‘ആ‍റാട്ടുമുണ്ടനും വേശ്യാലയസംസ്കാരവും’ വിനയായോ?

സി ഐ മോനിച്ചന്‍
ചൊവ്വ, 30 ജൂണ്‍ 2015 (17:10 IST)
കുപ്രസിദ്ധമായ ‘പരനാറിപ്രയോഗം’ കൊല്ലത്ത് സി പി എമ്മിനെ പരാജയപ്പെടുത്തിയതിന്‍റെ ഓര്‍മ്മ മായുംമുമ്പേ അരുവിക്കരയിലെ തോല്‍‌വിയും ചിലതൊക്കെ ഓര്‍മ്മിപ്പിക്കുന്നു. നേതാക്കളുടെ പെരുമാറ്റവും സംസാരവും പദപ്രയോഗങ്ങളും വോട്ടര്‍മാരെ സ്വാധീനിക്കും എന്ന പരമമായ സത്യം. നേതാക്കളുടെ നിലവിട്ട പദപ്രയോഗങ്ങള്‍ വോട്ടര്‍മാരുടെ മനോനിലയെ സ്വാധീനിക്കുന്നതിന്‍റെ പ്രതിഫലനം കൂടിയാണ് അരുവിക്കരയിലെ തെരഞ്ഞെടുപ്പുഫലം.
 
‘പരനാറി’യോളം ‘പേരുകേട്ട’ പ്രയോഗമായിരുന്നു അരുവിക്കരയില്‍ ‘ആറാട്ടുമുണ്ടന്‍’. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനാണ് ആ പ്രയോഗത്തിന്‍റെ ഉടമസ്ഥന്‍. എ കെ ആന്‍റണിയെ വിശേഷിപ്പിക്കാനാണ് വി എസ് അങ്ങനെ ഒരു പദം ഉപയോഗിച്ചത്. ‘ആന്‍റണി അഴിമതിക്ക് വിളക്കുതെളിക്കുന്ന ആറാട്ടുമുണ്ടനാണ്’ എന്നാണ് വി എസ് പറഞ്ഞത്. ഇത് വോട്ടര്‍മാരുടെ മനസ് എല്‍ ഡി എഫിനെതിരായി തിരിയാന്‍ കാരണമായെന്ന് നിസംശയം പറയാം.
 
അതിന് പ്രധാനകാരണം, വി എസിന്‍റെ ആക്രമണം എ കെ ആന്‍റണിക്ക് നേരെയായിരുന്നു എന്നതാണ്. രാഷ്ട്രീയത്തിനതീതമായി കേരള ജനത ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന നേതാവാണ് ആന്‍റണി. വി എസിനെ സ്നേഹിക്കുന്ന അത്രയുംതന്നെ ആന്‍റണിയെയും കേരളം സ്നേഹിക്കുന്നു. ആന്‍റണിയെ അധിക്ഷേപിക്കുന്നത് വി എസ് ആയാലും ജനങ്ങള്‍ പൊറുക്കില്ല എന്നതിന് തെളിവാണ് തെരഞ്ഞെടുപ്പ് ഫലം.
 
‘ആറാട്ടുമുണ്ടന്‍’ എന്ന പദപ്രയോഗത്തിനുള്ള മറുപടി സ്ത്രീകളും യുവജനങ്ങളും ഇടത് അനുഭാവമുള്ള ജനങ്ങളും ശബരീനാഥന് വോട്ടുചെയ്തുകൊണ്ട് നല്‍കുകയായിരുന്നു. അതിനും ഒരുപടി മുകളിലായിരുന്നു പിണറായി വിജയന്‍ നടത്തിയ ‘വേശ്യാലയ സംസ്കാരം’ എന്ന പ്രയോഗം. സ്ത്രീ വോട്ടര്‍മാരെ ഇടതുമുന്നണിക്ക് എതിരാക്കിയതില്‍ ആ പദപ്രയോഗം വലിയ പങ്കുവഹിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
വോട്ടെടുപ്പിന്‍റെ തലേന്ന് പിണറായി നടത്തിയ ആ പദപ്രയോഗം ജനങ്ങളിലേക്ക്, പ്രത്യേകിച്ച് സ്ത്രീ വോട്ടര്‍മാരിലേക്ക് എത്തിക്കുന്നതില്‍ യു ഡി എഫ് വിജയിച്ചു. ഇത്തരം പദപ്രയോഗങ്ങള്‍ക്കെതിരായ ജനവിധികൂടിയായി അരുവിക്കരയിലെ തെരഞ്ഞെടുപ്പുഫലം. എന്നാല്‍, വി എസിനെക്കുറിച്ച് വി എം സുധീരന്‍ നടത്തിയ അറവുമാട് പ്രയോഗം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകുകയും ചെയ്തു.