കണ്ണൂര്‍ ജില്ലയില്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളില്‍ പുതുതായി സ്ഥലം വാങ്ങാന്‍ ഇപ്പോള്‍ ആളുകളില്ല. പണ്ട് മികച്ച ജീവിതസാഹചര്യം തേടി കുടിയേറിയവര്‍ ഇപ്പോള്‍ കിട്ടുന്ന വിലയ്ക്ക് ഭൂമി വിറ്റ് കുടിയിറക്കത്തിന്റെ പാതയിലാണ്. ക്വാറി പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളില്‍ പൊടിശല്യവും ശബ്ദമലിനീകരണവും ജീവിതം അസ്വസ്ഥമാക്കുന്നു. കണ്ണൂര്‍ ജില്ലയിലെ മിക്ക കുടിയേറ്റ മേഖലകളും ക്വാറിയുടെ കൈപ്പിടിയിലാണ്. ക്വാറി പ്രവര്‍ത്തിക്കുന്നതിന്റെ സമീപപ്രദേശങ്ങളിലെല്ലാം മനുഷ്യവാസം അസാധ്യമായിരിക്കുകയാണ്. അതുകൊണ്ടു തന്നെ തങ്ങളുടെ നാടിനെ ജീവന്‍ കൊടുത്തും കാത്തുസൂക്ഷിക്കാനും വരും തലമുറയ്ക്ക് കാത്തുവെയ്ക്കാനും രണ്ടു കല്പിച്ചിറങ്ങിയിരിക്കുകയാണ് കണ്ണൂര്‍ ജില്ലയിലെ നടുവില്‍ പഞ്ചായത്തിലെ പുലിക്കുരുമ്പ എന്ന ഗ്രാമം. ക്വാറിക്കെതിരെ പുലിക്കുരുമ്പ എന്ന ഗ്രാമം നടത്തിയ നിയമപോരാട്ടങ്ങള്‍ മുമ്പ് വെബ്‌ദുനിയ ചര്‍ച്ച ചെയ്തതാണ്. ഇങ്ങനെയൊരു പ്രതിരോധസമരത്തിന് ഇറങ്ങാന്‍ ഈ നാട്ടുകാര്‍ക്ക് കാരണമായത് എന്തൊക്കെയാണെന്ന് പരിശോധിക്കുകയാണ് ഇത്തവണ.
തളിപ്പറമ്പ് ബ്ലോക്ക് രാജിവ് ഗാന്ധി കുടിവെള്ളപദ്ധതിക്കായി വെള്ളമെടുക്കുന്നത് ഈ കുളത്തില്‍ നിന്നാണ്
പരിസ്ഥിതി ദുര്‍ബല പ്രദേശം
ക്വാറി വന്നാല്‍ ഇവര്‍ക്ക് നഷ്‌ടമാകുക സമാധാനപൂര്‍ണമായ ജീവിതം മാത്രമല്ല ഈ നാടിന്റെ അസ്ഥിത്വം തന്നെയായിരിക്കും. പുലിക്കുരുമ്പ ടൌണില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അകലെയാണ് പുല്ലംവനം മലമ്പ്രദേശം. സര്‍വ്വേ നമ്പര്‍ 292/1A യില്‍പ്പെട്ട പരിസ്ഥിതിദുര്‍ബല പ്രദേശമായ ഇവിടെ അടുത്താണ് ചെമ്പേരി പുഴയുടെ പോഷക നദിയായ കൊല്ലിക്കോടിന്റെ ഉത്ഭവം. ഇതിന്റെ താഴ്ഭാഗത്ത് താമസിക്കുന്ന ആളുകള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് ഇവിടുത്തെ നീരുറവകളെയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ കുടിവെള്ളത്തിനായി നിര്‍മ്മിച്ച കുളങ്ങളില്‍ നിന്നാണ് തളിപ്പറമ്പ് ബ്ലോക്കിന്റെ രാജീവ് ഗാന്ധി കുടിവെള്ള പദ്ധതിക്കുള്ള വെള്ളം എടുക്കുന്നത്. ക്വാറി വന്നാല്‍, അത് ഈ കുളത്തിന്റെ നിലനില്പിനെ തന്നെ ബാധിക്കുമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
കൂടാതെ, വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെയുണ്ടായ ഉരുള്‍പൊട്ടല്‍ മൂലം സംഭവിച്ച അഗാധഗര്‍ത്തങ്ങള്‍ ഇവിടെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ രണ്ടു കിലോമീറ്റര്‍ പരിധിക്കുള്ളില്‍ സ്കൂളുകളും ആരാധനാലയങ്ങളും സ്ഥിതി ചെയ്യുന്നതും പ്രസിദ്ധമായ ജാനകിപ്പാറ വെള്ളച്ചാട്ടം ഇതിനടുത്താണെന്നതും ക്വാറിയെ പ്രതിരോധിക്കേണ്ടതിന്റെ പ്രധാനകാരണങ്ങളായി നാട്ടുകാര്‍ ഉയര്‍ത്തിക്കാട്ടുന്നു. ഈ പ്രദേശത്ത് ക്വാറിയും ക്രഷറും പ്രവര്‍ത്തനം ആരംഭിച്ചാല്‍ ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് പഞ്ചായത്തിന് റിപ്പോര്‍ട്ട് നല്കിയിട്ടുണ്ട്.
കരിമ്പാലരുടെ താവളം
കേരളത്തില്‍ പ്രധാനമായും കണ്ണൂര്‍ ജില്ലയില്‍ കണ്ടുവരുന്ന ആദിവാസി വിഭാഗമായ കരിമ്പാലര്‍ വസിക്കുന്ന രണ്ട് ആദിവാസി കോളനികള്‍ ഈ സ്ഥലത്തിന്റെ തെക്കും വടക്കും അതിര്‍ത്തി പങ്കിടുന്നു. ഈ ആദിവാസി സമൂഹം സംരക്ഷിക്കപ്പെടേണ്ടതിനാല്‍ ക്വാറിക്ക് അനുമതി നല്കരുതെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
ഒറീസയിലെ ആദിവാസി മേഖലകളില്‍ ബോക്സൈറ്റ് ഖനനത്തിന് വേദാന്ത റിസോഴ്സസിന് കേന്ദ്രപരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചിരുന്നു. അന്യം നിന്നു കൊണ്ടിരിക്കുന്ന ഡോംഗ്രിയ കൊന്ത്, കൊടിയ എന്നീ ആദിവാസി സമൂഹത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു ബോക്സൈറ്റ് ഖനനത്തിന് വേദാന്തയ്ക്ക് അനുമതി നിഷേധിച്ചത്. ഇത് പരിഗണിക്കുമ്പോള്‍ കരിമ്പാലര്‍ എന്ന ആദിവാസി സമൂഹവും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. എന്നാല്‍, ക്വാറി വന്നാല്‍ അത് ഇവരുടെ ദൈനംദിന ജീവിതത്തെ അസ്വസ്ഥതപ്പെടുത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
കരിമ്പാലര്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ അവരുടെ വീടിനു മുന്നില്‍
സ്കൂളുകളും ആരാധനാലയങ്ങളും സംരക്ഷിക്കപ്പെടണം
വിവിധ മതസ്ഥരുടെ ആരാധനാലയങ്ങളും സ്കൂളുകളും ക്വാറി ഏറ്റെടുത്ത സ്ഥലത്തിന് സമീപമുള്ള പ്രദേശങ്ങളില്‍ ഉണ്ട്. ആദിവാസി വിഭാഗമായ കരിമ്പാലര്‍ അതിപുരാതനകാലം തൊട്ട് സംരക്ഷിച്ചു വരുന്ന പുലിച്ചാമുണ്ഡിമടയും ഈ സ്ഥലത്തിനു സമീപമാണ്.
വിനോദസഞ്ചാര കേന്ദ്രങ്ങള്‍
പാലക്കയം തട്ട് ടൂറിസ്റ്റ് കേന്ദ്രവും ജാനകിപ്പാറ വെള്ളച്ചാട്ടവും അയ്യന്‍മട ഗുഹയും ഈ സ്ഥലത്തിനു സമീപമാണ്. പ്രകൃതി സൌന്ദര്യത്താല്‍ അനുഗ്രഹീതമായ ഈ പ്രദേശങ്ങള്‍ ജില്ലയിലെ തന്നെ മികച്ച വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ്.
കുളങ്ങളുടെയും പുഴകളുടെയും സംരക്ഷണം
കേരള പഞ്ചായത്ത് രാജ് ആക്ട് - 218 ഖണ്ഡികയില്‍ പറയുന്ന നീര്‍ച്ചാലോ അരുവിയോ തടാകമോ ആയ ഏതൊരു ജലസ്രോതസും സംരക്ഷിക്കുവാനുള്ള പൂര്‍ണമായ അധികാരം പഞ്ചായത്തിനാണ്. ഈ നിയമം വെച്ചായിരുന്നു പെരുമട്ടി പഞ്ചായത്ത് കൊക്കകോള കമ്പനിക്കെതിരായ കേസില്‍ അഡ്വ രാംകുമാര്‍ പഞ്ചായത്തിനു വേണ്ടി ഹാജരായി കേസ് ജയിച്ചത്. കേസ് നമ്പര്‍ 2004 (1) KLT 731)
ഹൈക്കോടതിയില്‍ നിന്ന് രണ്ടാമതും അനുകൂലമായ വിധി ലഭിച്ച പുല്ലംവനം ക്വാറിവിരുദ്ധ ജനകീയസമിതി തങ്ങളുടെ നാടിന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുകയാണ്. പക്ഷേ, കുടിയേറ്റ മേഖലകളായ മലയോരഗ്രാമങ്ങളിലെ മിക്കയിടങ്ങളിലും ഇപ്പോള്‍ കുടിയിറങ്ങല്‍ നടക്കുകയാണ്‍. കാര്‍ഷികമേഖല തകര്‍ന്നതും കൃഷി ചെയ്ത് ജീവിതം മുന്നോട്ട് നയിക്കാന്‍ സര്‍ക്കാര്‍ കാര്യമായ സഹായങ്ങള്‍ ഒന്നും ചെയ്തു കൊടുക്കാത്തതും ജീവിതം പ്രതിസന്ധിയിലാക്കിയപ്പോള്‍ കുടിയിറങ്ങുന്നവരാണ് ഇവിടെയുള്ളവര്‍ . ക്രിസ്ത്യന്‍ കുടിയേറ്റമേഖലകളായ ആലക്കോട്, കാര്‍ത്തികപുരം പ്രദേശങ്ങളില്‍ ഇടവകജനം ഇല്ലാത്തതിനാല്‍ പൂട്ടിക്കിടക്കുന്ന പള്ളികള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതുപോലെ തന്നെ പ്രദേശങ്ങളിലെ വീടുകളില്‍ മിക്കതും പൂട്ടി കിടക്കുകയാണ്. കര്‍ഷകര്‍ക്ക് ആവശ്യമായ സാമ്പത്തികസഹായം സര്‍ക്കാര്‍ നല്കാതെ വരുമ്പോള്‍ സാമ്പത്തികപ്രതിസന്ധിയെ മറികടക്കാന്‍ കിട്ടുന്ന വിലയ്ക്ക് ഭൂമി വില്‍ക്കുകയാണ് മിക്കവരും ചെയ്യുന്നത്. ഈ സമയത്ത്, വന്‍ തുക വാഗ്‌ദാനം ചെയ്ത് ക്വാറി മാഫിയ എത്തുമ്പോള്‍ അവര്‍ക്ക് ഭൂമി വില്‍ക്കാന്‍ ആര്‍ക്കും മടിയുമില്ല. ചുരുക്കത്തില്‍ മലയോരമേഖലയിലെ കര്‍ഷകരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ആവശ്യമായ സാമ്പത്തികസഹായങ്ങളും കൃഷിസംബന്ധമായ സഹായങ്ങളും ചെയ്തു കൊടുക്കുകയാണെങ്കില്‍ നമ്മുടെ മലകളും പുഴകളും ഇനി വരുന്നൊരു തലമുറയ്ക്കായി ഇവിടെയുണ്ടാകും. ഇല്ലെങ്കില്‍ കവി പാടിയതു പോലെ ‘ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ?’.