ജനനേന്ദ്രിയം മുറിച്ച സംഭവം; അവളുടെ കോടതിയില്‍ അവള്‍ വിധി നടപ്പിലാക്കിയെന്ന് ഭാഗ്യലക്ഷ്മി, പോസിറ്റീവായ മാറ്റമാണിതെന്ന് റിമ കല്ലിങ്കല്‍

തിങ്കള്‍, 22 മെയ് 2017 (16:20 IST)
വർഷങ്ങളായി നീണ്ടുനിന്ന ലൈംഗിക അതിക്രമം തടയാന്‍ പെണ്‍കുട്ടി അൻപത്തിനാലുകാരനായ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതിക്ക് അഭിനന്ദനവുമായി ലോകത്താകമാനമുള്ള ജനങ്ങള്‍ രംഗത്തെത്തി. ദേശീയ മാധ്യമങ്ങള്‍ വരെ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് തിരുവനന്തപുരത്തെ പേട്ടയില്‍ ഈ സംഭവം നടന്നത്. തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ച സ്വാമിയുടെ പക്കല്‍ നിന്നും കത്തി പിടിച്ചു വാങ്ങിയ യുവതി നിമിഷ നേരംകൊണ്ട് അദ്ദേഹത്തിന്റെ ലിംഗം മുറിച്ചെടുക്കുകയായിരുന്നു. ഈ സംഭവത്തില്‍ പ്രതികരണവുമായി പല പ്രമുഖരും രംഗത്തെത്തിയിരിക്കുകയാണ്. 
 
പെണ്‍കുട്ടിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വളരെ ധീരമായ നടപടിയാണ് പെണ്‍കുട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ആ പെൺകുട്ടിക്ക്​എല്ലാ പിന്തുണയും നൽകുമെന്നും പറഞ്ഞു.  സംഭവത്തില്‍ ശക്തമായ നടപടി എടുക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ശക്തമായ നടപടി ഉണ്ടായല്ലോ, ഇനി അതിന് പിന്തുണ നല്‍കിയാല്‍ മാത്രം മതിയല്ലോ എന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. ഇത്തരത്തില്‍ മുറിച്ചെടുക്കപ്പെടുന്ന പുരുഷേന്ദ്രിയങ്ങൾ പേരും വിലാസവും സഹിതം ഭദ്രമായി സൂക്ഷിച്ചു വെക്കാനും പ്രദർശിപ്പിക്കാനും ബഹു.കേരള സർക്കാർ എന്തെങ്കിലും ഫലവത്തായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവുമായാണ് ഡോ. ഗീത രംഗത്തെത്തിയത്.
 
ലിംഗം ഛേദിക്കുന്നതിനു പകരം പൊലീസിനെ സമീപിക്കുകയായിരുന്നു പെണ്‍കുട്ടി ചെയ്യേണ്ടിയിരുന്നതെന്ന് കോൺഗ്രസ്​എം.പി ശശി തരൂർ അഭിപ്രായപ്പെട്ടു. എല്ലാവര്‍ക്കുമുള്ളപോലെ പോലെ ആ കുട്ടിയോട് തനിക്കും സഹതാപമുണ്ട്. പക്ഷേ നിയമം കൃത്യമായി പാലിക്കപ്പെടുന്ന ഒരു സമൂഹമാണ് നമുക്ക് വേണ്ടത്. അതല്ലാതെ ഓരോ മനുഷ്യരും കത്തിയുമായി നീതി നടപ്പാക്കാനിറങ്ങുന്നത്‌ ഒരു നല്ല പ്രവണതയായി തോന്നുന്നില്ലെന്നും തരൂര്‍ പറഞ്ഞു. യുവതി നാട്ടിലെ പെണ്‍കുട്ടികള്‍ക്ക് നല്‍കിയത് ഒരു സന്ദേശമാണെന്ന് പ്രശസ്ത ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറഞ്ഞു. നിന്നെ സംരക്ഷിക്കാന്‍ നീ ആയുധമെടുക്കൂ എന്നാണതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
 
നമ്മള്‍ എപ്പോഴും പ്രതികരിക്കാന്‍ തയാറായിരിക്കണം. അപകടം നടന്നതിനു ശേഷമല്ല, അതിനു മുന്‍പു തന്നെയാണ് നാം പ്രതികരിക്കേണ്ടത്. ഇപ്പോള്‍ പെണ്‍കുട്ടികള്‍ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു. അതു വളരെ പോസിറ്റീവായ മാറ്റമാണെന്നും നടി റിമ കല്ലിങ്കല്‍ പറഞ്ഞു. പീഡനശ്രമം ചെറുക്കാന്‍ ധൈര്യം കാട്ടിയ പെണ്‍കുട്ടിക്ക് ബിഗ്‌സല്യൂട്ട് എന്നാണ് നടി രമ്യാ നമ്പീശന്‍ പറഞ്ഞത്‍. കുട്ടിയുടെ ധൈര്യത്തെ ബഹുമാനിക്കുന്നു. തനിക്കു നേരെ ആക്രമണം നടത്താന്‍ ശ്രമിച്ചപ്പോള്‍ ചെറുത്തതിന് ആ കുട്ടിയെ അഭിനന്ദിക്കുകയാണെന്നും രമ്യാ നമ്പീശന്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക