ജോസഫ് വിഭാഗം വോട്ട് മറിച്ചോ ?; ചാഴിക്കാടനെ തഴഞ്ഞതാ‍ര് ? - പൊട്ടിത്തെറിക്കൊരുങ്ങി കേരളാ കോണ്‍ഗ്രസ്

Webdunia
വെള്ളി, 26 ഏപ്രില്‍ 2019 (19:16 IST)
ലോക്‍സഭ സീറ്റ് തര്‍ക്കത്തിന്റെ തുടര്‍ച്ചയെന്നോണം കേരളാ കോണ്‍ഗ്രസില്‍ (എം) വീണ്ടും കലാപക്കൊടി ഉയരുന്നു. വർക്കിംഗ് ചെയർമാൻ പിജെ ജോസഫും കെഎം മാണി വിഭാഗവും നിലനിന്നിരുന്ന പോര് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് പിന്നാലെ രൂക്ഷമാകുമെന്നാണ് റിപ്പോര്‍ട്ട്.

കോട്ടയം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും അകന്നു നിന്നതും ഇടുക്കിയിൽ കോൺഗ്രസ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിനായി ജോസഫ് വിഭാഗം മുന്നില്‍ നിന്ന് പ്രചാരണം നടത്തിയതുമാണ് മാണി ഗ്രൂപ്പിനെ ചൊടിപ്പിച്ചത്.

ജോസഫ് വിഭാഗത്തിന് ശക്തമായ സ്വാധീനമുള്ള കടുത്തുരുത്തിയിൽ വോട്ടിംഗ് ശതമാനം കുറഞ്ഞതും ഗൗരവത്തോടെയാണ് മാണി ഗ്രൂപ്പ് കാണുന്നത്. ഈ മേഖലയില്‍ ലഭിക്കേണ്ട വോട്ട് മറിഞ്ഞോ എന്ന ചര്‍ച്ചയും നടക്കുന്നുണ്ട്.

കോട്ടയത്തെ യുഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉദ്ഘാടന യോഗത്തിന് മാത്രമാണ് ജോസഫ് പങ്കെടുത്തത്. യോഗത്തില്‍ നടത്തിയ പ്രസംഗത്തില്‍ ചാഴികാടന് അനുകൂലമായി സംസാരിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.

കോട്ടയം ലോക്‍സഭ മണ്ഡലത്തിലെ ഏറ്റവും കുറഞ്ഞ വോട്ടിംഗാണ് (70.78) കടുത്തുരുത്തിയിൽ രേഖപ്പെടുത്തിയത്. പ്രചാരണത്തില്‍ നിന്ന് ജോസഫ് ഗ്രൂപ്പ് വിട്ടു നിന്നതാണ് പോളിംഗ് കുറയാന്‍ കാരണമെന്നാണ് മാണി വിഭാഗം ആരോപിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് ഉറപ്പാണെങ്കിലും മത്സരഫലം പുറത്തു വന്നതിന് ശേഷം ജോസഫ് ഗ്രൂപ്പിന്റെ നിലപാടിനെ ചോദ്യം ചെയ്യാമെന്നാണ് മാണി വിഭാഗത്തിന്റെ കണക്ക് കൂട്ടല്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article