ചൂരൽകൊണ്ട് തല്ലിയാൽ ഞങ്ങൾ ചുണ്ടുകൾക്കൊണ്ട് പ്രതിഷേധിക്കും; ഇത് പഴയ ഒരു പ്രതിഷേധത്തിന്റെ ഓർമപ്പെടുത്തലാണ്

അപര്‍ണ ഷാ
വെള്ളി, 10 മാര്‍ച്ച് 2017 (15:29 IST)
എന്താണ് സദാചാരം? സദാ ആചാരം എന്നെങ്ങാനും അതിനു‌പേരുണ്ടോ?. ഒരു പെണ്ണും ഒരാണും ഒന്നിച്ചിരുന്നാൽ 'കുരുപൊട്ടുന്ന' ചിലരൊക്കെയുണ്ട് നമ്മുടെ നാട്ടിൽ. ആർഷഭാരത സംസ്കാരമാണത്രേ. ഒന്നിച്ചിരിക്കാൻ പാടില്ലെന്ന് പറയാൻ മറ്റുള്ളവർക്കെന്തവകാശമാണുള്ളത്?. എന്തായാലും ആണിനേയും പെണ്ണിനേയും ഒരുമിച്ച് കാണുമ്പോൾ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടാകുന്നവർക്ക് ചേരുന്ന പേര് തന്നെയാണ് സദാചാര പൊലീസ്!.
 
കൊച്ചിയിലെ മറൈൻഡ്രൈവിൽ ശരിയ്ക്കും എന്താണ് സംഭവിച്ചത്. പാർക്കിൽ പബ്ലിക്കായി കെട്ടിപ്പിടിയ്ക്കാനും കിടന്നുരുളാനും മാത്രം പൊട്ടന്മാരും പൊട്ടികളുമാണോ ഇന്നത്തെ യുവതലമുറ?. സാക്ഷര കേരളത്തിന് ലജ്ജ തോന്നുന്നില്ലേ?. ഒരുമിച്ചിരിക്കുന്നവരിൽ എന്ത് തെറ്റാണ് ഇവർ കാണുന്നത്. സദാചാര പൊലീസ് അഥവാ സദാചാര ഗുണ്ടകൾ എന്ന വിളിപ്പേര് അവർക്ക് ചാർത്തി നൽകിയതും ഈ സമൂഹം തന്നെയല്ലെ ?. 
 
എന്തായാലും ഇപ്പോൾ കുറെയേറെ കഥകളുണ്ട് ഈ സദാചാര ഗുണ്ടകൾക്ക്. അവരെ കുറിച്ച് ഓർക്കുമ്പോൾ നെഞ്ചിൽ എവിടെയെങ്കിലും ഒരു ചെറിയ ഭയം ഉടലെടുക്കുന്നുണ്ടെങ്കിൽ സദാചാരവാദികൾ ജയിച്ചുവെന്ന് സാരം. അവർക്കൊരു ലക്ഷ്യമേ ഉള്ളു - ആണും പെണ്ണും ഒരുമിച്ച് നടക്കരുത്, ഇരിയ്ക്കരുത്. 
 
മറൈൻഡ്രൈവിൽ വിദ്യാർത്ഥികൾക്ക് നേരെ ശിവസേന പ്രവർത്തകർ നടത്തിയ ചൂരൽ പ്രയോഗം കാണുമ്പോൾ ഓർമ വരുന്നത് നമ്മുടെയൊക്കെ കുട്ടിക്കാലമാണ്. പറമ്പിൽ മോഷ്ടിക്കാൻ കയറുന്നവരെ കൈയ്യോടെ പിടികൂടി ആദ്യം മുതലാളിമാർ കെട്ടിയിട്ട് തല്ലും. പിന്നീട് പൊലീസിനെ (ആവശ്യമെങ്കിൽ) ഏൽപ്പിയ്ക്കും. എവിടെ ഇരിയ്ക്കണം എന്നത് തീരുമാനിക്കേണ്ടത് ഒരു ശിവസേന പ്രവർത്തകരോ സദാചാരവാദികളോ അല്ല. നമ്മളാണ്. നമ്മൾ മാത്രം.
 
സഹോദരനും സഹോദരിയും ഒരുമിച്ച് നടക്കുമ്പോൾ ചോദ്യം ചെയ്യാൻ എത്തുന്നവരുടെ മനസ്സിലിരുപ്പെന്താണ്?. ഇതെന്റെ ചോരയാണെന്ന് ആണയിട്ട് പറയേണ്ടി വരുന്നവരുടെ അവസ്ഥ ഒരിക്കലും അവർക്ക് മനസ്സിലാകില്ല. കാരണം, സംശയത്തിന്റെ കണ്ണുകളാല്‍ അവന്റെ മനസ്സും ദുഷിച്ചിരിക്കുന്നു.
 
അവർ ഓങ്ങിയ ചൂരൽ വടികൾക്ക് മറുപടി നൽകാൻ പലരുമെത്തി. സമരമുറകൾ പലതായിരുന്നു. സ്നേഹ ഇരുപ്പ് സമരം, പ്രതിഷേധ സമരം അങ്ങനെ നീളുന്നുണ്ടായിരുന്നു അതിന്റെ പട്ടിക. എന്നാൽ, റേറ്റിംഗിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയത് 'കിസ്സ് ഓഫ് ലവ്' ആയിരുന്നുവെന്നത് പരമസത്യം. ഒരു തെമ്മാടിത്തരത്തെ മറ്റൊരു തെമ്മാടിത്തരം കൊണ്ട് നേരിടുക, എന്നിട്ട് അതിനൊരു പേരും - പ്രതിഷേധം.
 
അടുത്തിരുന്നാൽ അടിയ്ക്കാൻ ചൂരൽ ഓങ്ങുന്നവനും ഒത്തുകിട്ടിയാൽ ചുണ്ടുകളെ തമ്മിൽ കോർക്കാൻ ശ്രമിക്കുന്നവരും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല. ഇരുവരുടേയും സംസ്കാരം ഒന്നുതന്നെ. അവരുടെ കാഴ്ചപ്പാടുകളും ഒന്നുതന്നെ. വ്യത്യാസം ഒന്ന് മാത്രം. ആദ്യത്തേത് പ്രകടനമെങ്കിൽ രണ്ടാമത്തേത് പ്രതിഷേധം. പ്രതിഷേധമെന്ന വാക്കിന്റെ അർത്ഥവും വിലയും നഷ്ടപ്പെടുന്നത് ഇത്തരം ചില കോപ്രായങ്ങൾ കാണുമ്പോഴാണെന്ന് പറയാതിരിക്കാൻ ആകില്ല.
 
സദാചാര പൊലീസേ, സദാചാര ഗുണ്ടകളേ, ചൂരൽ പ്രവർത്തനങ്ങ‌ൾക്ക് ചുണ്ടുകൾ കൊണ്ട് മറുപടി നൽകിയവരേ... ഇവിടെ എത്ര അനീതികൾ നടക്കുന്നു?. പിടിച്ചുപറിക്കാരും കൊള്ളക്കാരും മോഷ്ടാക്കളും പീഡനവീരന്മാരും പെൺവാണിഭക്കാരും നിങ്ങൾക്ക് ചുറ്റും വിലസുന്നത് നിങ്ങൾ കാണുന്നില്ലേ?. അതോ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്നതോ?. കണ്ടില്ലെന്ന് നടിയ്ക്കുകയാണെങ്കിൽ അതിനൊരുത്തരമേ ഉള്ളു - അസൂയ!
 
അതേ, അസൂയ തന്നെയാണ്. തനിയ്ക്ക് കിട്ടാത്തത് മറ്റൊരുത്തന് കിട്ടുന്നതിലുള്ള അസൂയ. മറൈൻഡ്രൈവിൽ അരങ്ങേറിയത് മാത്രമല്ല നിങ്ങളുടെ ക്രൂരതകൾ. കൊല്ലം അഴീക്കലിൽ നിങ്ങളുടെ ആക്രമണത്തിൽ അപമാനിതരായ രണ്ട് പേരുണ്ടായിരുന്നു. അതിൽ ഒരാളെ നിങ്ങൾ കൊല്ലാതെ കൊന്നു. മറ്റൊരാളെ ജീവിയ്ക്കാൻ അനുവദിയ്ക്കില്ലെന്ന് വാശിപിടിയ്ക്കുന്നു. ഇങ്ങനെയെല്ലാം ചെയ്യുമ്പോൾ നിങ്ങൾ എന്താണ് നേടുന്നത്?.
 
സമകാലിക കേരളത്തിൽ ഏറ്റവും ഉയർന്നു വരുന്ന പ്രശ്നം പ്രണയമല്ലെന്ന കാര്യം എന്നാണിവർ അറിയുക. തങ്ങൾക്ക് നേരെയുള്ള അക്രമണങ്ങൾ കണ്ടില്ലെന്ന് നടിയ്ക്കാൻ ഒരു ചെറുപ്പക്കാർക്കും സാധിക്കില്ല. അവർ ഉറക്കെ ഏറ്റു ചൊല്ലുകയാണ് ഒരു മെക്സിക്കന്‍ അപാരതയിലെ ആ വരികള്‍..
 
“ഞങ്ങൾ റോഡിലിറങ്ങി  നടക്കും, ഞങ്ങൾ പാടത്തിരുന്ന് ചിരിയ്ക്കും...
ഞങ്ങൾ പെരുമഴയത്ത് ന‌നയും, പാതിര മഞ്ഞത്തിറങ്ങി നടക്കും...
ഇത് ഞങ്ങടെ നാട്, ഞങ്ങടെ റോഡ്, ഞങ്ങടെ പൂവരമ്പ്...
അതിൽ എങ്ങനെയെങ്ങനെ എങ്ങനെ പോണം എന്നു ഞങ്ങൾക്കറിയാം...“
Next Article