല, പൂര്‍ണ്ണ ചന്ദ്രനാണത്രെ! ഗോദന്‍ബെര്‍ഗ് യൂണി വേഴ്സിറ്റിയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായ മിഖായേല്‍ സ്മിത്ത് ആണ് ഉറക്കക്കുറവിന് കാരണം പൂര്‍ണ്ണ ചന്ദ്രനാണെന്ന വാദവുമായി രംഗത്ത് വന്നിരിക്കുന്നത്.
 
വെറുതേയൊരു വാദമല്ല, സംഗതി അല്‍പ്പം കാര്യമായിട്ടാണ്. നാല്‍പത്തിയേഴ് ആളുകളുടെ ഉറക്കം നിരീക്ഷിച്ച ശേഷമാണ് ശാസ്ത്രഞ്ജര്‍ പുതിയ കണ്ടെത്തലിനെക്കുറിച്ച് വെളിപ്പെടുത്തിയത്. മറ്റു ദിവസങ്ങളെ അപേക്ഷിച്ച്  പൂര്‍ണ്ണ ചന്ദ്രനുള്ള ദിവസം 25 മുതല്‍ 50 മിനിറ്റ് വരെ ആളുകള്‍ക്ക് ഉറക്കം നഷ്ടപ്പെടാറുണ്ട് എന്നാണ് ഗവേഷകര്‍ പറയുന്നത്.
 
ഭൂമിയുടെ ഭ്രമണത്തിന്‍െറയും മനുഷ്യശരീരപ്രവര്‍ത്തനങ്ങളുടെ ചാക്രികതയുടെയും സംതുലനാവസ്ഥയെ അധികരിച്ചു നടത്തിയ പഠനത്തിലാണ് ഇവര്‍ക്ക് മുന്നില്‍ ബോധോധയം പോലെ ചന്ദ്രന്‍ ഉദിച്ചു നിന്നത്. എന്നാല്‍ പൂര്‍ണ്ണ ചന്ദ്രനും ഉറക്കക്കുറവും തമ്മിലുള്ള ബന്ധത്തെ ക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ വേണമെന്നു തന്നെയാണ് ശാസ്ത്രഞ്ജരുടെ വാദം.
 
ഉറക്കത്തേ നിയന്ത്രിക്കുന്നതില്‍ ചന്ദ്രന് കാര്യമായ പങ്കുണ്ടെന്ന വാദം നേരത്തേ മുതല്‍ ഗവേഷകര്‍ക്കിടയില്‍ നിലനിന്നിരുന്നതാണ്. അതിന് കൂടുതല്‍ സാധുത നല്‍കുന്നതാണ് പുതിയ പഠനം.