ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ഇടതു - വലതു മുന്നണികളെ കൂടാതെ ബിജെപിയേയും സമ്മര്‍ദ്ദത്തിലാക്കുന്നു. ജനപിന്തുണയില്‍ ഇടിവ് വന്നിട്ടില്ലെന്ന് സിപിഎമ്മിന് തെളിയിക്കേണ്ടി വരുമ്പോള്‍ കൈവിട്ട് പോയ സീറ്റ് തിരിച്ച് പിടിക്കുക എന്നതാണ് കോൺഗ്രസിന്റെ ലക്ഷ്യം. കഴിഞ്ഞ തെരഞ്ഞെടുപ്പിലുണ്ടായിരുന്ന സാധ്യത ഇത്തവണ വിജയമാക്കി തീര്‍ക്കുകയെന്ന ഏക ലക്ഷ്യമാണ് ബിജെപിക്കുള്ളത്.
എംഎൽഎയായ കെകെ രാമചന്ദ്രൻ നായരുടെ നിര്യാണത്തെ തുടർന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. ആറ് മാസത്തിനകം തെരഞ്ഞെടുപ്പ് നടത്തേണ്ടതിനാല്‍ സ്ഥാനാർത്ഥിയെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ മുന്നണികളില്‍ സജീവമായി.
വിജയം ആവര്‍ത്തിച്ചു സീറ്റ് സീറ്റ് നിലനിർത്തേണ്ട അവസ്ഥയാണ് സിപിഎമ്മിനുള്ളത്. സർക്കാരിന്റെ വിലയിരുത്തലാകും ഈ ഉപതെരഞ്ഞെടുപ്പ് എന്നതിനാല്‍ ജനസമ്മതിയുള്ള ഒരു സ്വതന്ത്ര സ്ഥാനാർഥിയെ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം ശ്രമിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന സൂചന. ഈ ലിസ്‌റ്റില്‍ മുന്‍ പന്തിയിലുള്ള വ്യക്തി സിനിമാ നടി മഞ്ജു വാര്യരാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.
പ്രചരിക്കുന്ന വാര്‍ത്തകളെക്കുറിച്ച് മഞ്ജു ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും അവരുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും സംസാരിച്ചെന്നും, സ്ഥനാര്‍ഥിത്വം സംബന്ധിച്ച് സൂചനകള്‍ നല്‍കിയെന്നുമാണ് വിവരം.
അതേസമയം, കഴിഞ്ഞ തവണ പരാജയപ്പെട്ട പിസി വിഷ്ണുദാസ് തന്നെയാകും യിഡിഎഫ് സ്ഥാനാർഥി. മുതിര്‍ന്ന നേതാവും യുഡിഎഫ് ആലപ്പുഴ ജില്ലാ ചെയര്‍മാനുമായ എം മുരളിയുടെ പേരും ഉയര്‍ന്നു വരുന്നുണ്ട്. ബിജെപി ദേശീയ നിർവാഹക സമിതി അംഗം ശ്രീധരൻ പിള്ളയാകും ബിജെപിക്കായി വോട്ട് തേടുക.
ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ആശങ്ക പകരുന്ന രാഷ്‌ട്രീയ നീക്കങ്ങളാണ് ഇപ്പോള്‍ സജീവമായിരിക്കുന്നത്. കേരളാ കോണ്‍ഗ്രസിന്റെ (എം) പിന്തുണ സിപിഎമ്മിനായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്‍ഡിഎയുമായുള്ള അടുപ്പം അവസാനിപ്പിച്ചുവെന്നും ഇടതിനൊപ്പമായിരിക്കും ചെങ്ങന്നൂരില്‍ നില്‍ക്കുകയെന്നും എസ് എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഇന്ന് വ്യക്തമാക്കിയിരുന്നു.
വെള്ളാപ്പള്ളിയുടെയും കേരളാ കോണ്‍ഗ്രസിന്റെയും നീക്കം സിപിഎമ്മിനെ തുണയ്‌ക്കുമ്പോള്‍ നഷ്‌ടം കോണ്‍ഗ്രസിനും ബിജെപിക്കുമാണ്. ശ്രീധരൻ പിള്ളയ്ക്ക് കഴിഞ്ഞ തവണ 42,682 വോട്ട് ലഭിച്ചത് ബിഡിജെഎസിന്റെ പിന്തുണ ഉള്ളതിനാലായിരുന്നു. എന്നാല്‍, വെള്ളാപ്പള്ളിയുടെ പുതിയ നീക്കം ക്ഷീണമുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് ബിജെപി നേതൃത്വം.
ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ കേരളാ കോണ്‍ഗ്രസിന് (എം) ശക്തമായ സ്വാധീനമുണ്ട്. തിരുവന്‍വണ്ടൂര്‍, മാന്നാര്‍, വെണ്മണി എന്നീ ഭാഗങ്ങളിലും മാണി വിഭാഗം ശക്തമാണ്. അതിനാല്‍ ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിനോട് കേരളാ കോണ്‍ഗ്രസ് അടുക്കുന്നത് തിരിച്ചടിയാകുന്നത് കോണ്‍ഗ്രസിനാണ്.