രാജാ റാംമോഹന്‍ റോയ് - ആധുനിക ഇന്ത്യയുടെ സ്രഷ്‌ടാവ് !

സുബിന്‍ ജോഷി
വ്യാഴം, 24 സെപ്‌റ്റംബര്‍ 2020 (11:58 IST)
പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ല, രാജാ റാംമോഹന്‍ റോയ് എന്ന ഇതിഹാസമനുഷ്യന്‍റെ സ്മരണയുടെ ആര്‍ദ്രത തന്നെ ഏവരുടെയും മനസ് കുളിര്‍പ്പിക്കുന്നതാണ്.
 
ഭാരതത്തിലെ മത-സാമൂഹിക നവോത്ഥാന നായകരില്‍ പ്രമുഖനായിരുന്നു രാജാ റാംമോഹന്‍ റോയ്‍. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്‍റെ നേതാവും ഇന്ത്യയിലെ ദേശീയ പത്രപ്രവര്‍ത്തനത്തിന്‍റെ സ്ഥാപകനും ബ്രഹ്മസമാജ സ്ഥാപകനുമായ ഇദ്ദേഹം 1772 മെയ് 22ന് ബംഗാളിലെ ബര്‍ദ്വാനടുത്ത് രാധാനഗര്‍ ഗ്രാമത്തില്‍ ജനിച്ചു.
 
അറബി, പേഴ്സ്യന്‍, സംസ്കൃതം, ഇംഗ്ളീഷ്, ഫ്രഞ്ച്, ഹിബ്രു, ഗ്രീക്ക്, ലാറ്റിന്‍ ഭാഷകള്‍ പഠിച്ചു. പത്തൊമ്പതാം ശതകത്തിന്‍റെ ആദ്യത്തില്‍ ഇന്ത്യയിലുണ്ടായ വിചാരവിപ്ളവത്തിനു തുടക്കം കുറിച്ചു. സതി, ശൈശവ വിവാഹം, ബഹുഭാര്യത്വം എന്നിവയെ എതിര്‍ക്കുകയും വിധവാ വിവാഹം നടപ്പാക്കുന്നതിനു മുന്‍കൈ എടുക്കുകയും ചെയ്തു.
 
മുപ്പത്തിമൂന്നാം വയസില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കീഴില്‍ ഉദ്യോഗസ്ഥനായ റോയ് കുറച്ചു കൊല്ലങ്ങള്‍ക്കു ശേഷം ജോലി രാജിവച്ച് മതപരിഷ്കരണത്തില്‍ മുഴുകി. സതിക്കെതിരെ ശക്തമായ പ്രക്ഷോഭമാണ് റോയ് നടത്തിയത്. സമൂഹത്തില്‍ നിലനിന്ന ഈ ദുരാചാരത്തിന്‍റെ തിക്തഫലങ്ങള്‍ ജനങ്ങളെ മനസിലാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
 
സതി പുരാതനമായ ഹൈന്ദവാചാരമായിരുന്നു. ഭര്‍ത്താവ് മരിക്കുമ്പോള്‍ പത്നി അയാളുടെ ചിതയില്‍ത്തന്നെ ചാടി ആത്മത്യാഗം ചെയ്യുക എന്ന ആചാരമാണ് ഇത്. പതിവ്രതയായ പത്നിയുടെ ധര്‍മ്മായി ഇതു പ്രാചീനകാലത്തു കരുതപ്പെട്ടിരുന്നു. വിധവയുടെ വിവാഹം സമൂഹം അംഗീകരിക്കാതിരുന്ന കാലത്ത് വൈധവ്യം സ്ത്രീക്ക് മരണതുല്യമായിരുന്നു.
 
സതി ആചാരമെന്ന നിലയില്‍ രൂഢമൂലമായിക്കഴിഞ്ഞപ്പോള്‍ വിധവയാകുന്ന സ്ത്രീയെ സമൂഹം നിര്‍ബന്ധപൂര്‍വ്വം ഭര്‍ത്താവിന്‍റെ ചിതയില്‍ ദഹിപ്പിക്കുക പതിവായി. ഈ ക്രൂരമായ നരഹത്യയ്ക്ക് എതിരായി സമൂഹമനഃസാക്ഷി ഉണരുകയും രാജാറാം മോഹന്‍ റോയിയുടെ ശ്രമഫലമായി 1831ല്‍ ബ്രട്ടീഷ് ഗവര്‍ണര്‍ ജനറല്‍ വില്യം ബെന്‍റിക് സതി നിയമം മൂലം നിരോധിക്കുകയും ചെയ്തു.
 
1828 ലാണ് ബ്രഹ്മസമാജം സ്ഥാപിതമായത്. ബംഗാളി ഭാഷയിലെ സംവാദ് കൗമുദി എന്ന പത്രം അദ്ദേഹം 1821ല്‍ സ്ഥാപിച്ചു. 1833 സെപ്റ്റംബർ 27ന് രാജാ റാംമോഹന്‍ റോയ് അന്തരിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article