അനധികൃത സ്വത്ത് സമ്പാദനകേസില്‍ ശിക്ഷിക്കപ്പെട്ട തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് ജാമ്യാപേക്ഷയെ തുടര്‍ന്ന് കര്‍ണാടക ഹൈക്കോടതിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. രാവിലെ ജാമ്യാപേക്ഷ നേരത്തെ പരിഗണിക്കണമെന്ന ഹര്‍ജി കോടതി തള്ളിയിരുന്നു. രാവിലെ 10.30 ഓടെ ജഡ്ജി കോടതിയില്‍ എത്തിയയുടന്‍ ജയലളിതയുടെ അഭിഭാഷകന്‍ രാം ജത്മലാനി ജയലളിതയുടെ ഹര്‍ജി ആദ്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ക്രമം അനുസരിച്ച് മാത്രമേ ഹര്‍ജി പരിഗണിക്കാന്‍ കഴിയൂവെന്നും മറ്റ് അഭിഭാഷകരും തങ്ങളുടെ ഹര്‍ജികള്‍ക്കായി കാത്തിരിക്കുകയാണെന്നും ജഡ്ജി അറിയിച്ചു. 72ാമതായാണ് ജയലളിതയുടെ ഹര്‍ജി പരിഗണിച്ചത്.
എന്നാല്‍ ജയലളിതയ്ക്ക് ജാമ്യം നല്‍കിയാല്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. രേഖാമൂലം ജാമ്യാപേക്ഷയെ എതിര്‍ക്കുകയും ചെയ്തു. എന്നാല്‍ ഉച്ചയ്ക്ക് കേസ് പരിഗണിച്ചപ്പോള്‍ ഉപാധികളോടെ ജാമ്യം ആകാമെന്ന് പ്രോസിക്യൂഷന്‍ വാക്കാല്‍ അറിയിച്ചു. പ്രോസിക്യൂഷന്റെ നിലപാടിനെ വിമര്‍ശിച്ച ഹൈക്കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ജയലളിതയുടെ ശിക്ഷ റദ്ദാക്കാനാവില്ലെന്നും അഴിമതിക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് സുപ്രീം കോടതി ഉത്തരവ് പാലിക്കേണ്ടതുണ്ടെന്നും ജാമ്യം നിഷേധിച്ചുകൊണ്ട് ജസ്റ്റിസ് എ വി ചന്ദ്രശേഖര്‍ വ്യക്തമാക്കി.
കോടതി നടപടികള്‍ ഇങ്ങനെ: ആരോഗ്യ കാരണങ്ങളാല്‍ ജയലളിയ്ക്ക് ജാമ്യം അനുവദിക്കണമെന്ന് അവര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാം ജത്‌മലാനി കോടതിയോട് ആവശ്യപ്പെട്ടു. പ്രമേഹം, രക്തസമ്മര്‍ദ്ദം, കഠിനമായ നടുവ് വേദന എന്നീ രോഗങ്ങളാല്‍ ജയലളിത വലയുകയാണെന്നും അവരുടെ പ്രായവും പരിഗണിച്ച് ജാമ്യം നല്‍കണമെന്നുമായിരുന്നു വാദം. ജാമ്യ വ്യവസ്ഥകള്‍ ജയലളിത പാലിക്കുമെന്നും ഒരു മുന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ അവര്‍ക്ക് ഒളിവില്‍ പോകാനോ രാജ്യത്ത് നിന്ന് രക്ഷപ്പെടാനോ ആവില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
എന്നാല്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ ജി ഭവാനി സിംഗ് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തു. ജാമ്യം ലഭിച്ചാല്‍ തമിഴ്‌നാട്ടിലെ ഭരണ കക്ഷിയുടെ പരമാധികാരി എന്ന നിലയില്‍ ശക്തയായ അവര്‍ അവര്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും തെളിവുകള്‍ നശിപ്പിക്കുമെന്നും അദ്ദേഹം രേഖാമൂലം ചൂണ്ടിക്കാട്ടി. ഈ അഭിപ്രായം മാറ്റിയാണ് ഉച്ചയ്ക്ക് കേസ് പരിഗണിച്ചപ്പോള്‍ ഉപാധികളോടെ ജാമ്യം ആകാമെന്ന് പ്രോസിക്യൂഷന്‍ വാക്കാല്‍ അറിയിച്ചത്.
ജയലളിതയ്ക്ക് ജാമ്യം ലഭിച്ചെന്ന് ആദ്യം വാര്‍ത്ത വന്നിരുന്നു. ഇതിന് പിന്നാലെ തമിഴ്നാട്ടില്‍ ആഘോഷവും മധുരവിതരണവും നടത്തിയിരുന്നു. ഇതിനിടെയാണ് ജാമ്യം തള്ളിയെന്ന് വാര്‍ത്ത പുറത്തുവന്നത്.