ചന്ദ്രശേഖര്‍ ആസാദ്: ചങ്കുറപ്പിന്‍റെ അമരത്വം

സുബിന്‍ ജോഷി
വ്യാഴം, 27 ഫെബ്രുവരി 2020 (14:48 IST)
മധ്യപ്രദേശിൽ 1906 ജൂലൈ 23 നാണ് ചന്ദ്രശേഖർ തിവാരി എന്ന ചന്ദ്രശേഖർ ആസാദ് ജനിച്ചത്. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ എല്ലാക്കാലവും ഏവരും ഓർമ്മിക്കപ്പെടുന്ന വ്യക്തിത്വമാണ് ആസാദ്. ആസാദിന്റെ ജീവിതത്തെ മാറ്റിമറിച്ച സംഭവം എന്ന് പറയുന്നത് ജാലിയൻ വാലാഭാഗ് കൂട്ടക്കൊലയാണ്. ഇതിനു ശേഷമാണ് ഗാന്ധിജിയുടെ കൂടെ നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കെടുക്കുന്നതും, അറസ്റ്റിലാകുന്നതും. ചന്ദ്രശേഖർ ആസാദ് എന്ന പേരിനു പിന്നിലും കൗതുകമുണ്ട്.
 
കോടതിയിൽ വച്ച് ജഡ്ജി പേര് എന്ത് എന്ന് ചോദിച്ചപ്പോൾ ആസാദ് എന്നാണ് ചന്ദ്രശേഖർ പറഞ്ഞത്. ഇതിനർത്ഥം സ്വാതന്ത്ര്യം എന്നാണ്. അതിന് ശേഷമാണ് ആസാദ് എന്ന രീതിയിൽ അദ്ദേഹം അറിയപ്പെടാൻ തുടങ്ങിയത്. അലഹബാദിലെ ആൽഫ്രഡ് പാർക്കിൽ 1931ൽ നടന്ന പൊലീസ് ഏറ്റുമുട്ടലിനിടെ അദ്ദേഹം സ്വയം ജീവനൊടുക്കുകയായിരുന്നു എന്നാണ് ചരിത്രരേഖകള്‍. 
 
ഫെബ്രുവരി 27ന് ബ്രിട്ടീഷ് പൊലീസുകാര്‍ പിടികൂടിയപ്പോള്‍ സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. സഹപ്രവര്‍ത്തകരില്‍ ഒരാള്‍ ആസാദിനെ ഒറ്റുകൊടുക്കുകയായിരുന്നു എന്നും ചരിത്രം പറയുന്നു. സുഹൃത്തായ സുഖ്‌ദേവ് രാജിനെ കാണാന്‍ എത്തിയപ്പോള്‍ പൊലീസുകാര്‍ ആല്‍ഫ്രഡ് പാര്‍ക്കില്‍വെച്ച് ചന്ദ്രശേഖറിനെ വളയുകയും തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ ചന്ദ്രശേഖര്‍ മൂന്ന് പൊലീസുകാരെ കൊലപ്പെടുത്തുകയും ചെയ്തു. അതിനുശേഷം രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് മനസിലാക്കിയ അദ്ദേഹം കൈത്തോക്കിലെ അവസാന ബുളളറ്റിനാല്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. 
 
അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ, അദ്ദേഹത്തിന്റെ പ്രചോദനാത്മക ഉദ്ധരണികൾ ഏതൊക്കെ എന്ന് നോക്കാം:
 
‘അവർ നിങ്ങളേക്കാൾ മികച്ചവരല്ല, മറികടക്കേണ്ടത് നിങ്ങളുടെ റെക്കോർഡുകൾ തന്നെയാകണം. എന്തെന്നാൽ വിജയമെന്നത് നിങ്ങളും നിങ്ങൾക്കുള്ളിലെ നിങ്ങളും’ തമ്മിലുള്ള മത്സരമാണ്.
 
‘വിമാനം എല്ലായ്പ്പോഴും മൈതാനത്ത് സുരക്ഷിതമാണ്, പക്ഷേ അത് അതിനായി നിർമ്മിച്ചതല്ല. മികച്ച ഉയരങ്ങൾ കീഴടക്കുന്നതിന് ജീവിതത്തിൽ പലപ്പോഴും അപകടകരമായ ചില തീരുമാനങ്ങൾ എടുക്കേണ്ടി വരും’.
 
‘സമത്വം സ്വാതന്ത്ര്യം സാഹോദര്യം എന്നിവ പ്രചരിപ്പിക്കുന്ന ഒരു മതത്തിൽ ഞാൻ വിശ്വസിക്കുന്നു’.
 
‘ഇതുവരെ നിങ്ങളുടെ രക്തം തിളച്ചില്ല എങ്കിൽ നിങ്ങളുടെ സിരകളിൽ ഓടുന്നത് ജലമാണ്. മാതൃരാജ്യത്തിന് വേണ്ടി സേവനം ചെയ്യാനല്ലെങ്കിൽ പിന്നെന്തിനാണ് യുവാക്കളുടെ മാംസം?’.
 
ചന്ദ്രശേഖർ ആസാദിന്റെ മൃതദേഹം ആരെയും അറിയിക്കാതെ സംസ്‌കരിക്കാനായി സര്‍ക്കാര്‍ ശ്രമിച്ചു. എന്നാല്‍ ഇതിനെതിരെ ആല്‍ഫ്രഡ് പാര്‍ക്കിന് മുന്നില്‍ തടിച്ചുകൂടിയ ജനങ്ങള്‍ പ്രതിഷേധിച്ചു. ഈ പാര്‍ക്കിന് പിന്നീട് ചന്ദ്രശേഖര്‍ ആസാദ് പാര്‍ക്ക് എന്ന് പേരിടുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article