ഫെബ്രുവരി മൂന്നാം വാരത്തിലെ ‘ആഴ്ചമേള’ പംക്തിയില്‍ സുബ്രഹ്മണ്യപുരത്തിന്‍റെ സംവിധായകന്‍ ശശികുമാറും സി.പി.ഐ(എം) സെക്രട്ടറി പ്രകാശ് കാരാട്ടും തമിഴ് നടി ഷംന കാസിമും എഴുത്തുകാരി ഗ്രേസിയും പങ്കെടുക്കുന്നു.
ലാലിനെ വച്ച് സിനിമയെടുക്കണ ം
ഏതെങ്കിലും പ്രത്യേക നടനെവച്ചു സിനിമ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമില്ല. എന്നാല്‍ മോഹന്‍ലാലിനെ വച്ച് ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അദ്ദേഹത്തിന്റെ താഴ്‌വാരം, ചിത്രം, ഭരതം എന്നിവയൊക്കെ ഞാന്‍ ആസ്വദിച്ച സിനിമകളാണ്. കഥയും സാഹചര്യവും ഒത്തുവന്നാല്‍ തീര്‍ച്ചയായും അദ്ദേഹത്തെ കാണും. മമ്മൂട്ടിയുടെ സിനിമകളും കാണാറുണ്ട്. അദ്ദേഹം നേരത്തെ തന്നെ തമിഴിലെയും ഒന്നാംനിര താരങ്ങളില്‍ ഒരാളാണല്ലോ - സുബ്രഹ്മണ്യപുരത്തിന്റെ സംവിധായകന്‍ ശശികുമാര്‍
പിണറായിക്ക് പിബിയുടെ ചങ്കും കരളും!
ലാവ്‌ലിന്‍ കേസ് രാഷ്ട്രീയ പ്രേരിതമാണ്. പിണറായി വിജയനെ ലാവ്‌ലിന്റെ പേരില്‍ രാഷ്ട്രീയമായി വേട്ടയാടുകയാണ്. പാര്‍ട്ടി ഒറ്റക്കെട്ടായി ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. ഭരണഘടനാ അധികാരമുള്ള ആളായിരുന്നു പിണറായി എങ്കില്‍ രാജി വയ്ക്കേണ്ടി വന്നേനെ. എന്നാല്‍ പിണറായി പാര്‍ട്ടി നേതാവു മാത്രമാണ്. അതുകൊണ്ടുതന്നെ പിണറായി രാജി വയ്ക്കേണ്ട സാഹചര്യം ഇപ്പോഴില്ല - സി.പി.ഐ(എം) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്
മലയാളി നായികമാര്‍ പുറത്തുനിന്ന്
ലാലേട്ടന്റേയും മമ്മൂട്ടിസാറിന്റേയും നായികയാവാന്‍ കഴിയുമോ എനിക്ക്. ഇല്ല. മലയാളസിനിമയില്‍ ഇപ്പോള്‍ നായികമാരെത്തുന്നത് ബോംബെയില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നുമാണല്ലോ. മലയാളികളായ നായികമാരെ അധികമാര്‍ക്കും വേണ്ട. അതുകൊണ്ട് അവരെല്ലാം തമിഴിലും തെലുങ്കിലുമൊക്കെ പോകുന്നു - പൂര്‍ണ്ണ എന്ന പേരില്‍ തമിഴ് സിനിമയില്‍ അഭിനയിക്കുന്ന ഷംന കാസിം
അന്യഗ്രഹ ജീവിയെ പ്രണയിച്ച ഞാന്‍
ഞാന്‍ ആത്മകഥയുടെ ഒരു ഭാഗം പ്രസിദ്ധീകരിച്ചപ്പോള്‍ അതില്‍ ആദ്യ പ്രണയത്തെ സ്പര്‍ശിച്ചിരുന്നു. ഞാന്‍ പ്രണയിച്ച പട്ടര് മാഷിന് ആ പുസ്തകത്തിന്റെ ഒരു കോപ്പി കൊടുക്കണമെന്ന് ആഗ്രഹം തോന്നി. ഒരുപാട് അന്വേഷിച്ചിട്ടാണ് ഫോണ്‍ നമ്പര്‍ കണ്ടുപിടിച്ചു. മൂപ്പര്‍ പക്ഷേ എന്നെ മറന്ന് കഴിഞ്ഞിരുന്നു. ഓര്‍മ്മകള്‍ ഉണര്‍ത്തിയെടുത്ത് ഞാന്‍ പുസ്തകത്തെ പറ്റി പറഞ്ഞു. മറുപടി എന്നെ നിലംപരിശാക്കിക്കളഞ്ഞു. “ഞാന്‍ മലയാളം തീരെ വായിക്കാറില്ല. എന്നാലും പുസ്തകം അയച്ചേക്കൂ!” മലയാളം പ്രാണവായു പോലെ വിലപ്പെട്ടതായി കരുതുന്ന ഞാന്‍ ഈ അന്യഗ്രഹജീവിയെ പ്രണയിച്ചിരുന്നു എന്ന് അന്നേരം എനിക്കുതന്നെ അവിശ്വസനീയമായി തോന്നി - എഴുത്തുകാരി ഗ്രേസി