ലോക ബഹിരാകാശ ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ രേഖപ്പെടുത്തിയ ഐഎസ്‌ആര്‍ഒയുടെ ചൊവ്വാ ദൌത്യം നമ്മള്‍ ഭാരതീയരെയെല്ലാം അഭിമാന പുളകിതരാക്കി. എന്നാല്‍ ഐഎസ്‌ആര്‍ഒയുടെ ഭാവി ദൌത്യങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാമോ? അഭിമാനം വാനോളം ജ്വലിപ്പിക്കാന്‍ കഴിയുന്ന, ബഹിരാകാശ ശക്തികളില്‍ വികസിത രാജ്യങ്ങളോടൊപ്പം നമുക്ക് സ്ഥാനം നല്‍കുന്ന ഭാവി പദ്ധതികളാണ് നമ്മുടെ ഐഎസ്‌ആര്‍ഒയുടെ പണിപ്പുരയിലുള്ളത്.
പുതിയ ഭൂസ്ഥിര ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിക്കുന്നതു മുതല്‍ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതടക്കമുള്ള പദ്ധതികളാണ് ഐഎസ്‌ആര്‍ഒയുടെ തലയിലും ലാബിലുമായി പുരോഗമിച്ചുകൊണ്ടിരിക്കുന്നത് എന്നറിഞ്ഞാല്‍ നിങ്ങള്‍ എങ്ങനെ പ്രതികരിക്കും. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ മനുഷ്യനെ ഐഎസ്‌ആര്‍ഒ ബഹിരാകാശത്തെത്തിക്കും എന്നത് ഉറപ്പുള്ള കാര്യമാണ്.
ഐഎസ്‌ആര്‍ഒയുടെ ഭാവി പദ്ധതികള്‍ എന്തൊക്കെയെന്ന് നോക്കാം... അടുത്ത മാസം തന്നെ വളരെ സുപ്രധാനമായൊരു പരീക്ഷണ വിക്ഷേപണം ഐഎസ്‌ആര്‍ഒ നടത്താന്‍ പോകുകയാണ്. ഭൂസ്ഥിര ഭ്രമണപഥത്തിലേക്ക് ഉപഗ്രഹങ്ങളെ അയക്കണമെങ്കില്‍ ശക്തിയേറിയ വിക്ഷേപണ വാഹനം ആവശ്യമാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യ ഇത്തരത്തിലൊരു റോക്കറ്റ് വിജയകരമായി പരീക്ഷിച്ചിരുന്നു. ക്രയോജനിക് സാങ്കേതിക വിദ്യ എന്നറിയപ്പെടുന്ന സങ്കേതമാണ് ഈ റോക്കറ്റുകളില്‍ ഉപയോഗിക്കുക.
ഓര്‍ക്കുന്നില്ലേ ഐഎസ്‌ആര്‍ഒ ചാരക്കേസ്, അത് ഈ സാങ്കേതിക വിദ്യയുമായി ബന്ധപ്പെടുത്തി ചില തല്‍പ്പരകക്ഷികള്‍ മെനഞ്ഞെടുത്തതാണ്. അമേരിക്ക, റഷ്യ, ചൈന, യൂറോപ്യന്‍ സ്പേസ് ഏജന്‍സി എന്നിവര്‍ക്കുമാത്രമാണ് ഈ സാങ്കേതിക വിദ്യ കൈവശമുള്ളത്. ഇന്ത്യയും ഈ മേഖലയില്‍ വിജയം കൈവരിച്ചിരിക്കുകയാണ്. ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന റോക്കറ്റിന്റെ പരിഷ്കരിച്ച പതിപ്പാണ് അടുത്തമാസം ഐഎസ്‌ആര്‍ഒ പരീക്ഷിക്കാന്‍ പോകുന്നത്.
അടുത്ത പേജില്‍: ഇവനാണ് ജിഎസ്‌എല്‍വി മാര്‍ക്ക്- 3
ജിഎസ്‌എല്‍വി ( ജിയോ സിങ്ക്രണൈസ്ഡ് സാറ്റലൈറ്റ് ലോഞ്ച് വെഹികിള്‍) മാര്‍ക്ക്- 3 എന്നാണ് പരീക്ഷിക്കാന്‍ പോകുന്ന റോക്കറ്റിന്റെ പേര്. ഭൂസ്ഥിര ഭ്രമണപഥത്തിലേക്ക് നാല് ടണ്‍ ഭാരമുള്ള ഉപഗ്രഹത്തെ വഹിക്കാന്‍ ശേഷിയുള്ളതാണ് ഈ റോക്കറ്റ്. മറ്റൊരു സുപ്രധാന കാര്യമെന്താണെന്നാല്‍ ഈ റോക്കറ്റിനോടൊപ്പം തന്നെ മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ക്രൂ മൊഡ്യൂളും ഇതില്‍ ബഹിരാകാശത്തേക്ക് അയക്കുന്നുണ്ട്. മൊഡ്യൂളിന്റെ പരീക്ഷണവും ഇതോടൊപ്പം നടക്കും.
ബഹിരാകാശത്തു നിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന വസ്തു അന്തരീക്ഷവുമായുള്ള ഘര്‍ഷണം നിമിത്തം 2000 ഡിഗ്രിയോളം ചൂടാകും. ഈ ചൂടിനെ മൊഡ്യൂള്‍ അതിജീവിക്കുമോ എന്നാണ് ഐഎസ്‌ആര്‍ഒ പരീക്ഷിക്കാന്‍ പോകുന്നത്. ഈ മൊഡ്യൂളില്‍ രണ്ടുപേര്‍ക്ക് കഴിയാന്‍ സാധിക്കും. നേരത്തേ തന്നെ ബഹിരാകാശത്തു നിന്ന് സുരക്ഷിതമായി ഉപഗ്രഹത്തെ തിരിച്ചിറക്കാന്‍ പറ്റുന്ന സാങ്കേതിക വിദ്യ ഐഎസ്‌ആര്‍ഒ ആര്‍ജിച്ചിരുന്നു.
ചന്ദ്രനിലേക്ക് വീണ്ടും
ലോകം മുഴുവന്‍ ഇന്ത്യയെ അവിശ്വസനീയതയൊടെ നോക്കിയ ദൌത്യമായിരുന്നു ചന്ദ്രനേക്കുറിച്ച് പഠിക്കാനുള്ള ചന്ദ്രയാന്‍ ദൌത്യം. എന്നാല്‍ ചന്ദ്രനെ ചുറ്റുന്ന ഭ്രമണപഥത്തില്‍ എത്തിയെങ്കിലും ആഴ്ചകള്‍ക്കുള്ളില്‍ പേടകം ചന്ദ്രനില്‍ നിന്നുള്ള താപം സഹിക്കാന്‍ കഴിയാതെ കേടായിരുന്നു. എന്നാല്‍ ലോകത്ത് ആരും കണ്ടുപിടിക്കാത്തത് അന്ന് ചന്ദ്രയാന്‍ കണ്ടുപിടിച്ചിരുന്നു. ചന്ദ്രനില്‍ ജലത്തിന്റെ സാന്നിധ്യം വന്‍തോതില്‍ ഉണ്ടെന്നായിരുന്നു ഇന്ത്യ കണ്ടെത്തിയത്. ഇപ്പോഴിതാ ചന്ദ്രനില്‍ റോവര്‍ ഇറക്കി പരീക്ഷണം നടത്താനാണ് ഐഎസ്‌ആര്‍ഒ ഉദ്ദേശിക്കുന്നത്.
അതിനായി ചന്ദ്രയാന്‍ രണ്ട് എന്ന പദ്ധതിയും ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ചന്ദ്രനിലിറങ്ങി പഠനം നടത്താന്‍ കഴിയുന്ന വിധത്തില്‍ ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നീ ഘട്ടങ്ങള്‍ ഒറ്റ വിക്ഷേപണത്തിലൂടെ ചന്ദ്രനിലേക്ക് അയയ്ക്കാനാണ് ഐഎസ്‌ആര്‍ഒ പദ്ധതിയിടുന്നത്. കഴിഞ്ഞ വര്‍ഷം ചൈന സമാനമായ റോവര്‍ ചന്ദ്രനിലിറക്കി വിജയിപ്പിച്ചിരുന്നു. ചന്ദ്രനിലെ ഉപരിതലത്തിന്റേയും ധാതുക്കളുടേയും പഠനമാണ് റോവര്‍ പദ്ധതിയിലൂടെ ഐഎസ്‌ആര്‍ഒ വിഭാവനം ചെയ്യുന്നത്.
അടുത്ത പേജില്‍: ചന്ദ്രനില്‍ പോയാല്‍ പിന്നെ സൂര്യനെ കാണാനും പോകും
ചന്ദ്ര ദൌത്യത്തിനു പിന്നാലെ ലോകത്തെ ഞെട്ടിക്കാന്‍ ഐഎസ്‌ആര്‍ഒ നടത്തുന്ന പര്യവേക്ഷണം ആരെക്കുറിച്ച് പഠിക്കാനാണെന്ന് അറിയാമോ? എപ്പൊഴും കത്തിജ്വലിച്ചു നില്‍ക്കുന്ന കര്‍മ്മ സാക്ഷിയായ സൌരയൂഥത്തിന്റെ കുടുംബനാഥനായ നമ്മുടെ സൂര്യനെക്കുറിച്ച് പഠിക്കാനാണ് ഐഎസ്‌ആര്‍ഒ ലക്ഷ്യമിടുന്നത്. ഇതിനായി ആദിത്യ എന്ന ദൌത്യവും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ഈ ദൌത്യത്തിനായി കഴിഞ്ഞ കേന്ദ്രസര്‍ക്കാര്‍ തുക വകയിരുത്തിയിരുന്നു.
അടുത്ത വര്‍ഷം ഈ ദൌത്യം വഹിക്കുന്ന പേടകവുമായി റോക്കറ്റ് ബഹിരാകാശത്തിലേക്ക് കുതിച്ചുയരും. കൊറോണ ഗ്രാഫ് എന്ന ഉപകരണമാണ് ഈ ദൌത്യ പേടകത്തില്‍ ഉണ്ടാവുക. ഈ ഉപകരണമുപയോഗിച്ച് സൂര്യന്റെ പ്രഭാമണ്ഡലത്തേക്കുറിച്ചാണ് ഐഎസ്‌ആര്‍ഒ പഠിക്കുക. അധികമാരും കൈവയ്ക്കാത്ത മേഖലയായതിനാല്‍ ഇന്ത്യയുടെ ദൌത്യത്തിനെ ലോകം ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്.
ബഹിരാകാശ വിമാനം അഥവാ സ്പേസ് ഷട്ടില്‍ ഇനി നമുക്കും
നാസയുടെ ബഹിരാകാശ ഷട്ടിലിനെക്കുറിച്ച് നമുക്കറിയാം. റോക്കറ്റ്പോലെ ബഹിരാകാശത്തിലേക്ക് പോകുന്നതിനു പിന്നാലെ ദൌത്യം കഴിഞ്ഞ് ഭൂമിയിലേക്ക് വിമാനം വന്നിറങ്ങുന്നതുപോലെ റണ്‍വേയില്‍ ഇറങ്ങുന്ന വീണ്ടും ഉപയോഗിക്കാവുന്ന ബഹിരാകാശവാഹനം. ഇനി നമുക്കും അത്തരമൊന്ന് സ്വന്തമാകാന്‍ പോകുന്നു. റീയൂസബിള്‍ ലോഞ്ച് വെഹിക്കിള്‍ അഥവാ ആര്‍എല്‍വി എന്ന വാഹനത്തിന്റെ അവസാനവട്ട മിനുക്കുപണിയിലാണ് ഐഎസ്‌ആര്‍ഒ.
ചിറകുള്ള ഈ വിക്ഷേപണ വാഹനം അടുത്ത വര്‍ഷം ആദ്യം തന്നെ പരീക്ഷിക്കാനാണ് പദ്ധതി. ആര്‍എല്‍വി ടിഡി എന്ന് വിളിക്കുന്ന വാഹനത്തിനേ ശക്തിയേറിയ റോക്കറ്റ് ഉപയോഗിച്ച് 100 കിലോമീറ്റര്‍ അകലെ ബഹിരാകാശത്ത് എത്തിക്കും. തുടര്‍ന്ന് ഇതിനേ റോക്കറ്റില്‍ നിന്നും വേര്‍പെടുത്തി വിമാനമെന്നതുപോലെ തിരികെ ഭൂമിയില്‍ പറന്ന് കടലില്‍ ഇറക്കാനാണ് ഐഎസ്‌ആര്‍ഒ ശ്രമിക്കുന്നത്. ഇത് വിജയിച്ചാല്‍ അടുത്ത ഘട്ടത്തില്‍ കരയിലും ഇറക്കാന്‍ കഴിയുന്ന തരത്തില്‍ ഇതിനെ പരിഷ്കരിക്കും.
ബഹിരാകാശത്തെ അങ്ങനെ വിടാന്‍ ഇനി നമ്മള്‍ തയ്യാറല്ല
ഗ്രഹങ്ങളും താരാപഥങ്ങളും, ക്ഷുദ്രഗ്രഹങ്ങളും നിറഞ്ഞ ബഹിരാകാശം അന്നും ഇന്നും എന്നും മാനവരാശിയുടെ അത്ഭുതങ്ങളില്‍ ഒന്നാണ്. ബഹിരാകാശത്തിലെ മറ്റ് വസ്തുക്കളേക്കുറിച്ച് പഠിക്കുക എന്നതും ഇനി ഐഎസ്‌ആര്‍ഒയുടെ പദ്ധതിയാണ്. ബഹിരാകാശത്തെക്കുറിച്ചുള്ള സമഗ്രപഠനമാണ് ഐഎസ്‌ആര്‍ഒ ലക്ഷ്യമിടുന്നത്. ആസ്ട്രോ സാറ്റ് എന്നാണ് ഇതിനായി തയ്യാറാക്കുന്ന പേടകത്തിന്റെ പേര്.
ഇതിനേ 650 കിലോമീറ്റര്‍ ഉയരമുള്ള ഭൂസ്ഥിര ഭ്രമണപഥത്തില്‍ എത്തിക്കാനാണ് ലക്ഷ്യം. ഈ പദ്ധതിക്ക് പിന്നാലെ ജിസാറ്റ്6, 6 എ, ജി സാറ്റ്9,11,15,16, റിസോഴ്സ് സാറ്റ് 2 എ, കാര്‍ട്ടൊസാറ്റ് 2സി തുടങ്ങിയ ഉപഗ്രഹങ്ങളും ഉടന്‍ തന്നെ ഭ്രമണപഥത്തില്‍ എത്തിക്കാനും ഐഎസ്‌ആര്‍ഒ തയ്യാറെടുക്കുകയാണ്.
ഐഎസ്‌ആര്‍ഒ വളരുകയല്ല കുതിച്ച് ചാടുകയാണ്. 1963ല്‍ സൈക്കിളില്‍ റോക്കറ്റും പിടിച്ച് വിക്ഷേപണത്തറയിലേക്ക് പോയ സംഘടന ഇപ്പോള്‍ ലോകത്തിനു മുഴുവന്‍ വിസ്മയമായി മാറിയിരിക്കുന്നു. നമുക്കും അഭിമാനിക്കാം, ഭാരതത്തിന്റെ സുവര്‍ണകാലം ആഗതമാവുകയാണ്. ഇതിന്റെ തെളിവുകളെ കണ്‍കുളിര്‍ക്കേ കാണാന്‍ ഭാഗ്യം സിദ്ധിച്ചവരാണ് നമ്മള്‍.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.