ഹാര്‍ദ്ദിക് പട്ടേലുമാരെ സൃഷ്ടിക്കുന്ന സംവരണം ആര്‍ക്കാണ് ആവശ്യം?

വിഷ്ണു ലക്ഷ്മണ്‍
ശനി, 29 ഓഗസ്റ്റ് 2015 (17:03 IST)
രാജ്യം നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന അധിനിവേശങ്ങള്‍ക്ക് ശേഷം സ്വതന്ത്രമായത് 1947 ഓഗസ്റ്റ് 14 അര്‍ധരാത്രിയിലാണ്. പിന്നീട് 1950 ജനുവരി 26ന് രാജ്യം പരമാധികാര ജനാധിപത്യരാജ്യമായി പ്രഖ്യാപിക്കപ്പെട്ടു. സ്വന്തമായ ഒരു ഭരണഘടനയും രാജ്യത്തിനു ലഭിച്ചു. ഈ ഭരണഘടനയില്‍ പിന്നീട് ഇന്ദിരാഗാന്ധിയുടെ ഭരണനാളുകള്‍ക്കിടയില്‍ സോഷ്യലിസവും, മതേതരത്വം തിരുകിച്ചേര്‍ക്കപ്പെടുകയുമുണ്ടായി. ഭരണഘടന പ്രാബല്യത്തിലായ അന്നുമുതല്‍ രാജ്യത്ത് നിലവില്‍ വന്ന ഒരു സ്ഥിതിവിശേഷമായി സംവരണം.

ദുര്‍ബലരെയും സാമ്പത്തികവും, സാമൂഹികവുമായ അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയരായി ജീവിതം തള്ളിനീക്കേണ്ടിവന്ന രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരായ പഴയ കുടിയാന്മാരെയും ജാതീയമായി അടിച്ചമര്‍ത്തപ്പെട്ട പൌരന്മാരെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുന്നതിനായാണ് ഭരണഘടനാ നിര്‍മ്മാതാക്കള്‍ സംവരണം കൊണ്ടുവന്നത്. അതും 10 വര്‍ഷത്തേക്ക് വേണ്ടി മാത്രം.

അതിനു ശേഷവും സംവരണം, ഭാരതമെന്ന പരമാധികാര രാജ്യത്ത് തുടരുന്നു. എന്തുകൊണ്ട്? ഉത്തരം ലളിതം. എന്താണോ ഭരണഘടനാ നിര്‍മ്മാതാക്കള്‍ സംവരണതത്വം കൊണ്ട് ഉദ്ദേശിച്ചത് അത് സ്വതന്ത്ര്യം ലഭിച്ച് അതിന്റെ 68 വര്‍ഷം പൂര്‍ത്തിയായിട്ടും ലക്‍ഷ്യത്തിലെത്തിയിട്ടില്ല. ഇതിന്റെ അര്‍ഥമെന്താണ്? ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സംവരണതത്വം ചില പിന്നാക്ക സമുദായങ്ങളെ മാത്രം ഉദ്ധരിക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് കൊണ്ടുവന്നതായിരുന്നു എന്നതു തന്നെ.

അതുകൊണ്ടുതന്നെ ഈ സംവരണത്തിന്റെ ഫലം ഒരിക്കലും താഴേത്തട്ടിലേക്ക് എത്തപ്പെട്ടിരുന്നില്ല, തുടക്കം മുതല്‍ ഇതാ ഇന്നുവരെ. ഇതിന് മാറ്റം വരേണ്ടതല്ലേ?. ഭരണഘടനയനുസരിച്ച് രാജ്യത്ത് എല്ലാവരും തുല്യരാണ്. ആര്‍ക്കും(സംവരണ വിഷയത്തിലൊഴികെ) ഒരു കാര്യത്തിലും രാജ്യം പ്രത്യേക പരിഗണനയോ അവഗണനയോ നല്‍കാന്‍ പാടില്ല. എന്നാല്‍ കഴിഞ്ഞ അറുപതിലേറെ വര്‍ഷങ്ങളായി അവിരാമം തുടര്‍ന്നുകൊണ്ടേയിരുന്ന സംവരണ മാനദണ്ഡത്തിലൂടെ ഇന്ത്യയിലെ ഏത് സമുദായമാണ് മുന്നോക്കക്കാര്‍ എന്ന് വിവക്ഷിക്കപ്പെടുന്ന വിഭാഗങ്ങള്‍ക്ക് തുല്യമായി മാറിയത്?

ആരെയും എടുത്തുകാണിക്കാന്‍ സാധിക്കില്ല, കാരണം ആരും മാറിയിട്ടില്ല. എടുത്തു പറയത്തക്ക എന്ത് നേട്ടമാണ് പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് ഈ സംവരണത്തിലൂടെ ലഭിച്ചത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റു ലഭിച്ചതോ, അതോ ഉദ്യോഗ - വിദ്യാഭ്യാസ മേഖലകളില്‍ മറ്റുള്ളവരോടൊപ്പം കയറിപ്പറ്റാന്‍ കഴിഞ്ഞതോ? ഇത്തരം പൊട്ടും പൊടിയും മാത്രം മതിയോ പിന്നാക്കക്കാര്‍ക്ക്? പിന്നാക്കം എന്ന് പറയുമ്പോള്‍ തന്നെ അതിനെ എങ്ങനെ നിര്‍വചിക്കണം എന്ന് പലപ്പോഴും തര്‍ക്കമുണ്ടാകാറുണ്ട്.

സത്യത്തില്‍ ആരാണ് പിന്നാക്കക്കാര്‍? സാമ്പത്തികം, സാമൂഹ്യം, സാംസ്കാരികം തുടങ്ങിയ മേഖലകളില്‍ ഓരങ്ങളിലേക്ക് തള്ളിനീക്കപ്പെട്ടവരാണ് പിന്നാക്കക്കാര്‍. അങ്ങനെയെങ്കില്‍ അക്കൂട്ടത്തില്‍ ഇപ്പോള്‍ പിന്നാക്ക വിഭാഗങ്ങള്‍ എന്ന് കരുതുന്നവരേക്കൂടാതെ മറ്റു പലരേയും കൂട്ടേണ്ടതായി വരും. കാലഘട്ടം സവര്‍ണരെന്ന് മുദ്രകുത്തിയവരില്‍ പലരും...!

കാലങ്ങളായി നമ്മള്‍ പിന്തുടരുന്നതോ നിലനിര്‍ത്തുന്നതോ ആയ സംവരണ മാനദണ്ഡങ്ങള്‍ തന്നെയാണ് ഇപ്പോഴും മേല്‍പ്പറഞ്ഞ പിന്നാക്കക്കാര്‍ രേഖകളില്‍ പോലും മുന്നോക്കമാകാതിരിക്കുന്നതിനു പിന്നില്‍. പതിറ്റാണ്ടുകളുടെ പഴക്കമുള്ള ഈ സംവരണ മാനദണ്ഡം പൊളിച്ചുപണിയേണ്ടതല്ലേ? മതേതര, ജനാധിപത്യ, സോഷ്യലിസ്റ്റ് പരമാധികാര രാഷ്ട്രമാണ് നമ്മുടേതെന്നാണ് ഭരണഘടനയില്‍ എഴുതിവച്ചിരിക്കുന്നത്. നിലവിലെ സംവരണ തത്വങ്ങള്‍ പ്രകാരം ഇതിലെവിടെയാണ് ജനാധിപത്യം, എവിടെയാണ് മതേതരത്വം, എവിടെയാണ് സോഷ്യലിസം? എടുത്തുപറയാന്‍ ഇതിലേതെങ്കിലും ഒന്നെങ്കിലുമുണ്ടോ? ഇല്ല എന്ന് പറയേണ്ടി വരും. അങ്ങനെയെങ്കില്‍ ഇതിനു പരിഹാരമെന്ത്? സാമ്പത്തിക സംവരണം ഒരു ഉത്തരമാണ്. എന്താണ് സാമ്പത്തിക സംവരണം കൊണ്ട് ഉദ്ദേശിക്കുന്നത്?

പ്രത്യേക സാമ്പത്തിക പിന്നാക്കാവസ്ഥായില്‍ ഉള്‍പ്പെടുന്ന പൌരന്മാരെ മുഴുവനും സംവരണം നല്‍കുക എന്നതു തന്നെ. ഈ സാമ്പത്തിക പരിധി എത്രത്തോളമായിരിക്കണമെന്ന് സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. ഈ പരിധി എത്രത്തോളം കുറഞ്ഞിരിക്കുന്നു എന്നതും സംവരണം എത്ര ശതമാനം ഉണ്ടായിരിക്കണം എന്നതും സര്‍ക്കാര്‍ തന്നെ തീരുമാനിക്കേണ്ടതാണ്. ഇതിന് പൊതുജനാഭിപ്രായം രൂപികരിക്കേണ്ടതുണ്ട് എന്നത് മറക്കാതിരിക്കണം എന്നുമാത്രം.

രാജ്യത്ത് ഇന്ന് നിലവില്‍ ഉള്ള എല്ലാ മതങ്ങളിലും ജാതി സമ്പ്രദായങ്ങളിലും സാമ്പത്തികമായി ഉയര്‍ന്ന നിലയില്‍ ഉള്ളതും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുമുണ്ട്. സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവര്‍ക്ക് എന്തിനാണ് സംവരണം? ഇത്തരക്കാര്‍ പിന്നാക്ക സമുദായത്തില്‍ പെട്ടവരാണെങ്കില്‍ കൂടിയും അത് നല്‍കേണ്ടതുണ്ടോ? നേരെ മറിച്ച് സര്‍ക്കാര്‍ നിര്‍വചിക്കുന്ന സാമ്പത്തിക പരിധിക്കുള്ളില്‍ വരുന്ന എല്ലാവരും സംവരണത്തിന് അര്‍ഹരാവുകയാണെങ്കില്‍ അതല്ലേ കൂടുതല്‍ ഉചിതം.

സത്യത്തില്‍ മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നത് സമൂഹത്തില്‍ വിഭാഗീയതയും അസംതൃപ്തിയും അസന്തുലിതാവസ്ഥകളും ഉണ്ടാക്കുകയില്ലേ?. ജാതി-മത സംവരണമാണ് ഇന്ന് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തീരാശാപമായ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനു കാരണമായതെന്നത് പച്ചയായ യാഥാര്‍ഥ്യമാണ്. ജാതിയുടെയോ മതത്തിന്റെയോ വോട്ടുകളുടെ മൊത്തക്കച്ചവടക്കാരായി സമുദായ നേതൃത്വം മാറിയതും അതുവഴി അനര്‍ഹമായതു പലതും നേടിയെടുക്കുകയും ചെയ്യുന്നത് സംവരണ തത്വങ്ങള്‍ പൊളിച്ചെഴുതണമെന്നുള്ള ആവശ്യത്തിന് കൂടുതല്‍ കരുത്തുപകരുകയും ചെയ്യുന്നു.

സംവരണം നിലവിലെ അവസ്ഥയില്‍ നല്‍കണമെന്നുണ്ടെങ്കില്‍ അത് പാവങ്ങളായ വനവാസി സഹോദരങ്ങള്‍ക്കാണ് അര്‍ഹത. നിലവിലെ സാഹചര്യത്തില്‍ അതിന് അവകാശം പറയാന്‍ ആര്‍ക്കാണ് അവരേക്കാള്‍ അര്‍ഹതയുള്ളത്? സത്യത്തില്‍ സാമ്പത്തിക സംവരണമാണ് നിലവിലെ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് ആവശ്യമായുള്ളത്. അതാണ് ശരിയായ ജനാധിപത്യം. അതാണ് മതേതരത്വം. എല്ലാവരേയും പരിഗണിക്കുന്നതുകൊണ്ട് അതുതന്നെയാണ് സോഷ്യലിസവും. ഗുജറാത്തില്‍ ഇപ്പോള്‍ പട്ടേല്‍ സമുദായം ഉയര്‍ത്തിയിരിക്കുന്നതുപോലെ സംഘടിത ശക്തി കാട്ടി ആരും രാജ്യത്ത് വിഭാഗീയത ഉണ്ടാക്കാതിരിക്കാന്‍ സാമ്പത്തിക സംവരണം അത്യാവശ്യമായി വരുന്നു.

വാല്‍ക്കഷ്ണം: പിന്നാക്കക്കാരുടെയും മതമേലധ്യക്ഷന്മാരുടെയും പ്രസക്തി നഷ്ടപ്പെടാതിരിക്കാന്‍ ഇത്തരം സംവരണ സമരങ്ങള്‍ പല സംസ്ഥാനങ്ങളിലും ഉയര്‍ന്നേക്കാം. ഇനി, സംവരണം ഉയര്‍ത്തണമെന്ന് പറഞ്ഞ് പിന്നാക്കക്കാര്‍ക്കും സമരം നടത്താവുന്നതാണ്. പുതിയ ഹാര്‍ദ്ദിക് പട്ടേലുമാരെ കണ്ടെത്തുന്ന സമുദായങ്ങള്‍ക്ക് കുറച്ചുകൂടി മുന്‍‌തൂക്കം ലഭിക്കുകയും ചെയ്യും!