പിണറായിക്കെതിരെ വടിയെടുക്കാന്‍ സിപിഐ ഇനി ഭയക്കും; ഭരണം തുടരാന്‍ സിപിഎമ്മിനൊപ്പം മാണിയും!

Webdunia
ബുധന്‍, 3 മെയ് 2017 (17:42 IST)
സംസ്ഥാന രാഷ്‌ട്രീയത്തില്‍ പുതിയ ചലനങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് കേരളാ കോണ്‍ഗ്രസ് (എം). സിപിഎമ്മിന്റെ പിന്തുണയോടെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കേരളാ കോണ്‍ഗ്രസ് സ്വന്തമാക്കിയതോടെയാണ് പുതിയ സാഹചര്യങ്ങള്‍ക്ക് തുടക്കമായിരിക്കുന്നത്.

യുഡിഎഫുമായി ഉടക്കി നില്‍ക്കുന്ന കെഎം മാണിയെ ഇടതുപാളയത്തിലെത്തിക്കാനുള്ള നീക്കം നേരത്തെ ശക്തമായിരുന്നുവെങ്കില്‍ ബാര്‍ കോഴയടക്കമുള്ള ആരോപണങ്ങള്‍ ശക്തമായി ഉയര്‍ന്നുവന്നതോടെ ഇത് പൊളിഞ്ഞു. എന്നാല്‍, ഇന്ന് സാഹചര്യങ്ങള്‍ അങ്ങനെയല്ല. മുന്നണിയില്‍ പ്രതിപക്ഷത്തെപ്പോലെ പ്രവര്‍ത്തിക്കുന്ന സിപിഐയെ  സമ്മര്‍ദ്ദത്തിലാക്കി മധ്യകേരളത്തില്‍ സ്വാധീനമുറപ്പിക്കാനാണ് മാണിയുമായുള്ള ബന്ധത്തിലൂടെ സിപിഎം ലക്ഷ്യം വയ്‌ക്കുന്നത്.

സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെ കോട്ടയത്ത് നടന്ന ചടുലമായ നീക്കത്തില്‍ ഞെട്ടിയത് കോണ്‍ഗ്രസും
സിപിഐയും മാത്രമാണ്. ഇരുവര്‍ക്കും ഈ കൂട്ടുക്കെട്ട് നഷ്‌ടമുണ്ടാക്കുമെന്ന് പകല്‍ പോലെ വ്യക്തം. ഭരണം തുടരാന്‍ മാണിയുമായുള്ള ബന്ധം സഹായിക്കുമെന്ന് സിപിഎം ഉറച്ചു വിശ്വസിക്കുമ്പോള്‍ മുന്നണിയില്‍ തങ്ങള്‍ അപ്രസക്തരാകുമോ എന്ന ഭയത്തിലാണ് കാനം രാജേന്ദ്രനും കൂട്ടരും.

സിപിഎം വിരുദ്ധത മുഖമുദ്രയായി കൊണ്ടുനടക്കുന്ന സിപിഐ ലക്ഷ്യംവയ്‌ക്കുന്നത് കോണ്‍ഗ്രസുമായുള്ള ബന്ധമാണ്. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം അവര്‍ നടത്തുന്ന നിലപാടുകള്‍ വ്യക്തമാക്കുന്നത് അതു തന്നെയാണ്. ദേശീയ തലത്തില്‍ കോണ്‍ഗ്രസിനോട് കൂറ് പുലര്‍ത്തുകയും അവര്‍ക്കൊപ്പം ചേരാന്‍ വെമ്പല്‍ കാണിക്കുകയും ചെയ്യുന്ന സിപിഐയുടെ ആ നിലപാട് തന്നെയാണ് കേരളത്തിലും കാണുന്നത്.

സിപിഎം പുറത്താക്കിയെന്ന പ്രതീതി സൃഷ്ടിച്ച് കോണ്‍ഗ്രസിന് കുടപിടിക്കാനാണ് സിപിഐ ഇപ്പോള്‍ നീക്കം നടത്തുന്നത്.
മൂന്നാര്‍ വിഷയത്തിലടക്കം സിപിഐ ഇരട്ടത്താപ്പ് തുടരുന്നുണ്ട്. വിഎസ് അച്യുതാനന്ദന്റെ ഭരണകാലത്ത് നടന്ന ഒന്നാം മൂന്നാര്‍ ദൗത്യം പൊളിയാന്‍ കാരണം സിപിഐയുടെ ഓഫീസില്‍ തൊട്ടതാണ്. അതേസമയം, ടാറ്റ പോലുള്ള വമ്പന്മാരുടെ കൈയേറ്റങ്ങളില്‍ നിന്ന് മുഖം തിരിക്കുന്നുമുണ്ട് സിപിഐ.

യുഎപിഎ കേസുകളില്‍ മുഖ്യമന്ത്രിക്കെതിരെയും ആഭ്യന്തരവകുപ്പിനെതിരെയും നിരന്തരമായി ആക്ഷേപം ഉന്നയിക്കുന്ന നിലപാടാണ് സിപിഐക്കുള്ളത്. 26 കേസുകളില്‍ മാത്രമാണ് ഈ സര്‍ക്കാര്‍ യുഎപിഎ ചുമത്തിയിട്ടുള്ളത്. ബാക്കി കേസുകള്‍ യുഡിഎഫിന്റെ കാലത്താണ്. അന്നൊന്നും മിണ്ടാതിരുന്ന സിപിഐ ആണ് ഇപ്പോള്‍ പിണറായിക്കെതിരെ ഒളിയമ്പെയ്യുന്നത്.

മാണിയുമായി സിപിഎം കോട്ടയത്ത് കൈകോര്‍ത്ത നടപടിയെ പ്രാദേശിക നീക്കമായിട്ടാണ് കാണുന്നതെന്ന് സിപിഐ പറയുന്നുണ്ടെങ്കിലും അണിയറയില്‍ വിവാദം പുകയുകയാണ്. അധാര്‍മിക ബന്ധമില്ലെന്ന് സിപിഎം വ്യക്തമാക്കുമ്പോള്‍  കേരളാ കോണ്‍ഗ്രസുമായി ഇനിയൊരു ബന്ധവുമില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.

കേരളാ കോണ്‍ഗ്രസ് (എം) - സിപിഎം ബന്ധം താറുമാറാക്കുന്നത് മധ്യകേരളത്തിലെ കോണ്‍ഗ്രസിന്റെ അടിത്തറയാണ്. അമ്പതോളം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ രണ്ടര വർഷം വീതം ഭരണം എന്നാണ് കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും (എം) തമ്മിലുള്ള ധാരണ. എന്നാല്‍ കോട്ടയത്തെ മാണിയുടെ മിന്നല്‍ നീക്കം ഈ സാഹചര്യം ഇല്ലാതാക്കി.

മാണിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവര്‍ രംഗത്ത് എത്തിയതോടെ കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും (എം) തമ്മിലുള്ള ബന്ധം തകര്‍ന്നു കഴിഞ്ഞു. മാണിയെ തിരികെ എത്തിക്കാന്‍ ശ്രമം നടത്തിയവര്‍ തന്നെ രൂക്ഷമായ നിലപാട് പ്രകടിപ്പിച്ചു. അതേസമയം, പുതിയ സാഹചര്യത്തിൽ ഇരുപാർട്ടികളും പരസ്പരം പിന്തുണ പിൻവലിച്ചാൽ പല തദ്ദേശസ്ഥാപനങ്ങളിലും അധികാര മാറ്റമുണ്ടാകാനുള്ള സാഹചര്യവും നിലനില്‍ക്കുന്നുണ്ട്.

അതിനാല്‍ തന്നെ കേരളാ കോണ്‍ഗ്രസും (എം) സിപിഎമ്മും തമ്മിലുള്ള ബന്ധം നാശം വിതയ്‌ക്കുന്നത് സിപിഐയിലും യുഡിഎഫിലുമായിരിക്കും. മാണി ഇടതുപാളയത്തിലെത്തിയാല്‍ സിപിഐ മുന്നണിയില്‍ അപ്രസക്‍തമാകും. ഇതോടെ  തന്നെ മധ്യകേരളത്തില്‍ കോണ്‍ഗ്രസ് പേരിന് മാത്രമായി തീരുകയും ചെയ്യും. അതേസമയം, മാണി വിഭാഗത്തില്‍ വിള്ളലിന് സാധ്യതയുമുണ്ട്. പിജെ ജോസഫ് വിഭാഗം ഇടതുബന്ധത്തെ എതിര്‍ക്കുന്നതാണ് മറ്റൊരു പ്രശ്‌നം. മോന്‍‌സ് ജോസഫ് എംഎല്‍എ കോട്ടയത്ത് വ്യക്തമാക്കിയ നിലപാട് മാണിക്കുള്ള മുന്നറിയിപ്പാണ്.

കോട്ടയത്തെ കൂട്ടുകെട്ട് സിപിഎം നേതൃത്വം അറിഞ്ഞുള്ളതാണ്. പാര്‍ട്ടി അധ്യക്ഷന്‍ കോടിയേരി ബാലകൃഷ്‌ണനും മുഖ്യമന്ത്രി പിണറായി വിജയനുമടക്കമുള്ളവര്‍ ഈ നീക്കത്തില്‍  കൃത്യമായ പങ്കുവഹിച്ചിട്ടുണ്ട്. സിപിഐയെ നിശബ്ദമാക്കാനുള്ള സുവര്‍ണ്ണാവസരം മുതലെടുക്കുക എന്ന ലക്ഷ്യമാണ് കോടിയേരിക്കും സംഘത്തിനുമുള്ളത്. മാണി ഇടതുകൂടാരത്തിലെത്തിയാല്‍ ഫ്രാന്‍‌സീസ് ജോര്‍ജും കൂട്ടരും എന്ത് നിലപാട് എടുക്കും എന്നതും കാത്തിരുന്ന് കാണാം.
Next Article