ശ്രാവണ പൂര്‍ണ്ണിമയിലെ രക്ഷാബന്ധനം

Webdunia
FILEFILE
സാഹോദര്യത്തിന്‍റെയും സ്നേഹത്തിന്‍റെയും നൂലിഴകള്‍ നെയ്തു ചേര്‍ക്കാന്‍ ഒരു രക്ഷാബന്ധന ദിനം കൂടി. ഈ ദിനം ആത്മബന്ധങ്ങളുടെ ഏറ്റുവാങ്ങലുകള്‍ക്ക് സാക്‍ഷ്യം വഹിക്കുന്നു.

ശ്രാവണ പൗര്‍ണമി ദിവസമാണ് രക്ഷാബന്ധന്‍ ദിനമായി ആചരിക്കുന്നത്. പൊതുവെ ഉത്തരേന്ത്യന്‍ ആചാരമായാണ് കണക്കാക്കുന്നതെങ്കിലും ഇതു ഭാരതീയ ആദര്‍ശങ്ങളുടെ മികച്ച നിദര്‍ശനമാണ് . ആവണി അവിട്ടം നാരിയല്‍ പൂര്‍ണിമ എന്നീ പേരുകളിലും ശ്രാവണ പൂര്‍ണ്ണിമ ആഘോഷിക്കാറുണ്ട്.

ഇന്ദ്രപത്നി ദേവി ഇന്ദ്രാണിക്കൊപ്പമാണ് ഭാരതത്തില്‍ രക്ഷാബന്ധനത്തെപ്പറ്റി അറിഞ്ഞുതുടങ്ങുന്നത്. ഒരു ശ്രാവണ പൗര്‍ണമി നാളില്‍ ഇന്ദ്രാണി ദേവി ദേവരാജന്‍ ഇന്ദ്രന്‍റെ കൈയ്യില്‍ അത്ഭുത സിദ്ധിയുള്ള ഒരു രക്ഷ ബന്ധിച്ചു. ഇതിന്‍റെ ശക്തിയാല്‍ ഇന്ദ്രന്‍ അസുരന്‍‌മാരുടെ മേല്‍ വിജയം നേടി.

അങ്ങനെ ശ്രാവണ പൗര്‍ണമി രക്ഷാബന്ധന ദിനമായി മാറി.

ഇന്ദ്രാണി ബന്ധിച്ച രക്ഷയുടെ ശക്തി കണ്ടറിഞ്ഞാണ് ഭാരതത്തില്‍ പിന്നീട് ഇത് മഹാ ഉത്സവമായി മാറിയത്. ഇതിന് സഹോദര-സഹോദരീ ഭാവം കൈവന്നത് ചരിത്രപരമായ കാരണങ്ങളാലാണ്.

FILEFILE
രക്ഷ ബന്ധിക്കുന്ന ആരേയും സംരക്ഷിക്കാന്‍ അതു സ്വീകരിക്കുന്ന ആള്‍ക്ക് ബാധ്യതയുണ്ട്. രക്ഷാബന്ധനത്തിലൂടെ സഹോദരന് ആയുസ്സും ആരോഗ്യവും സമ്പത്തും ആശംസിക്കുമ്പോള്‍ സഹോദര മനസ്സില്‍ സഹോദരിയെ സംരക്ഷിക്കണമെന്ന പ്രതിജ്ഞയുളവാകുന്നു.

വര്‍ണനൂലുകള്‍ ഇഴപാകിയ രാഖികള്‍ക്ക് രക്ഷാബന്ധനങ്ങളുടെ അനേകം കഥകള്‍ പറയാനുണ്ട്. ഹുമയൂണ്‍ ചക്രവര്‍ത്തി പോലും ഇത് മാനിച്ചിട്ടുണ്ട്. പോറസ് അലക്സാണ്ടറെ കൊല്ലാതെ വിട്ടത് രാഖിയുടെ ബന്ധം കൊണ്ടായിരുന്നു.

യുധിഷ്ഠിരന്‍ ചിന്താകുലനായി ശ്രീകൃഷ്ണനോടു ചോദിക്കുന്നു. വരും വര്‍ഷത്തില്‍ നടക്കാനിരിക്കുന്ന ചീത്തയും ദാരുണങ്ങളുമായ സംഭവങ്ങളെ എങ്ങനെ അതിജീവിക്കും? രക്ഷാമഹോത്സവം ആചരിക്കുക എന്നായിരുന്നു ശ്രീകൃഷ്ണന്‍റെ മറുപടി.

രജപുത്ര ധീര ത

രജപുത്രാചാരങ്ങളിലെ നിറമുള്ള ഏടുകളാണ് രക്ഷാബന്ധനത്തിന്‍റേത്.

ധീരരായ രജപുത്ര സൈനികര്‍ യുദ്ധത്തിന് പുറപ്പെടും മുന്‍പ് രജപുത്ര വനിതകള്‍ യോദ്ധാക്കളുടെ നെറ്റിയില്‍ സിന്ദൂര തിലകം ചാര്‍ത്തിയ ശേഷം വലതു കൈയ്യില്‍ രക്ഷ ബന്ധിക്കുമായിരുന്നു. ഇത് അവര്‍ക്ക് ശത്രുക്കളെ നിഷ്പ്രയാസം ജയിക്കാനും ആക്രമണങ്ങളില്‍ നിന്ന് രക്ഷ നേടാനും സഹായകമാകുമെന്ന് വിശ്വസിച്ചിരുന്നു.

FILEFILE
രാഖിയും ഹുമയൂണു ം

ഭാരത ചരിത്രത്തിന്‍റെ ഏടുകളില്‍ രക്ഷാബന്ധനം നല്‍കിയ അവിശ്വസനീയ സാഹോദര്യത്തിന്‍റെ കഥകളുണ്ട്.
ബഹദൂര്‍ഷാ മേവാറിനെ ആക്രമിച്ചപ്പോള്‍ മഹാറാണി കര്‍മവതി മുഗള്‍രാജാവ് ഹുമയൂണിന് ഒരു രാഖി ദൂതന്‍വശം എത്തിച്ചുകൊടുത്തു. രജപുത്രരും മുഗളരും കടുത്ത ശത്രുതയിലായിരുന്നിട്ടു കൂടി ഹുമയൂണ്‍ റാണിയെ സംരക്ഷിക്കാന്‍ തീരുമാനിച്ചു. അദ്ദേഹം മേവാറിലെത്തി ബഹദൂര്‍ഷായുടെ സൈന്യത്തെ തുരത്തി.

മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ ജീവന്‍ രക്ഷാബന്ധനത്തിന്‍റെ മഹത്വത്തിന്‍റെ സാക്‍ഷ്യമാണ്.

ക്ഷത്രിയ രാജാവ് പുരുഷാത്തമന്‍ (പോറസ്) യുദ്ധത്തില്‍ അലക്സാണ്ടറുടെ നേരെയുയര്‍ത്തിയ കൈ പിന്‍വലിക്കാന്‍ കാരണം അലക്സാണ്ടറുടെ പത്നി ഭര്‍ത്താവിന്‍റെ ജീവന്‍ ദാനമായി ചോദിച്ച് പോറസിന്‍റെ കൈയ്യില്‍ ബന്ധിച്ച രക്ഷയില്‍ ഒരു നിമിഷം കണ്ണുകളുടക്കിയതാണ്. ആ രക്ഷയില്ലായിരുന്നുവെങ്കില്‍ വിജയഗാഥയുടെ അന്ത്യം മറ്റൊന്നാകുമായിരുന്നു.

FILEFILE
ടാഗോറും രക്ഷാബന്ധനും

എല്ലാ മതവിഭാഗങ്ങളുടെയുമിടയില്‍ സ്നേഹ സാഹോദര്യങ്ങള്‍ പുനഃസ്ഥാപിക്കുവാന്‍ വേണ്ടി രവീന്ദ്രനാഥ ടാഗോര്‍ ശാന്തിനികേതനില്‍ രക്ഷാബന്ധനം ആചരിക്കുമായിരുന്നു. ഇന്ന് ഭാരതമൊട്ടാകെ രക്ഷാബന്ധനം ഉത്സവമായി കൊണ്ടാടുന്നു.

രക്ഷാബന്ധന ദിനത്തില്‍ ഭാരത സ്ത്രീകള്‍ ജവാന്‍‌മാര്‍ തുടങ്ങി ജയില്‍പ്പുള്ളികളുടെ വരെ കൈകളില്‍ രാഖി ബന്ധിച്ചുകൊണ്ട് സ്നേഹ സാഹോദര്യങ്ങളുടെ പാഠങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു.

രക്ഷാബന്ധന ദിനത്തില്‍ അതിരാവിലെ തന്നെ കുളികളിഞ്ഞെത്തുന്ന സ്ത്രീകള്‍ ഈശ്വരപൂജ നടത്തുന്നു. പൂജയ്ക്കു ശേഷം മന്ത്രജപത്തോടെ സഹോദരനെ ആരതിയുഴിഞ്ഞ് വലതു കൈയ്യില്‍ രാഖി ബന്ധിച്ചുകൊടുക്കുന്നു.

നാരിയല്‍ പൂര്‍ണിമ, ആവണി അവിട്ട ം

മുംബൈയില്‍ രക്ഷാബന്ധനം നാരിയല്‍ പൂര്‍ണിമ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ ദിനത്തിലെ പ്രധാന ആരാധനാ മൂര്‍ത്തിയായ വരുണ ദേവനെ പ്രസാദിപ്പിക്കാന്‍ ഭക്തജനങ്ങള്‍ തേങ്ങ കടലില്‍ എറിയുക പതിവാണ്.

ആവണി അവിട്ടം എന്ന പേരിലാണ് തെക്കെ ഇന്ത്യയില്‍ രക്ഷാബന്ധനം അറിയപ്പെടുന്നത്. ഇത് ഉപക്രമത്തിന്‍റെ ദിവസമാണ്. ഈ ദിനത്തില്‍ ബ്രാഹ്മണര്‍ ആദി മുനിമാര്‍ക്ക് തര്‍പ്പണജലം അര്‍പ്പിക്കുന്നു.

രക്ഷാബന്ധനം പല ഭാവത്തിലും രൂപത്തിലും ഭാരതമൊട്ടാകെ കൊണ്ടാടുന്നു. എല്ലായിടങ്ങളിലും സ്നേഹത്തിന്‍റെയും വിശ്വാസത്തിന്‍റെയും ആത്മബന്ധത്തിന്‍റെയും ഊട്ടിയുറപ്പിക്കല്‍ കൂടിയാണിത്.