വെങ്കയ്യ നായിഡു: അസാധാരണമായ നേതൃശേഷിയും വ്യക്തിത്വവുമുള്ള ബിജെപിയുടെ ദക്ഷിണേന്ത്യന്‍ മുഖം

Webdunia
ബുധന്‍, 19 ജൂലൈ 2017 (15:00 IST)
ആന്ധ്രയിൽനിന്നുള്ള ഒരു രാഷ്ട്രീയനേതാവാണ് ബി ജെ പി യുടെ പ്രമുഖ നേതാക്കന്മാരിലൊരാളായ മുപ്പവരപ്പ് വെങ്കയ്യ നായിഡു എന്ന എം. വെങ്കയ്യ നായിഡു. അസാധാരണമായ നേതൃശേഷിയും വ്യക്തിത്വവുമാണ് അദ്ദേഹത്തെ രാഷ്ട്രീയ വ്യത്യാസമില്ലാതെ ഏവര്‍ക്കുമിടയില്‍ ജനപ്രിയനാക്കിയത്.  
 
ആമുഖം വേണ്ടാത്ത നേതാവെന്ന വിശേഷണമായിരുന്നു ബി.ജെ.പി.യുടെ ദക്ഷിണേന്ത്യന്‍ മുഖമായ വെങ്കയ്യയെ ഉപരാഷ്ട്രപതിസ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നതിനിടെ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത്. നര്‍മവും ലാളിത്യവും ചേര്‍ന്ന ശൈലിയില്‍ മണിക്കൂറുകളോളം പ്രസംഗിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ലാത്ത വ്യക്തിയാണ് വെങ്കയ്യ.     
 
ഏതു ഭാഷയാണെങ്കിലും അതൊരു തടസ്സമല്ലാത്ത വ്യക്തികൂടിയാണ് അദ്ദേഹം. ഹിന്ദിക്കും ഇംഗ്ലീഷിനും തെലുങ്കിനും പുറമേ ഒരളവുവരെ തമിഴും വെങ്കയ്യയ്ക്ക് വഴങ്ങും.  മാത്രമല്ല കേരളത്തിന്റെ ഉള്‍ പ്രദേശങ്ങള്‍ പോലും അദ്ദേഹത്തിന് പരിചിതവുമാണ്. ശ്വാസം പോയാലും പ്രാസം പോകരുതെന്ന പഴയ ശൈലി വെങ്കയ്യയ്ക്കാണ് സമീപകാലത്ത് ചേരുക. 
 
ബി ജെ പി ക്ക് ദക്ഷിണേന്ത്യയില്‍ ഇന്ന് കാണുന്ന സ്വീകാര്യത ഉണ്ടാക്കുന്നതില്‍ വെങ്കയ്യയുടെ ഈ ശൈലി ഏറെ സഹായകമായിട്ടുണ്ടെന്നതാണ് വസ്തുത. കര്‍ശനമായ പാര്‍ട്ടി ബോധം നിലനിര്‍ത്തുമ്പോള്‍ത്തന്നെ സൗമ്യമായ പെരുമാറ്റത്തിലൂടെ പാര്‍ട്ടി ഭേദമില്ലാതെ സൗഹൃദം സ്ഥാപിച്ച നേതാവുകൂടിയാണ് വെങ്കയ്യ. 
 
ആര്‍എസ്എസിലൂടെയാണ് അദ്ദേഹം തന്റെ പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് എ ബി വി പി യിലൂടെ വിദ്യാര്‍ഥിനേതാവായി സജീവ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.ജയപ്രകാശ് നാരായന്റെ അഴിമതിവിരുദ്ധ സമരങ്ങള്‍ക്ക് ആന്ധ്രയില്‍ നേതൃത്വം നല്‍കിക്കൊണ്ടാണ് വെങ്കയ്യ ദേശീയതലത്തില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. 
 
അടിയന്തരാവസ്ഥ കാലത്ത് ജയിലിലടയ്ക്കപ്പെട്ട വെങ്കയ്യ, 1978ലും 1983ലും ആന്ധ്രാ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1998ല്‍ കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാംഗമായതോടെയാണ് വെങ്കയ്യ ദേശീയ രാഷ്ട്രീയത്തിന്റെ പടവുകള്‍ കയറിയത്. 2002 മുതല്‍ 2004 വരെ ബി ജെ പിയുടേ ദേശീയ അധ്യക്ഷനുമായിരുന്നു. 
 
1998 മുതല്‍ തുടര്‍ച്ചയായാണ് അദ്ദേഹം രാജ്യസഭാംഗമായി പ്രവര്‍ത്തിക്കുന്നത്. 1999ല്‍ വാജ്പേയി സര്‍ക്കാരില്‍ കേന്ദ്ര ഗ്രാമ വികസന മന്ത്രിയായിരുന്ന വെങ്കയ്യ, മോദി സര്‍ക്കാരിന്റെ ആദ്യ ഘട്ടത്തില്‍ പാര്‍ലമെന്ററികാര്യ മന്ത്രാലയത്തിന്റെയും നഗരവികസന മന്ത്രാലയത്തിന്റെയും ചുമതലയാണ് വഹിച്ചിരുന്നത്.
 
നിലവില്‍ നഗരവികസന മന്ത്രാലയത്തിനൊപ്പം തന്നെ വാര്‍ത്താവിനിമയ മന്ത്രാലയവും അദ്ദേഹം കൈകാര്യം ചെയ്യുന്നുണ്ട്. ആന്ധ്രയിലെ നെല്ലൂര്‍ ചവട്ടപാലെം സ്വദേശിയാണ് അദ്ദേഹം. ആന്ധ്ര സര്‍വകലാശാലയില്‍ നിന്നാണ് അദ്ദേഹം നിയമബിരുദം നേടിയത്. ഉഷയാണ് ഭാര്യ. രണ്ടു മക്കളാണ് അദ്ദേഹത്തിനുള്ളത്‍.
Next Article