സഖാക്കളേ, ആര്‍ സുഗതനെ ഓര്‍മ്മയുണ്ടോ?

Webdunia
ചൊവ്വ, 25 ഓഗസ്റ്റ് 2009 (13:54 IST)
PRO
ലക്‍ഷ്വറി കാറുകളില്‍ യാത്ര ചെയ്തും സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിച്ചും കമ്യൂണിസം പ്രചരിക്കുന്ന സഖാക്കള്‍ ഇന്ന് അപൂര്‍വ കാഴ്ചയല്ല. ആഡംബരത്തിന്‍റെ സുഖലോലുപതയില്‍ സോഷ്യലിസം പ്രസംഗിക്കുന്ന ഇവരുടെ നാവുകളില്‍ തന്നെയാണ് ഭൂതകാലം നല്ലതുപോലെ വഴങ്ങുന്നതും. കൃഷ്ണപിള്ളയും ഈയെമ്മുമൊക്കെ സഹിച്ച കഷ്ടതകള്‍ വിവരിക്കുന്നവരുടെ കൈയിലെ ഗ്ലാസില്‍ കോക്ക് പാനീയം നുരയുന്നുണ്ടാകും.

ഈ കമ്യൂണിസ്റ്റ് ഐറണി കണ്ടു ശീലമായിപ്പോയ കേരളജനതയ്ക്ക് ആര്‍ സുഗതന്‍ എന്ന കമ്യൂണിസ്റ്റിനെ ആവേശത്തോടെ മാത്രമേ സ്മരിക്കാനാകൂ. ഐനോക്സ് സ്ക്രീനുകളില്‍ സിനിമ കണ്ട് പോപ്കോണ്‍ ചവയ്ക്കുന്ന കമ്യൂണിസ്റ്റുകാര്‍ക്ക് ആര്‍ സുഗതനെ പരിചയമുണ്ടാകില്ല. ആ തികഞ്ഞ പോരാളിയുടെ ചരിത്രം വായിക്കാനുള്ള സാവകാശവുമുണ്ടാകില്ല.

ജയിലില്‍ കിടന്ന് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ച ജനനേതാവാണ് ആര്‍ സുഗതന്‍. ജനങ്ങളോടൊപ്പം അവരിലൊരാളായി ജീവിക്കാനും പ്രവര്‍ത്തിക്കാനും കഴിഞ്ഞ ചുരുക്കം ചില നേതാക്കളില്‍ ഒരാള്‍. 1901 ഓഗസ്റ്റ് 25നാണ് അദ്ദേഹത്തിന്‍റെ ജനനം. ഇന്ന് അദ്ദേഹത്തിന്‍റെ നൂറ്റിയെട്ടാം ജന്‍‌മദിനമാണ്.

എം എല്‍ എ ആയിരുന്നപ്പോഴും അല്ലാത്തപ്പോഴും എല്ലാ വരുമാനങ്ങളും പാര്‍ട്ടിയെ ഏല്‍പ്പിച്ചു. പാര്‍ട്ടി നല്‍കിയ തുച്ഛമായ വേതനം പറ്റി ആലപ്പുഴയിലൊരു വാടകമുറിയില്‍ താമസിച്ചു. രോഗം തളര്‍ത്തിയപ്പോഴാണ് സഖാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി തിരുവനന്തപുരത്തെ പാര്‍ട്ടി ഓഫീസിലൊരുക്കിയ താമസസ്ഥലത്തേക്ക് മാറിയത്.

നിയമസഭയ്ക്കകത്തും പുറത്തും തൊഴിലാളി വര്‍ഗതാത്പര്യങ്ങള്‍ക്കുവേണ്ടി മുഖം നോക്കാതെ, കക്ഷി നോക്കാതെ വീറോടെ പോരാടിയ വ്യക്തിത്വമാണ് സുഗതന്‍റേത്. ജനസേവനവ്യഗ്രമായ ജീവിതരീതിയുടെ ഉത്തമപ്രതീകമായി തിളങ്ങിനിന്ന പൊതുപ്രവര്‍ത്തകന്‍. ശ്രീബുദ്ധന്‍റെ സ്വാധീനം സുഗതന്‍റെ ജീവിതത്തിലുണ്ട്. അതാണ് സുഗതന്‍ എന്ന പേര് സ്വീകരിക്കാന്‍ പോലും കാരണം.

സഹോദരസമാജത്തിലും ശ്രീനാരായണധര്‍മ്മ പരിപാലന സംഘത്തിലും യുക്തിവാദി പ്രസ്ഥാനത്തിലും ബുദ്ധമിഷനിലും പ്രവര്‍ത്തിച്ചു തൊഴിലാളി രംഗത്തേക്കു കടന്ന ശ്രീധരനാണ് പിന്നീട് ജനകീയ നേതാവായ സുഗതനായി മാറിയത്. പതിനെട്ടാം വയസ്സില്‍ ഒരു സ്വകാര്യ വിദ്യാലയത്തില്‍ അദ്ധ്യാപകനായി. തിരുവിതാംകൂര്‍ കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്‍ 1938ല്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ സുഗതന്‍ ആദ്യത്തെ സെക്രട്ടറിയായി. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് പിറന്നപ്പോള്‍ സുഗതന്‍ അതില്‍ ചേര്‍ന്നു.

1938 സെപ്റ്റംബറില്‍ കോണ്‍ഗ്രസ് പ്രക്ഷോഭത്തിന്‍റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട അന്നു രാത്രി തന്നെ പ്രത്യേകം കോടതി കൂടി. അദ്ദേഹത്തിനു ശിക്ഷ വിധിച്ചു - രണ്ടുകൊല്ലം കഠിനതടവും രണ്ടായിരം രൂപ പിഴയും. പിന്നീടൊരിക്കല്‍, മെയ് ദിനത്തെപ്പറ്റി കവിതയെഴുതി പ്രസിദ്ധീകരിച്ചതിന് 1939 മെയ് ദിനത്തില്‍ തുറുങ്കിലായ സുഗതനു കിട്ടിയത് മൂന്നു വര്‍ഷത്തെ തടവുശിക്ഷയാണ്. 1942 ല്‍ പുറത്തുവന്ന അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി.

പട്ടം താണുപിള്ളയുടെ ജനാധിപത്യ സര്‍ക്കാരും സുഗതനെ വെറുതെ വിട്ടില്ല. 1948 മാര്‍ച്ച് 14ന് അദ്ദേഹം കരുതല്‍ തടങ്കല്‍ നിയമപ്രകാരം അറസ്റ്റിലായി. പറവൂര്‍ ടി കെ മുഖ്യമന്ത്രിയായപ്പോഴും സുഗതന്‍ തുറുങ്കില്‍ കിടന്നു. മൂന്നു വര്‍ഷത്തിനു ശേഷം സി കേശവന്‍ മുഖ്യമന്ത്രിയായപ്പോഴാണ് സുഗതനെ വിട്ടയച്ചത്. മൂന്നു മാസം കഴിയും മുമ്പുതന്നെ അദ്ദേഹം ജയിലില്‍ തിരികെയെത്തുകയും ചെയ്തു.

ജയിലില്‍ കിടന്ന് 1952ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ആര്‍ സുഗതന്‍ എം എല്‍ എ ആയാണ് പുറത്തുവന്നത്. 1954ല്‍ വീണ്ടും തിരു - കൊച്ചി നിയമസഭയിലേക്കും 1957, 60 വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ കേരള നിയമസഭയിലേക്കും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിനെ തുടര്‍ന്ന് 1965ല്‍ അമ്പലപ്പുഴയില്‍ സി പി ഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1970 ഫെബ്രുവരി 14ന് തിരുവനന്തപുരത്തെ സി പി ഐ ഓഫീസില്‍ കിടന്ന് അദ്ദേഹം അന്ത്യശ്വാസം വലിച്ചു.