മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയിലെ കോന്നി മണ്ഡലത്തില്‍ മത്സരിക്കാനൊരുങ്ങുന്നു. വി എസിനെതിരെ കോണ്‍ഗ്രസിലെ അടൂര്‍ പ്രകാശ് മത്സരിക്കുമെന്ന് സൂചന. വരുന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് തനിക്ക് മത്സരിക്കാന്‍ ഏറ്റവും സുരക്ഷിതമായ മണ്ഡലം കോന്നിയാണെന്ന് വി എസ് വിലയിരുത്തുന്നു.
കോന്നിയില്‍ മത്സരിച്ചാല്‍ വിജയസാധ്യത എത്രമാത്രമാണെന്ന് ഇന്‍റലിജന്‍സ് വഴി വി എസ് അന്വേഷണം നടത്തി. വി എസിന് ഏറ്റവും അനുകൂലമായ മണ്ഡലമാണ് കോന്നിയെന്നാണ് ഇന്‍റലിജന്‍സ് ഉന്നതര്‍ നല്‍കിയ റിപ്പോര്‍ട്ട്.
അടൂര്‍ പ്രകാശാണ് നിലവില്‍ കോന്നി എം എല്‍ എ. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും മണ്ഡലത്തില്‍ നിന്ന് വിജയിച്ചത് പ്രകാശാണ്. എ പത്മകുമാര്‍, കടമ്മനിട്ട രാമകൃഷ്ണന്‍, വി ആര്‍ ശിവരാജന്‍ എന്നീ പ്രബലരെയാണ് പ്രകാശ് തറപറ്റിച്ചിട്ടുള്ളത്. മാത്രമല്ല, ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ ഭക്‍ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിയായും അടൂര്‍ പ്രകാശ് മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. എന്നാല്‍ അടൂര്‍ പ്രകാശിനെ 15000 വോട്ടിനെങ്കിലും വി എസ് അച്യുതാനന്ദന് തോല്‍പ്പിക്കാന്‍ കഴിയുമെന്നാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്.
എതിരാളിയുടെ ശക്തി മാത്രമല്ല, സ്വന്തം പാര്‍ട്ടിയിലെ എതിര്‍ വിഭാഗത്തിന്‍റെ ശക്തി കൂടി കോന്നി മണ്ഡലത്തില്‍ വി എസ് അന്വേഷിച്ചിട്ടുണ്ട്. വി എസ് വിഭാഗത്തിന് മേല്‍ക്കോയ്മയുള്ള മണ്ഡലമാണ് കോന്നി. പത്തനംതിട്ട ജില്ല പൊതുവെ വി എസിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്.
ഈഴവ സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലം എന്ന നിലയിലും തനിക്ക് അനുകൂലമായ കാലാവസ്ഥ കോന്നിയിലുണ്ടെന്ന് വി എസ് കരുതുന്നു.