ഒപ്പം നിന്നവര്‍ക്ക് പോലും താല്‍പ്പര്യമില്ല; താമര വിരിഞ്ഞില്ലെങ്കില്‍ ശ്രിധരൻ പിള്ളയുടെ വിക്കറ്റ് തെറിക്കും!

വ്യാഴം, 25 ഏപ്രില്‍ 2019 (18:42 IST)
ലോക്‍സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാനായില്ലെങ്കില്‍ ബിജെപിയില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഒരു സീറ്റ് എങ്കിലും നേടാന്‍ സാധിക്കാത്ത അവസ്ഥയാണ് ഉള്ളതെങ്കില്‍
അദ്ധ്യക്ഷ പദവിയിൽ നിന്ന് പിഎസ് ശ്രിധരൻ പിള്ളയെ നീക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ബിജെപി സംസ്ഥാനത്ത് അക്കൗണ്ട് തുറന്നാല്‍ ശ്രിധരൻ പിള്ള സുരക്ഷിതനാണ്. മറിച്ച് സംഭവിച്ചാല്‍ ശക്തമായ തീരുമാനം കൈക്കൊള്ളാനാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. സംസ്ഥാന ഘടകത്തിലെ ഒരു വിഭാഗത്തിന്റെ എതിര്‍പ്പും ശബരിമല അടക്കമുള്ള സുവര്‍ണ്ണാവസരങ്ങള്‍ മുന്നില്‍ ഉണ്ടായിട്ടും സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാനോ പ്രതിഷേധം ശക്തിപ്പെടുത്താനോ ശ്രിധരൻ പിള്ളയ്‌ക്ക് സാധിച്ചില്ലെന്നാണ് നേതൃത്വം വിലയിരുത്തുന്നത്.

ശബരിമല വിഷയത്തിലും തെരഞ്ഞെടുപ്പ് സമയത്തും ശ്രീധരൻ പിള്ള നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങള്‍  പ്രവർത്തകർക്കിടയിൽ പോലും ആശയക്കുഴപ്പമുണ്ടാക്കി. പൊതു സമൂഹത്തില്‍ നിന്ന് കനത്ത എതിര്‍പ്പാണ് പാര്‍ട്ടിക്ക് നേരിടേണ്ടി വന്നത്. ഇക്കാര്യത്തില്‍ അതൃപ്‌തി ഉണ്ടായിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് സമയമായതിനാല്‍ സംയമനം പാ‍ലിക്കുകയായിരുന്നു കേന്ദ്ര നേതൃത്വം.

തെരഞ്ഞെടുപ്പ് ഫലം അനുകൂലമല്ലെങ്കില്‍ സംസ്ഥാന അധ്യക്ഷനെതിരെ ശക്തമായ നിലപാട് ഉണ്ടാകും. സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെയാകും ഈ നീക്കം. അതേസമയം, ബിജെപി സംസ്ഥാനത്ത് അക്കൗണ്ട് തുറക്കുമെന്ന നിഗമനത്തിലാണ് ആര്‍എസ്എസ്.

തിരുവനന്തപുരത്തും പത്തനംതിട്ടയിലും ജയം ഉറപ്പാണെന്നും ത്രിശൂരില്‍ വിജയം പ്രതീക്ഷിക്കുന്നതായും ഇന്ന് ചേര്‍ന്ന് ആര്‍ എസ് എസ് യോഗം വിലയിരുത്തി. അങ്ങനെ സംഭവിച്ചാല്‍ അദ്ധ്യക്ഷ പദവിയില്‍ നിന്ന് ശ്രിധരൻ പിള്ള പുറത്താകില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍